കപിൽ കപിലൻ

Kapil kapilan
Date of Birth: 
Saturday, 21 May, 1994
കപിൽ നായർ
കപിലൻ
ആലപിച്ച ഗാനങ്ങൾ: 19

സി ആർ മധുസൂദനൻ പിള്ളയുടെയും (റിട്ടയേഡ് പ്ലാനിംഗ് ബോഡ് സെലക്ഷൻ ഗ്രേഡ് ജോയിന്റ് ഡയറക്റ്റർ), രാധാമണിയമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് സ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കപിൽ അതിനുശേഷം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബി എസ് സി ഫിസിക്സിൽ ബിരുദം നേടി. അതിനുശേഷം ചെന്നൈയിലെ എ ആർ റഹ്മാൻ സ്ക്കൂളിൽ ഫൗണ്ടേഷൻ കോഴ്സ് ചെയ്തു. തുടർന്ന് സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ലോഞ്ച് എന്ന സ്ക്കൂളിൽനിന്നും സൗണ്ട് എഞ്ചിനീയറിംഗ് പഠിച്ചു. ചെറുപ്രായം മുതൽക്കുതന്നെ കപിൽ കർണ്ണാടിക് മ്യൂസിക് പഠിക്കാൻ തുടങ്ങിയിരുന്നു. ചെന്നൈയിലായിരുന്ന സമയത്ത് കുറച്ച് ഹിന്ദുസ്ഥാനി സംഗീതവും വെസ്റ്റ്റേൺ മ്യൂസിക്കും പഠിച്ചിട്ടുണ്ടായിരുന്നു.

സംഗീതത്തിൽ അച്ഛനായിരുന്നു കപിലിന്റെ  പ്രധാന ഗുരു. രതീഷ് , കൃഷ്ണകുമാർ എന്നീ ഗുരുക്കൻമാരിൽ നിന്നുമാണ് കർണാട്ടിക് സംഗീത പഠനം ആരംഭിച്ചത്. പിന്നീട് ഗായിക അനുരാധ ശ്രീറാമിന്റെ ഭർത്താവും സംഗീതജ്ഞനുമായ ശ്രീറാം, ഗായകൻ ശ്രീറാം പാർത്ഥസാരഥി എന്നിവരിൽ നിന്നും കപിൽ സംഗീതം അഭ്യസിച്ചു. 
കപിൽ തന്റെ കലാജീവിതത്തിന് തുടക്കമിടുന്നത് ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന മ്യൂസിക്ക് പ്രോഗ്രാമിലൂടെയാണ്. ആ റിയാലിറ്റി ഷോയിലെ സെമി ഫൈനൽ റൗണ്ട് വരെ കപിൽ എത്തിയിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ മാമന്റെ പരിചയത്തിലുള്ള ഒരു സംവിധായകന്റെ ചെന്നൈ കൂട്ടം എന്ന സിനിമയിൽ സാജൻ കെ റാം എന്ന സംഗീത സംവിധായകന്റെ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് കപിൽ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്.

ചെന്നൈയിൽ മ്യൂസിക് ലോഞ്ച് സ്കൂളിൽ പഠിക്കുന്ന സമയത്ത് കപിൽ ചില ഹിന്ദി, തമിഴ് കവർ സോംഗുകൾ ചെയ്തിരുന്നു. അവ കണ്ടിഷ്ടപ്പെട്ട പല സംഗീത സംവിധായകരും വിളിക്കുകയും സിനിമയിൽ പാടുവാനുള്ള അവസരങ്ങൾ കൊടുക്കുകയും ചെയ്തു. കന്നഡ, തെലുങ്ക്, സിനിമകളിൽ പാടിക്കൊണ്ട് കപിൽ സിനിമാ പിന്നണിഗാനരംഗത്ത് സജീവമായി. സംഗീത സംവിധായകൻ ദിപു നൈനാൻ തോമസുമായുള്ള സൗഹൃദമാണ് കപിലിന് സംഗീതരംഗത്ത് ഒരു നാഴികക്കല്ലായത്. ദിപുവിന്റെ സംഗീതത്തിൽ കപിൽ 'ബാച്ച്ലർ' എന്ന തമിഴ് സിനിമയിൽ പാടിയ "അടിയേ.. ''എന്ന ഗാനം വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ ഗാനങ്ങൾ ആലപിച്ചതിനുശേഷമാണ് കപിൽ മലയാള സിനിമയിൽ പാടുന്നത്. നൈറ്റ് ഡ്രൈവ്, ഭീഷ്മപർവ്വംപത്രോസിന്റെ പടപ്പുകൾ എന്നീ മലയാള സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇരുപതോളം സിനിമകളിൽ കപിൽ കപിലൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.