ബീന ആന്റണി
മലയാള ചലച്ചിത്ര സീരിയൽ നടി. എറണാംകുളം ജില്ലയിലെ മണ്ണൂമ്മലിൽ ആന്റണിയുടെയും ശോശമ്മയുടെയും മകളായി ജനിച്ചു. മണ്ണുമ്മൽ ഗാർഡിയൻ എയ്ഞ്ചൽസ് യു പി സ്കുളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെറിയ പ്രായത്തിൽതന്നെ നൃത്തത്തിലും അഭിനയത്തിലുമെല്ലാം താത്പര്യമുണ്ടായിരുന്ന ബീന പള്ളികളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. 1986-ൽ ഒന്നുമുതൽ പൂജ്യം വരെ എന്ന സിനിമയിൽ ഒരു ഗാനരംഗത്ത് അഭിനയിച്ചുകൊണ്ടാണ് ബീന ആന്റണി സിനിമാഭിനയത്തിന് തുടക്കമിടുന്നത്. തുടർന്ന് ഗോഡ് ഫാദർ, കനൽക്കാറ്റ്, യോദ്ധ..എന്നിവയുൾപ്പടെ. അൻപതിലധികം സിനിമകളിൽ അഭിനയിച്ചു. യോദ്ധയിൽ മോഹൻലാലിന്റെ സഹോദരിയായണ് ബീന ആന്റണി അഭിനയിച്ചത്.
സിനിമകളേക്കാൾ കൂടുതൽ ബീന ആന്റണിയെ പ്രശസ്തയാക്കിയത് സീരിയലുകളാണ്. 1990- കളുടെ തുടക്കത്തിൽ തന്നെ ബീന ആന്റണി ടെലിവിഷൻ സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങിയിരുന്നു. ദൂരദർശൻ സംപ്രേഷണം ചെയ്ത ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലാണ് കുടുംബ പ്രേക്ഷകർക്കിടയിൽ ബീന ആന്റണിയെ പ്രിയങ്കരിയാക്കിയത്. എന്റെ മാനസപുത്രി എന്ന ഏഷ്യാനെറ്റ് പരമ്പരയിലും മികച്ച വേഷം ചെയ്തു.. ആട്ടോഗ്രാഫ്, അമ്മക്കിളി, ആലിപ്പഴം, ഇന്ദ്രനീലം , ചാരുലത, ഓമനത്തിങ്കൾ പക്ഷി, നിറക്കൂത്ത്, ഇന്ദിര, ശ്രീ അയ്യപ്പനും വാവരും, മായാസീത, എന്റെ അല്ഫോൺസാമ്മ, കുഞ്ഞാലി മരക്കാർ, അർധചന്ദ്രന്റെ രാത്രി, ബട്ടർഫ്ലൈസ്, അഭിനേത്രി, സരയു, അമല, അമ്മ, കസ്തൂരിമാൻ, ഒരിടത്തൊരു രാജകുമാരി... എന്നിങ്ങനെ വിവിധ ചാനലുകളിലായി നിരവധി പരമ്പരകളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഗെയിം ഷോകളിലുമെല്ലാം ബീന ആന്റണി പങ്കെടുത്തിട്ടുണ്ട്.
അഭിനേതാവായ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം ചെയ്തിരിയ്ക്കുന്നത്. അവർക്ക് ഒരു മകനാണുള്ളത് പേര് ആരോമൽ. ആരോമലും അഭിനേതാവാണ്.