ഡോ. റോണി ഡേവിഡ്

Dr.Rony David

മലയാള ചലച്ചിത്ര നടൻ.  തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം എം ജി കോളേജിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞ റോണി സേലം വിനായക കോളേജിൽ നിന്നും എം ബി ബി എസ് കഴിഞ്ഞു. പഠിയ്ക്കുന്ന കാലത്തുതന്നെ കലാപ്രവർത്തനങ്ങളിൽ തത്പരനായിരുന്നു. പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുന്ന സമയത്ത് ജി ശങ്കരപ്പിള്ളയുടെ ഉമ്മാക്കി എന്ന നാടകത്തിൽ ഉമ്മാക്കി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കേരള സർവ്വകലാശാലയിലെ രണ്ടാമത്തെ മികച്ച നടനായി റോണി ഡേവിഡ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എം ബി ബി എസ് കഴിഞ്ഞ് കുറച്ചുകാലം ചെന്നൈയിലും സൗദി അറേബ്യയിലും റോണി ജോലി ചെയ്തിട്ടുണ്ട്

റോണി ഡേവിഡ് ആദ്യമായി അഭിനയിയ്ക്കുന്നത് കമൽ സംവിധാനം ചെയ്ത പച്ചക്കുതിര എന്ന ചിത്രത്തിലായിരുന്നു. തുടർന്ന് ചോക്ക്ലേറ്റ് എന്ന സിനിമയിലും ചെറിയൊരു വേഷത്തിൽ അഭിനയിച്ചു. 2008-ൽ മേജർ രവി - മോഹൻലാൽ ചിത്രമായ കുരുക്ഷേത്രയിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് റോണി ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് ഡാഡികൂൾ, ആഗതൻ, ചട്ടമ്പിനാട്, ട്രാഫിക്.. എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 2016-ൽ ഇറങ്ങിയ ആനന്ദം ആണ് റോണി ഡേവിഡിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. തുടർന്ന് തൃശ്ശിവപ്പേരൂർ ക്ളിപ്തം, ടെയ്ക്കോഫ്, ഗ്രേറ്റ് ഫാദർ,ഉണ്ട.. എന്നീ സിനിമകളിലും റോണി ഡേവിഡ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 

റോണി ഡേവിഡിന്റെ ഭാര്യ അഞ്ജു ഡെന്റിസ്റ്റാണ്. രണ്ടു മക്കൾ ജൊവാൻ,നോഹ

 

 

 

.