തെസ്നി ഖാൻ
പ്രശസ്ത മജീഷ്യനായ അലിഖാന്റെയും റുഖിയയുടെയും മകളായി എറണാകുളത്ത് 1970 ഏപ്രിൽ 5 ആം തിയതിയാണ് തെസ്നി ഖാൻ ജനിച്ചത്.
ആദ്യ കാലങ്ങളിൽ പിതാവിന്റെ സഹായി എന്ന നിലയിൽ പല മാജിക് ഷോകളിലും തെസ്നി ഖാൻ പങ്കെടുത്തിരുന്നു. പിന്നീട് കൊച്ചിൻ കലാഭവനിൽ പഠിച്ചു.
ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട തെസ്നി ഖാൻ 1988 ൽ ഡെയ്‌സി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തിലെത്തി. ആദ്യകാലവേഷങ്ങൾ അധികവും കോമഡിയിൽ ആയിരുന്നെങ്കിലും പുതിയ സിനിമകളിൽ ശ്രദ്ധേയമായ റോളുകൾ കൈകാര്യം ചെയ്തുവരുന്നു. ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ കന്യകയും ട്രിവാണ്ട്രം ലോഡ്ജിലെ കന്യകാ മേനോൻ എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് , കൈരളിയിൽ ജഗപൊഗ, കൗമുദി ചാനലിൽ ഫൈവ് മിനിറ്റ് ഫൺ സ്റ്റാർ തുടങ്ങിയ ഷോകളിൽ ജഡ്ജ് ആയി പങ്കെടുത്ത ഇവർ നമ്മൾ തമ്മിൽ പോലുള്ള ടാക്ക് ഷോകളിലും പങ്കെടുത്തു.
സിനിമാ / ടെലിവിഷൻ, സ്റ്റേജ് ഷോകൾ എന്നിവയിൽ സജീവസാന്നിദ്ധ്യമായ ഇവർ 2020 ലെ മോഹൻലാൽ അവതാരകൻ ആയ ബിഗ് ബോസിലും പങ്കെടുത്തിരുന്നു.


