സുനിത

Sunitha

അഭിനേത്രി.

പാലക്കാട്ടുകാരിയായ വിദ്യാവേണുഗോപാൽ രാജസേനൻ സംവിധാനം ചെയ്ത കണികാണും നേരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രം ബോക്സോഫീസിൽ പാടേ പരാജയമായതോടെ 1989 ൽ പുറത്തിറങ്ങിയ മൃഗയ എന്ന ഐ.വി.ശശി ചിത്രത്തിൽ ‘സുനിത’ എന്ന പേരുമാറ്റത്തോടെ ഭാഗ്യലക്ഷി എന്ന കഥാപാത്രത്തിനു ആദ്യന്തം ജീവൻ നൽകി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. സുനിതയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും മൃഗയയിലേതായിരുന്നു.

തുടർന്ന് ഐ.വി.ശശി തന്നെ സംവിധാനം ചെയ്ത നീലഗിരി എന്ന മമ്മൂട്ടി ചിത്രത്തിൽ കോഴിക്കച്ചവടക്കാരിയായി വലിയ പ്രാധാന്യമൊന്നുമില്ലാത്ത റോളിൽ സുനിത അഭിനയിച്ചു. തുടർന്ന് ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത അപ്പു എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി സുനിത. ഈ ചിത്രവും വലിയ വിജമായില്ല. പിന്നീട് ഹരിദാസ് എന്ന സംവിധായകന്റെ കന്നിച്ചിത്രമായ ജോർജുകുട്ടി C/o ജോർജുകുട്ടിയിൽ ശ്രദ്ധേയമായ നായികാവേഷം അവതരിപ്പിക്കാൻ സുനിതയ്ക്ക് അവസരം ലഭിച്ചു.

തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ മുകേഷ്, സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരുടെ ചെറുചിത്രങ്ങളിൽ നായികയായി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഗജകേസരിയോഗം, മിമിക്സ് പരേഡ്, മുഖചിത്രം, കാസർകോഡ് കാദർഭായി, മുഖമുദ്ര എന്നിവ അവയിൽ ചിലതാണ്. ഈ ചിത്രങ്ങളൊക്കെ സാമാന്യം നല്ല ഇൻഷ്യൽ നേടിയവായിരുന്നു. എങ്കിലും രണ്ടാം നിരയിൽ തന്നെ സുനിതയ്ക്കു തുടരേണ്ടി വന്നു. സൗഭാഗ്യം എന്ന ചിത്രത്തിലും സവിധത്തിലും സുനിത ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്. സ്നേഹസാഗരം, പൂക്കാലം വരവായി, നന്ദിനി ഓപ്പോൾ, പൂച്ചയ്ക്കാര്‌ മണികെട്ടും, സമൂഹം എന്നീ ചിത്രങ്ങളിലും ഇവർ മികച്ച പ്രകടനം നടത്തി.

ഒൻപതു വർഷക്കാലം സിനിമയിൽ സജീവമായിരുന്ന സുനിത തമിഴ്, തെലുങ്കടക്കം അൻപത്തഞ്ചോളം സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. 1996 ൽ പുറത്തിറങ്ങിയ കളിവീടെന്ന ചിത്രത്തിലെ ജഗദീഷിന്റെ ഭാര്യയായ ഊർമ്മിള എന്ന കഥാപാത്രമാണ് അവസാനം ചെയ്തത്. വിവാഹ ശേഷം ഭർത്താവിനും കുട്ടികൾക്കുമൊപ്പം വിദേശത്ത് താമസിക്കുന്നു.