കെ കെ ചന്ദ്രൻ
തൃശൂര്‍ ആമ്പല്ലൂരില്‍ വട്ടണാത്രദേശത്ത് ശ്രീ കാളിയന് കൃഷ്ണനെഴുത്തച്ഛന്റെയും ലക്ഷ്മിയമ്മയുടെയും മകനായി 1948 ലാണ് മലയാള ചലച്ചിത്ര/ഡോക്യുമെന്ററി സംവിധായകനായ കെ.കെ. ചന്ദ്രൻ ജനിച്ചത്.
പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്ററി സ്കൂള്‍, പാലക്കാട് വിക്ടോറിയ കോളേജ്, പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പഠനശേഷം 1978 ൽ 'ആശ്രമം' എന്ന സിനിമ ചെയ്തുകൊണ്ട് സംവിധാനരംഗത്തെത്തിയ ഇദ്ദേഹം ഈ ഫീച്ചര്‍ഫിലിം കൂടാതെ ദൂരദർശനുവേണ്ടി കഥാന്തരം, മായാമാനസം, അനർഘം എന്നീ മൂന്നു സീരിയലുകളും നിരവധി സ്വതന്ത്ര ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ സൈലന്റ്വാലി എന്ന ഡോക്യുമെന്ററി നിരവധി വിദേശ മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. അതുപോലെ വെനീസ് ഫിലിം ഫെസ്റ്റിവലിലും ഇന്ത്യൻ പനോരമയിലും 'കുടമാളൂർ' എന്ന ഡോക്യുമെന്ററിയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അറിയപ്പെടുന്ന ചലച്ചിത്രാധ്യാപകൻ കൂടി ആയിരുന്ന ഇദ്ദേഹം ചലച്ചിത്രമാധ്യമവുമായി ബന്ധപ്പെട്ട പുരോഗമന പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. സിനിമ - ടെലിവിഷൻ പഠനകേന്ദ്രമായ സതേൺ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഐവാന്‍ ഡനിസോവിച്ചിന്റെ ഒരുദിവസം, പാലക്കാട് എന്ന ഗ്രാമം (ചെറുകഥ), സിനിമ എങ്ങനെ ഉണ്ടാകുന്നു, സിനിമയെക്കുറിച്ച്, സിനിമ, ക്യാമറ ഒബ്സ്കൂറ എന്നീ പുസ്തകങ്ങളുടെയും നിരവധി കവിതകളുടെയും നാടകങ്ങളുടെയും രചയിതാവും കൂടിയാണ്.
2014 മാർച്ച് 25 ആം തിയതി ഇദ്ദേഹംതന്റെ 66 ആം വയസ്സിൽ അന്തരിച്ചു. തങ്കമാണ് ഭാര്യ. ഹരികൃഷ്ണന് (അമൃത ടി.വി.), ആനന്ദ് കൃഷ്ണന് (മഴവില്‍ മനോരമ), ദേവദത്തന് (ടെക്നി കളര്‍) എന്നിവരാണ് മക്കൾ.