മേനക സുരേഷ് കുമാർ
തെന്നിന്ത്യൻ ചലച്ചിത്ര നടി. രാജഗോപാലിന്റെയും സരോജയുടെയും മകളായി തമിഴ് നാട്ടിലാണ് മേനക ജനിച്ചത്. 1980 ൽ "രാമായി വയസ്സുക്ക് വന്താച്ച്" എന്ന തമിൾസിനിമയിലൂടെയായിരുന്നു മേനകയുടെ തുടക്കം. അതിനുശേഷം കെ എസ് സേതുമാധവന്റെ "ഓപ്പോൾ" എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെത്തി. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി 120 ഓളം സിനിമകളിൽ അഭിനയിച്ചു. അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും മലയാളത്തിലായിരുന്നു. പ്രേംനസീർ അടക്കമുള്ള മുൻനിര നായകന്മാരുടെ നായികയായി മേനക അഭിനയിച്ചിട്ടുണ്ടെങ്കിലും, ശങ്കറിനോടൊപ്പം അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.
സിനിമാനിർമ്മാതാവായ സുരേഷ്കുമാറിനെയായിരുന്നു മേനക വിവാഹം ചെയ്തത്. 1987ൽ ആയിരുന്നു അവരുടെ വിവാഹം. വിവാഹശേഷം സിനിമയിൽനിന്നും മാറിനിന്ന മേനക ഒരുനീണ്ട ഇടവേളയ്ക്കുശേഷം ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നത്. 2011ൽ ലിവിംഗ്റ്റുഗതർ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമായി. മേനക പതിനഞ്ചോളം സിനിമകളുടെ നിർമ്മാതാവുകൂടിയാണ്. രേവതി കലാമന്ദിർ എന്ന ബാനറിൽ "അച്ഛനെയാണെനിക്കിഷ്ടം" എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് മേനക സിനിമാനിർമ്മാണ രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. മേനക - സുരേഷ് ദമ്പതികൾക്ക് രണ്ടുമക്കളാണ്. രേവതി സുരേഷ്, പ്രശസ്ത ചലച്ചിത്രതാരം കീർത്തി സുരേഷ്.