അനൂപ് ശങ്കർ

Anoop Sankar (singer)

ഗായകൻ 

ഒന്നര പതിറ്റാണ്ടിനുമേല്‍ ഗായകനായും ടെലിവിഷന്‍ ഷോകളില്‍ അവതാരകനായും ജഡ്ജ് ആയും നിറഞ്ഞു നില്‍ക്കുന്ന ആളാണ്‌ അനൂപ്‌ ശങ്കര്‍. 

2002 ൽ സൺ ടി വി സംഘടിപ്പിച്ച സപ്തസ്വരങ്ങളിൽ വിജയി ആയതോടു കൂടെ ആണ് സംഗീത രംഗത്ത് നിറ സാന്നിധ്യമായി അനൂപ് മാറുന്നത് .  ഇദ്ദേഹം ഉൾപ്പെടെ ഇരുപതോളം സംഗീതജ്ഞർ അണിനിരന്ന സംഗമം എന്ന പേരിൽ സംഘടിപ്പിച്ച നാൽപതു മണിക്കൂർ നീണ്ടു നിന്ന സംഗീതപരിപാടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. എസ് പി ബാലസുബ്രഹ്മണ്യം, ശങ്കർ മഹാദേവൻ, ഹരിഹരൻ, ചിത്ര തുടങ്ങി പ്രശസ്തരായ ഒട്ടുമിക്ക ഗായകരുടെയും  കൂടെ സംഗീത പരിപാടികളിൽ  പങ്കെടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. 

സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം ചേർന്ന് നൂറിലധികം പരസ്യങ്ങൾക്കും മറ്റും വരികൾ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട് അനൂപ്. വിദ്യാസാഗർ ഈണം നൽകിയ തങ്കക്കുട്ടാ എന്ന് തുടങ്ങുന്ന കൊച്ചിരാജാവിലെ ഗാനം ആലപിച്ചു കൊണ്ടാണ് മലയാള സിനിമാസംഗീതലോകത്തിലേക്ക് അനൂപ് കടന്നു വന്നത്. സുരാജ് വെഞ്ഞാറമൂടും രഞ്ജിനി ഹരിദാസും അഭിനയിച്ച കുരുത്തം കെട്ടവൻ എന്ന അനൂപ് ആലപിച്ച ഗാനം ശ്രദ്ധിക്കപ്പെട്ടു. കർമ്മയോഗി എന്ന മലയാള സിനിമയിലെ ചന്ദ്രചൂഢ എന്ന് തുടങ്ങുന്ന ശാസ്ത്രീയ സംഗീതം മികച്ച പ്രേക്ഷക പ്രശംസ നേടി. വിദ്യാസാഗർ കൂടാതെ ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ബിജിബാൽ തുടങ്ങിയവർക്ക് ഒപ്പവും  പ്രവർത്തിച്ച അനൂപ്, തമിഴ് സിനിമയിൽ എത്തുന്നത് യുവാൻ ശങ്കർ രാജയുടെ പാട്ട് പാടിക്കൊണ്ടാണ്. വാദ്ധ്യാർ എന്ന സിനിമയിൽ കാമിയോ റോളിൽ എത്തി തനിയ്ക്ക് അഭിനയവും വഴങ്ങും എന്ന് കാണിച്ചു തന്നു മോഡലിങ്ങ് രംഗത്ത് കൂടി കൈവെച്ചിട്ടുള്ള അദ്ദേഹം. കല്യാൺ സാരിസ്, വിശ്രാം ബിൽഡേഴ്‌സ്, ഗോദ്രേജ് തുടങ്ങിയവർക്ക് വേണ്ടി ആണ് മോഡലിംഗ് ചെയ്തിട്ടുള്ളത്.

അക്കാദമി ഓഫ് യൂണിവേഴ്സൽ മ്യൂസിക് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ക്രീയേറ്റീവ് ഹെഡ്ഡുമാണ് അനൂപ്. ഭാരതരത്ന ജേതാക്കൾ ആയ എ പി ജെ അബ്ദുൽകാലം, എം എസ് സുബ്ബലക്ഷ്മി, സച്ചിൻ തെൻഡുൽക്കർ തുടങ്ങിയവർക്ക് മുന്നിൽ പാടാൻ കഴിഞ്ഞത് ഇദ്ദേഹത്തിന് ലഭിച്ച അപൂർവ്വ നേട്ടങ്ങളിൽ ഒന്നായി കണക്കാക്കാം. എല്ലാ വർഷവും വ്യത്യസ്ത ഭാഷകളിലെ ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ചാരിറ്റബിൾ മ്യൂസിക് ഇവന്റ്റും അനൂപ് ചെയ്യുന്നുണ്ട് . 2019 ൽ പത്താം വാർഷികത്തിൽ, കാലിക്കറ്റ് മ്യൂസിക് സർക്കിൾ  ഫ്രട്ടെനിട്ടിക്ക് വേണ്ടി അനൂപിൻറെ നേതൃത്വത്തിൽ  ഇളയരാജയുടെ പാട്ടുകൾ  ചേർത്തു പതിനൊന്നു മണിക്കൂർ നടത്തിയ സംഗീത പരിപാടി, 'ഒരു സംഗീത സംവിധായകന്റെ മാത്രം ഗാനങ്ങൾ  ഉൾപ്പെടുത്തി ഏറ്റവും കൂടുതൽ സമയം നടത്തിയ പരിപാടി ' എന്ന നിലയിലും ശ്രദ്ധ നേടി. പ്രധാനമന്ത്രി നരേന്ദ്രമോദി, ഷാരൂഖ് ഖാൻ, തുടങ്ങി സമൂഹത്തിൽ ഉന്നതരായ പലർക്കും വേണ്ടിയും സംഗീത പരിപാടികൾ നടത്തുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിനിമ, കായിക മേഖലയിലെ പ്രശസ്തരെ ഉൾപെടുത്തി കല്യാൺ ജ്വല്ലേഴ്‌സ് ദീപാവലിയോട് അനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ അനൂപ് അവതരിപ്പിച്ച സംഗീതാർച്ചന വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 250 മില്ലിയണിൽ അധികം ആളുകൾ ആണ് ആ വീഡിയോ കണ്ടത്.

1979 മെയ് 22നു എ ടി ശങ്കറിന്റെയും സംഗീതജ്ഞയായ ലത ശങ്കറിന്റെയും മകനായി ജനിച്ചു. ആറ് വയസ്സ് മുതൽ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങി. പന്ത്രണ്ടു വർഷത്തോളം ചാലപ്പുറം പാപ്പായുടെ കീഴിൽ സംഗീതം അഭ്യസിച്ച അനൂപ് ഉന്നത പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും നെയ് വേലി സന്താനഗോപാലൻ എന്ന പ്രശസ്ത സംഗീതജ്ഞന്റെ കീഴിൽ സംഗീതപഠനം തുടരുകയും ചെയ്തു. പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ കീഴിൽ ആണ് ഇപ്പോൾ പഠിക്കുന്നത്. 

ഗായികയും ഗാനരചയിതാവുമായ വിജി വിശ്വനാഥൻ ആണ് ഭാര്യ .
ഫേസ്ബുക്ക് പേജ്  | യൂട്യൂബ് | ഇൻസ്റ്റഗ്രാം