അനീഷ് ഗോപാൽ
പോസ്റ്റർ ഡിസൈനറും അഭിനേതാവുമാണ് അനീഷ് ഗോപാൽ. സെക്കന്റ് ഷോ എന്ന സിനിമയിലെ വികടൻ എന്ന കഥാപാത്രമായിക്കൊണ്ടാണ് അനീഷ് ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്.ഗ്രാഫിക് ഡിസൈൻ കോഴ്സ് കഴിഞ്ഞ് എറണാംകുളത്ത് ജോലി സംബന്ധമായി എത്തിയപ്പോളാണ് സെക്കൻഡ് ഷോ സിനിമയുടെ എഴുത്തുകാരൻ വിനി വിശ്വലാലുമായി പരിചയപ്പെടുന്നത്. ആ പരിചയമാണ് സിനിമയിൽ അഭിനയിക്കുന്നതിന് അനീഷിന് അവസരം തുറന്നു കൊടുത്തത്. ഗ്രാഫിക്ക് ഡിസൈനറായ അനീഷ് ആദ്യ സിനിമമുതൽക്കു തന്നെ യെല്ലോ ടൂത്ത് എന്ന പേരിൽ ഒരു പോസ്റ്റർ ഡിസൈൻ കമ്പനി തുടങ്ങിയിരുന്നു. പോസ്റ്റർ ഡിസൈനിംഗിലാണ് സജീവമായി സിനിമാ പ്രവർത്തനം തുടങ്ങുന്നത്.
കൂതറ, അഞ്ച് സുന്ദരികൾ , എന്ന് നിന്റെ മൊയ്തീൻ എന്നിവയുൾപ്പടെ നിരവധി സിനിമകളൂടെ പോസ്റ്റർ ഡിസൈൻ ചെയ്ത അനീഷ് ഗോപാൽ നിരവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. തീവണ്ടി എന്ന ചിത്രത്തിൽ അനീഷ് ചെയ്ത സഫർ എന്ന കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ അദ്ദേഹത്തിന് സിനിമയിൽ പ്രാധാന്യമേറിയ വേഷങ്ങൾ ലഭിയ്ക്കാൻ തുടങ്ങി. നിഴൽ എന്ന ചിത്രത്തിൽ അനീഷ് അവതരിപ്പിച്ച ഷാഡോ പോലീസ് പ്രേക്ഷക പ്രീതിനേടി.