പ്രസീത

Praseetha

പുരുഷന്മാൻ സജീവമായിരുന്ന മിമിക്രി വേദികളിലേക്ക്, നടന്മാരെ അനുകരിച്ചു കൊണ്ട് കടന്നു വന്ന ആദ്യത്തെ കലാകാരിയെന്ന പദവി ഒരുപക്ഷേ പ്രസീതയ്ക്കു സ്വന്തമായിരിക്കും. ക്രിമിനൽ വക്കീലായിരുന്ന അഡ്വ: കെ എസ് ഗോപാലകൃഷ്ണന്റെ നാല് മക്കളിൽ ഇളയ മകളായി ജനനം. ആകസ്മികമായി ഒരു ബാലതാരമായി സിനിമയിലേക്ക് കടന്നു വന്നു. ബന്ധു കൂടിയായ നടി കാർത്തികയ്ക്കൊപ്പം ഷൂട്ടിങ്ങ് ലൊക്കേഷനിൽ പോയത് മാത്രമായിരുന്നു പ്രസീതയ്ക്ക് സിനിമയുമായുള്ള ബന്ധം. വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛനൊപ്പം അവധിക്കാലത്ത് കേരളത്തിലെത്തിയ അവസരത്തിലായിരുന്നു  മൂന്നാംമുറ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം. സെവൻ ആർട്ട്സ് എന്ന നിർമ്മാണ കമ്പനിയുമായി പ്രസീതയുടെ കുടുംബത്തിനുണ്ടായിരുന്ന ബന്ധമാണ് അവരെ സിനിമയിലെത്തിച്ചത്. പിന്നീട് വിദേശ വാസം മതിയാക്കി നാട്ടിൽ താമസമാക്കിയപ്പോൾ, പഠനത്തിനൊപ്പം അഭിനയവും തുടർന്നു. അഭിനയത്തിനും അനുകരണത്തിനും പ്രസീതയ്ക്ക് ഒരു ഗുരുവുണ്ടായിരുന്നില്ല. വൈശാലി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിൽ മിമിക്രി ചെയ്തതായിരുന്നു അവരുടെ ആദ്യത്തെ സ്റ്റേജ് പെർഫോർമൻസ്. അന്ന് പ്രേം നസീറിനെ അനുകരിച്ച് ഏവരുടെയും കയ്യടി നേടിയ അവർ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ് എന്നിവരെയാണ് പ്രധാനമായും അനുകരിച്ചിരുന്നത്. കലൂർ സെവൻത് ഡേ സ്കൂളിൽ പത്താം തരം വരെ പഠിച്ച പ്രസീത, പ്രീഡിഗ്രിയും ഡിഗ്രിയും സെന്റ്‌ തെരേസാസിൽ നിന്നും പൂർത്തിയാക്കി. ആ കാലത്ത് പല ട്രൂപ്പുകളിൽ നിന്നും ക്ഷണം ലഭിച്ചുവെങ്കിലും പഠനത്തെ ബാധിക്കുമെന്നതിനാൽ പോയില്ല. പ്രീഡിഗ്രി കാലത്ത് അനുകരണ കലാരംഗത്ത് തിളങ്ങി നിന്നിരുന്ന അവസരത്തിലാണ് സിനിമാലയുടെ ഭാഗമായി അവർ മാറിയത്. ദൂരദർശനിലെ മോഹപ്പക്ഷികൾ എന്ന സീരിയലിലും അവർ അഭിനയിച്ചു. പിന്നീട് ബാംഗ്ലൂരിൽ നിയമ പഠനത്തിനു ചേർന്നു. അനുകരണം പലപ്പോഴും ഡബ്ബിംഗിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതും, അഭിനയത്തെ ഗൗരവത്തോടെ സമീപിച്ച് തുടങ്ങിയതും മിമിക്രിയിൽ നിന്നും പതിയെ അകലുവാൻ കാരണമായി. പഠനത്തിനു ശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്ന അവസരത്തിൽ, സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനായിരുന്ന അഭിലാഷിനെ വിവാഹം കഴിച്ചു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മാറുകയും ഡൽഹിയിൽ താമസമാക്കുകയും ചെയ്തു. ഒരു മകൻ, അർണവ്. ഭർത്താവുമായി പിന്നീട് വേർപിരിഞ്ഞു. 2005 മുതൽ കേരള ഹൈക്കോടതിയിലെ കോർപ്പറേറ്റ് അഫയേഴ്സ് കൈകാര്യം ചെയ്യുന്ന വക്കീലായി ജോലി ചെയ്യുന്നു. അതിനിടയിൽ ചേട്ടായീസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നു.