കനി കുസൃതി

Kani Kusruti

പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ, ലെനിൻ രാജേന്ദ്രന്റെ "അന്യർ" (2003) എന്ന സിനിമയിൽ ഒരു ചെറുവേഷം ചെയ്തുകൊണ്ടാണ് കനി കുസൃതി അഭിനയജീവിതം തുടങ്ങുന്നത്.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിയറ്റർ  പഠനത്തിലേയ്ക്ക് തിരിഞ്ഞ കനി,അഭിനയ തിയറ്റർ റിസർച്ച് സെന്റർ, ഫൂട്ട്സ്ബാൺ ട്രാവലിംഗ് തിയറ്റർ,നിരീക്ഷ വുമൺസ് തിയറ്റർ,Teatr Biuro Podrozy മുതലായ തിയറ്റർ ഗ്രൂപ്പുകളുടെ "ഇൻഡ്യൻ ടെമ്പെസ്റ്റ്","ബേണിംഗ് ഫ്ലവേഴ്സ്", "ഭഗവദ്ദജുകം", "കമല", "കള്ളൻ പവിത്രൻ", ലാസ് ഇൻഡ്യാസ്", "സിദ്ധാർത്ഥ" തുടങ്ങിയ ഒട്ടേറെ നാടകങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

2009ൽ "കേരളാ കഫേ" എന്ന ആന്തോളജി സിനിമയിലെ "ഐലൻഡ് എക്സ്പ്രസ്" എന്ന ഭാഗത്തിൽ സേബ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് കനി കുസൃതി സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. തുടർന്ന് "ശിക്കാർ", "കോക്ടെയിൽ","ഉറുമി","കർമയോഗി","നോർത് 24 കാതം" തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. 2014ൽ ധരണീധരൻ സംവിധാനം ചെയ്ത "ബർമ" എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി.

സാമൂഹികപ്രവർത്തകരായ മൈത്രേയൻ,ജയശ്രീ എന്നിവരാണ് മാതാപിതാക്കൾ. പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും തിയറ്റർ ആർട്ട്സിൽ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ ഫ്രാൻസിലെ പ്രശസ്തമായ ജാക് ലെകോക് തിയറ്റർ സ്കൂളിലും പഠിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസകാലത്ത് സംസ്ഥാന സംസ്കൃതോൽസവത്തിൽ കലാതിലകം ആയിരുന്നു.