ഭാമ
കോട്ടയം ജില്ലയിലെ മണർകാട്ട് ഗോപീസദനത്തിൽ പരേതനായ ശ്രീ രാജേന്ദ്ര കുറുപ്പിന്റെ മകളായി 1988 മെയ് 23നു ജനനം. രണ്ടു ചേച്ചിമാർ. രഖിത എന്നായിരുന്നു യഥാർത്ഥ പേര്. പിന്നീട് സിന്നു ഭാമ. നിവേദ്യത്തിലേക്കു പുതുമുഖ നായികയെ അന്വേഷിക്കുകയായിരുന്ന സംവിധായകൻ ലോഹിതദാസ് കൈരളി ചാനലിലെ താലി എന്ന് പരിപാടിയുടെ ഒരു എപിസോഡ് കണ്ടാണ് ആ ചിത്രത്തിലേക്ക് ഭാമയെ കാസ്റ്റ് ചെയ്തത്. നിവേദ്യത്തിലെ പപ്പടം സത്യഭാമ എന്ന കഥാപാത്രം ഭാമയ്ക്ക് മലയാളത്തിലും തുടർന്ന് കന്നഡ, തമിഴ് തെലുങ്ക് ചിത്രങ്ങളിലും ധാരാളം അവസരങ്ങൾ നേടിക്കൊടുത്തു.
രണ്ടാമത്തെ ചിത്രം 2007 ൽ പുറത്തിറങ്ങിയ, വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ എന്ന നിഷ്കളങ്കൻ. ഇന്ദ്രജിത്തായിരുന്നു ഇതിൽ ഭാമയുടെ നായകൻ. തുടർന്ന് സൈക്കിൾ, പൃഥിരാജിന്റെ നായികയായി വൺവേടിക്കറ്റ്, സ്വപ്നങ്ങളിൽ ഹസൽ മേരി, ദിലീപിന്റെ നായികയായി കളേഴ്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. നിവേദ്യത്തിലെ അഭിനയത്തിനു പുതുമുഖ നടിക്കുള്ള സത്യൻ മെമ്മോറിയൽ പുരസ്കാരം ലഭിച്ചു. ആ ചിത്രത്തിനു തന്നെ ഫിലിം ക്രിടിക്സ് അവാർഡ്, സൈക്കിളിലെ അഭിനയത്തിനു ഏറ്റവും നല്ല ജോടിക്കുള്ള അമ്മ അവാർഡ്, ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിനു ഏറ്റവും നല്ല ജോടിക്കുള്ള മാതൃഭൂമി – അമൃത അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
ഒരു ബ്ലാക് & വൈറ്റ് കുടുംബം, സകുടുംബം ശ്യാമള, ജനപ്രിയൻ, നീലംബരി, സെവൻസ്, കൂട്ടുകാർ, ഹാപ്പി ഹസ്ബെൻഡ്സ് ഇൻ ഗോവ എന്നിവയാണ് മറ്റു ചിത്രങ്ങൾ. മോദലശാല, ശൈലൂ, ഒന്ദു ക്ഷണദല്ലി എന്നീ കന്നഡ ചിത്രങ്ങളിലും സേവർകൊടി, എല്ലാം അവൻ സെയ്യാൽ എന്നീ തമിഴ് ചിത്രങ്ങളിലും ഭാമ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.