ജഗന്നാഥ വർമ്മ
ജനനം 1939 മെയ് 1ന് ചേർത്തല വാരനാട് ഗ്രാമത്തിൽ. അച്ഛൻ തെക്കേടത്ത് കോവിലകം കേരളം വർമ്മ. അമ്മ കാട്ടുങ്കൽ കോവിലകത്തെ അംബാലിക. മുറിയനാട്ട് സ്കൂൾ, ചേർത്തല ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം എം ജി കോളേജിൽ നിന്നും സുവോളജിയിൽ ബിരുദം നേടി. നാൽപ്പതോളം വർഷങ്ങളായി മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു ജഗന്നാഥ വർമ്മ. എ. ഭീം സിംഗ് സംവിധാനം ചെയ്ത1978 ൽ ഇറങ്ങിയ മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. തുടർന്ന് നക്ഷത്രങ്ങളേ സാക്ഷി,അന്തഃപ്പുരം, ശ്രീകൃഷ്ണപ്പരുന്ത്, ന്യൂഡെൽഹി തുടങ്ങി 180ൽ പ്പരം ചിത്രങ്ങളിൽ നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികൾ പങ്കിട്ടുണ്ട്. ചെണ്ട വിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ കീഴിൽ ചെണ്ടയിൽ പരിശീലനവും നേടിയിട്ടുണ്ട് . തന്റെ 74-ാം വയസ്സിൽ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു. കേരള പോലീസിൽ ഉദ്യോഗസ്ഥനായി ജോലി നോക്കിയിരുന്നു. രവീന്ദ്രനാഥ്, മല്ലീനാഥ്, സുരേന്ദ്രനാഥ്, പ്രഭാവതി എന്നിവർ സഹോദരങ്ങളാണ്. ഭാര്യ ത്രിശൂർ അഞ്ചേരിമഠത്തിലെ ശാന്ത വർമ്മ. സിനിമകളിലും സീരിയലുകളും സജീവമായ മനു വർമ്മ മകനാണ്. മകൾ പ്രിയ. സംവിധായകൻ വിജി തമ്പി മരുമകനാണ്. 2016 ഡിസംബർ 20ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ജഗന്നാഥ വർമ്മ അന്തരിച്ചു.
Image / Illustration - NANDAN