നിത്യ മാമ്മൻ

Nithya Mammen
ആലപിച്ച ഗാനങ്ങൾ: 13

ശ്രേയ ഘോഷാലിന് വേണ്ടി ട്രാക്ക് പാടാൻ നിയോഗിക്കപ്പെടുകയും തൻ്റെ ആലാപനമികവ് കൊണ്ട് സംഗീത സംവിധായകനെ സ്വാധീനിക്കുകയും ആ വേർഷൻ തന്നെ സിനിമയിൽ ഉൾപ്പെടുത്തുകയും  ചെയ്ത കഥയാണ് നിത്യാ മാമ്മൻ എന്ന യുവഗായികയ്ക്ക് പറയാൻ ഉള്ളത്. എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലെ ' നീ ഹിമമഴയായ് വരൂ..' എന്ന ഗാനം പാടി സിനിമയിൽ പ്രവേശിച്ച നിത്യ ആദ്യ ഗാനം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കി.

തൊട്ടുപിറകെ തന്നെ സൂഫിയും സുജാതയും എന്ന ചിത്രത്തിൽ വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനവും സൂപ്പർ ഹിറ്റാവുകയും ചെയ്തതോടെ വിരലിൽ എണ്ണാവുന്ന ഗാനം മാത്രം പാടിയ ഈ ഗായികയ്ക്ക് വലിയ താരമൂല്യം തന്നെ കൈവന്നു. ഇതേ ഗാനത്തിന് 2020 സംസ്ഥാന പുരസ്കാരം കൂടി തേടിയെത്തിയത് കരിയറിന് ഒരു ഉഗ്രൻ തുടക്കം ആണ് നൽകിയിരിക്കുന്നത്.

ഖത്തറിൽ ജനിച്ചു വളർന്ന നിത്യ പള്ളി ക്വയറിലൂടെയാണ് പാടി തുടങ്ങിയത്. ആറാം ക്ലാസ് മുതൽ സീതാകൃഷ്ണൻ എന്ന അധ്യാപികയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു തുടങ്ങി. ഖത്തറിലെ പ്രവാസി കൂട്ടായ്മകളിലെ പരിപാടികളിൽ പാടാൻ ഉള്ള അവസങ്ങൾ ധാരാളം ലഭിച്ചിരുന്നു. എം ഇ എസ് ഇന്ത്യൻ സ്കൂളിൽ ആയിരുന്നു നിത്യ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ബാംഗ്ലൂരിൽ ആർക്കിടെച്വർ ബിരുദപഠന കാലത്ത് കുറച്ചുകൂടി ഗൗരവമായി ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങി. പർണാളി ബിശ്വാസ്, ശ്രീയാനന്ദ് എന്നിവർ ആയിരുന്നു ഗുരുക്കന്മാർ.

നിത്യയുടെ ഒരു ലൈവ് പെർഫോർമൻസ് കാണാൻ ഇടയായ സംഗീത സംവിധായകൻ കൈലാസ് മേനോൻ്റെ അമ്മ ആണ് നിത്യയെ ശ്രദ്ധിക്കുന്നതും അക്കാര്യം മകനോട് സൂചിപ്പിക്കുന്നതും. അങ്ങനെ ആണ് നിത്യയുടെ സിനിമാ പ്രവേശം സാധ്യമായത്.

എസിവി ചാനൽ നടത്തിയ ഒരു അവാർഡ് നൈറ്റിൽ വെച്ചാണ് എം ജയചന്ദ്രൻ നിത്യയെ ശ്രദ്ധിക്കുന്നതും അത് സൂഫിയും സുജാതയും സിനിമയിൽ പാടാൻ അവസരം നൽകുന്നതിലേക്ക് വഴിയൊരുക്കുന്നതും.

ഉത്തരേന്ത്യൻ സംഗീതജ്ഞൻ അർജിത്ത് സിംഗിൻ്റെ വലിയൊരു ആരാധികയായ നിത്യ നിലവിൽ എറണാകുളത്ത് താമസിക്കുകയും ശ്രീ ബേണിയുടെ ( ബേണി - ഇഗ്നേഷ്യസ്) കീഴിൽ ഹിന്ദുസ്ഥാനി പഠനം തുടരുകയും ചെയ്യുന്നു. ഫേസ്ബുക്ക്