ജോസി ആലപ്പുഴ
ഇൻസ്ട്രുമെന്റലിസ്റ്, കമ്പോസർ, സിങ്ങർ, മ്യൂസിക് അറേഞ്ചർ
ആലപ്പുഴ വട്ടയാലിൽ 1969 മെയ് 25 ന് പീറ്ററിനെയും റോസമ്മയുടെയും മകനായി ജനിച്ചു. ജോസിയുടെ അപ്പച്ചൻ ക്ലർക്ക് ആയി ജോലി ചെയ്തിരുന്ന വട്ടയാൽ സെന്റ് മേരീസ് സ്കൂളിലായിരുന്നു പഠനം. സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നു ജോസിയുടേത് . അച്ഛൻ മ്യൂസിഷ്യനും അമ്മ നല്ലൊരു ഗായികയും ആയിരുന്നു . ജോസിയുടെ സഹോദരങ്ങളും കലാരംഗത്ത് സജീവമാണ് . ജോസിയുടെ ആദ്യ ഗുരു ദേവസ്യ ആയിരുന്നു. അമ്മയുടെ ചേച്ചിയുടെ മകൻ ജോയ് ആലപ്പുഴ ആണ് ഈ രംഗത്തു വരാൻ ജോസിക്കു പ്രചോദനം ആയത്. ജോയ് ആലപ്പുഴയും സിനിമാ സംഗീതരംഗത്തുണ്ട്. ആലപ്പി സുരേഷ് എന്ന ഗായകനാണ് ആദ്യമായി ഫ്ലൂട്ട് വായിച്ചാൽ ശരിയാകുമെന്ന് പറഞ്ഞു ബിറ്റുകൾ കൊടുത്തത്. ഇവരെയെല്ലാം ഗുരുസ്ഥാനീയരാണ് ജോസിക്ക്. കലാപാരമ്പര്യമുള്ള കുടുംബം ആയതു കൊണ്ട് തന്നെ ചെറുപ്പം മുതൽ തന്നെ ക്വയറിലും മറ്റും സജീവമായിരുന്നു. ആദ്യം ക്ലാർനെറ്റ് ആണ് പഠിച്ചു തുടങ്ങിയത്. നാലാം ക്ലാസ് മുതൽ സംഗീത പഠനം ആരംഭിച്ചു. എട്ടാം ക്ലാസ്സിൽ എത്തിയപ്പോഴാണ് ക്ലാർനെറ്റ് കച്ചേരി നടത്തുന്നത്. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോഴേക്കും മ്യൂസിക് ആണ് തന്റെ ജീവിതമെന്നു തിരിച്ചറിഞ്ഞ ജോസി പതിയെ പതിയെ ഫ്ലൂട്ടിലും സാക്സോഫോണിലും സ്വയം പ്രവീണ്യം നേടി. നിരവധി നാടകങ്ങൾക്കും ബാലെകൾക്കും ഗാനമേളകൾക്കും ഒക്കെ വായിച്ച ശേഷം ആണ് റെക്കോർഡിങ് രംഗത്തേക്ക് വരുന്നത്.
ആലപ്പി വിവേകാനന്ദൻ, ഉദയകുമാർ അഞ്ചൽ എന്നിവർക്കൊപ്പം ശ്രീരാഗ് സ്റ്റുഡിയോയിൽ നിന്ന് ആയിരുന്നു തുടക്കം. ആ കാലഘട്ടത്തിൽ ആണ് ജോൺസൺ മാഷിന്റെ സംഗീതസംവിധാനത്തിൽ ഇറങ്ങിയ ഭൂതക്കണ്ണാടി എന്ന ചിത്രത്തിൽ വായിക്കുന്നത്.
ആദ്യ ചിത്രം ഭൂതകണ്ണാടി. തുടർന്ന് വിസ്മയം,ഗർഷോം, ഗുൽമോഹർ, ആറാം തമ്പുരാൻ, കളിയാട്ടം, നമ്മൾ, കണ്ണകി, ഞങ്ങൾ സന്തുഷ്ടരാണ്, കന്മദം, കരുമാടിക്കുട്ടൻ, ഇഷ്ടം, ദീപസ്തംഭം മഹാചര്യം, ക്ലാസ്സ്‌മേറ്റ്, കോഹിനൂർ, ബാച്ചലർ പാർട്ടി, മലർവാടി ആർട്സ് ക്ലബ്, അറബിക്കഥ, എന്നു നിന്റെ മൊയ്‌ദീൻ, ടേക്ക് ഓഫ്, പുലിമുരുകൻ, തിളക്കം, മകൾക്കു, പ്രണയം, പെരുമഴക്കാലം (റീ റെക്കോർഡിങ് ) ഇങ്ങനെ നീണ്ടു പോകുന്നു ആ ലിസ്റ്റ് . മരക്കാറിലും ജോസി തന്റെ സാന്നിധ്യം അറിയിച്ചു. കൈലാസ് മേനോന്റെ കൊത്ത് എന്ന സിനിമയിലെ ഗാനങ്ങളിലും ജോസി വായിച്ചു. പ്രശസ്തരായ മിക്ക സംഗീത സവിധായകരുടെ കൂടെയും സഹകരിക്കാൻ ജോസിക്കു കഴിഞ്ഞു. അതിൽ പഴയതും പുതിയതുമായ തലമുറയിലെ സംഗീതസംവിധായകർ ഉൾപ്പെടുന്നു. മോഹൻ സിത്താരക്ക് വേണ്ടിയാണ് കൂടുതലും പ്രവർത്തിച്ചിട്ടുള്ളത് . ജയവിജയ, എം കെ അർജ്ജുനൻ, വി ദക്ഷിണാമൂർത്തി, എം.ജി.രാധാകൃഷ്ണൻ, രഘുകുമാർ, ബോംബെ രവി, ദർശൻ രാമൻ, അജി സരസ്സ് , ജെർസൺ ആന്റണി, അനിൽ ജോൺസൺ, അൽഫോൻസ് ജോസഫ്, റെക്സ് ഐസക്, ഗോപി സുന്ദർ, ബിജിബാൽ,അലക്സ് പോൾ, സുമേഷ് പരമേശ്വർ, രാഹുൽ രാജ് തുടങ്ങിയവരുടെ കൂടെയൊക്കെ ജോസി പ്രവർത്തിച്ചിട്ടുണ്ട്. ആറാം തമ്പുരാനിലെ "ഹരിമുരളീരവം" ഒപ്പം എന്ന സിനിമയിലെ "മിനുങ്ങും മിന്നാമിനുങ്ങേ" തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. നാദിർഷയും അഫ്സൽ യൂസഫും സംഗീതം നൽകിയ എല്ലാ പാട്ടുകളിലും ജോസിയുടെ സാന്നിധ്യമുണ്ടായിരുന്നു .
നാലും ആറും പത്ത് എന്ന ചിത്രത്തിന് വേണ്ടി റീ റെക്കോർഡിങ്ങും ഒപ്പം പാടുകയും ചെയ്തു. കൊച്ചിയിലെ താരങ്ങൾ എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്. കാൻസർ രോഗികളുടെ ചികത്സക്ക് വേണ്ടി ജോസി സംഗീതം നൽകിയ "നന്ദി ദൈവമേ' എന്ന ഡിവോഷണൽ ആൽബവും ശ്രദ്ധ നേടിയിരുന്നു . ഗായകരായ സുദീപ് കുമാറിനെയും മിന്മിനിയെയും മാറ്റി നിർത്തിയാൽ ആ ആൽബത്തിൽ മുപ്പതോളം സംഗീത സംവിധായകർ ആണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് എന്നതാണ് അതിന്റെ പ്രത്യേകത.
മലയാളം കൂടാതെ തമിഴ് ,തെലുഗ്,കന്നഡ ,ഹിന്ദി ,മറാത്തി സിനിമകളിലും ജോസി ആലപ്പുഴ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ലക്ഷ്മി എന്ന തമിഴ് ചിത്രത്തിലെ ആല ആല എന്ന ഹിറ്റ് ഗാനത്തിനു പിറകിലും ജോസി ഉണ്ട്. എ.ആർ .റഹ്‌മാൻ നിർമ്മിച്ച് ശിവമണി സംഗീതം നൽകുന്ന പുതിയ ഹിന്ദി സിനിമയിലും ജോസി വായിച്ചിട്ടുണ്ട് . സ്വതന്ത്ര സംഗീതത്തോട് താല്പര്യമുള്ള ജോസി, ഒരു ഇന്റർനാഷണൽ പ്രൊജക്റ്റും ചെയ്യുന്നുണ്ട് . കൂടാതെ ജോ & ദി ബാൻഡ് എന്ന പേരിൽ ഒരു ഫ്യൂഷൻ ബാൻഡും ജോസിക്കുണ്ട് .
ഭാര്യ: ലിൻസി
മക്കൾ: അലീന,മിലീന.
ഫേസ്ബുക്ക് പ്രൊഫൈൽ