മിയ ജോർജ്ജ്
Miya George
മലയാള ചലച്ചിത്ര നടി. 1992 ജനുവരിയിൽ കോട്ടയം പാല സ്വദേശികളായ ജോർജ്ജിന്റെയും മിനിയുടെയും മകളായി മഹാരാഷ്ട്രയിലെ താനെ - ഡോംബിവില്ലിയിൽ ജനിച്ചു. ജിമി ജോർജ്ജ് എന്നാണ് യഥാർത്ഥ പേര്. മിയയുടെ അഞ്ചാമത്തെ വയസ്സിൽ കോട്ടയം പാലയിലേയ്ക്ക് അവരുടെ ഫാമിലി താമസം മാറ്റി. മിയ ജോർജ്ജിന്റെ പ്രാഥമിക വിദ്യാഭ്യാസം ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു. പാല അൽഫോൻസ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡിഗ്രിയും, സെന്റ് തോമസ് കോളേജിൽ നിന്നും മാസ്റ്റർ ഡിഗ്രിയുമെടുത്തു.
അൽഫോൻസാമ്മ എന്ന സീരിയലിലിൽ സപ്പോർട്ടിംഗ് റോൾ ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് കുഞ്ഞാലി മരക്കാർ എന്ന സീരിയലിലും അഭിനയിച്ചു. 2012-ൽ മിസ് കേരള ഫിറ്റ്നസ് ആയി മിയ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ രാജസേനനാണ് മിയക്ക് സിനിമയിൽ അവസരം കൊടുക്കുന്നത്. 2010- ൽ രാജസേനൻ സംവിധാനം ചെയ്ത ഒരു സ്മാൾ ഫാമിലി- യിൽ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു മിയയുടെ ചലച്ചിത്ര മേഖലയിലേയ്ക്കുള്ള ചുവട് വെപ്പ്. 2011- ൽ ഡോക്ടർ ലൗ, ഈ അടുത്ത കാലത്ത് എന്നീ സിനിമകളിലും അഭിനയിച്ചു. 2012-ൽ ഇറങ്ങിയ ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ നായികയാകുന്നത്. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോന്റെ ഭാര്യയായുള്ള മിയയുടെ അഭിനയം നിരൂപക പ്രശംസ പിടിച്ചു പറ്റി. ജിമി ജോർജ്ജ് എന്ന പേര് മാറ്റി മിയ ജോർജ്ജ് എന്നാക്കുന്നത് ചേട്ടായീസിന്റെ അണിയറ പ്രവർത്തകരാണ്. 2013-ൽ പൃഥ്വിരാജിന്റെ നായികയായി മെമ്മറീസ് എന്ന സിനിമയിലും, കുഞ്ചാക്കോ ബോബന്റെ നായികയായി വിശുദ്ധൻ എന്ന സിനിമയിലും അഭിനയിച്ചു. വിശുദ്ധനിൽ കന്യാസ്ത്രീയായുള്ള മിയയുടെ അഭിനയം നിരൂപക പ്രശംസയും, പ്രേക്ഷക പ്രീതിയും ഒരുപോലെ നേടി.
മിയയുടെ തമിഴിലേയ്ക്കുള്ള പ്രവേശനം Amara Kaaviyam എന്ന സീനിമയിൽ നായികയായിക്കൊണ്ടായിരുന്നു. അമരകാവ്യത്തിലെ അഭിനയം 2015-ലെ TNSFA അവാർഡിന് മിയയെ അർഹയാക്കി. തുടർന്ന് Indru Netru Naalai എന്ന ചിത്രം ഉൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. Ungrala Rambabu എന്ന തെലുങ്കു ചിത്രത്തിലും മിയ അഭിനയിച്ചിട്ടുണ്ട്.