നന്ദു കർത്ത
കൊച്ചി സ്വദേശി. യഥാർത്ഥ നാമം ആർ നന്ദകുമാർ. ഗായകനും സംഗീതജ്ഞനുമാണ്. എംഎഎ ഇഎംഎച്ച്എസ് (MAMEMHS ) പുത്തൻകുരിശ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സംഗീതത്തിൽ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും ബിരുദവും, തൃപ്പുണിത്തുറ ആർ എൽ വി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. 2004 ൽ രവീന്ദ്രൻ മാസ്റ്ററുടെ കമ്പോസിംഗ് അസിസ്റ്റന്റായിട്ടായിരുന്നു സിനിമയിൽ തുടക്കം. 'ഇഡിയറ്റ്സ്', ബ്ലാക്ക്ഫോറെസ്റ്റ്, കുട്ടീം കോലും, ബോംബെ മിട്ടായി, 'ഉത്തരം പറയാതെ', ഓവർടെയ്ക്ക് എന്നീ സിനിമകളുടെ പശ്ചാത്തല സംഗീതവും, ഇഡിയറ്റ്സിലേയും ഉത്തരം പറയാതെ-യിലെയും ഗാനങ്ങൾക്കും സംഗീതം പകർന്നിരുന്നു. നിരവധി പരസ്യ ചിത്രങ്ങൾക്കും ആൽബങ്ങൾക്കും, ഒട്ടനവധി ടിവി സിഗ്നെയ്ച്ചർ റ്റ്യൂണുകൾക്കും സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. സംഗീത സംബന്ധിയായ നിരവധി മേഖലകളിൽ ജോലി നോക്കുന്ന നന്ദു കർത്ത, പ്രധാനമായും ചെയ്യുന്നത് മ്യൂസിക് അറേയ്ഞ്ചിങ്/ പ്രോഗ്രാമിംഗുമാണ്. ആകാശവാണി കൊച്ചി നിലയത്തിൽ 'രാഗലയം' എന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ബോധി സൈലെന്റ് സ്കെയ്പ്പ് എന്ന റിക്കോർഡ് ലേബലിൽ പങ്കാളിയാണ്. തിരികെ ഞാൻ, മഴവില്ലിൻ നീലിമ കണ്ണിൽ, പ്രേമിക്കുമ്പോൾ, ആലിലയും കാറ്റലയും, പടിയിറങ്ങുന്നു തുടങ്ങി നിരവധി ഗാനങ്ങളുടെ പ്രോഗ്രാമിംഗ് ചെയ്തിട്ടുമുണ്ട്. ഭാര്യ സീത നന്ദകുമാർ.