അഷ്റഫ് ഗുരുക്കൾ

Ashraf Gurukkal

പ്രൊഡക്ഷൻ കൺട്രോളർ, സംഘട്ടന സംവിധായകൻ, അഭിനേതാവ്. 1950 മെയ് 7 ന് തൃശ്ശൂർ ജില്ലയിലെ അഴീക്കോട് കുഞ്ഞു മുഹമ്മദിന്റെയും കുഞ്ഞിത്താച്ചിയുടെയും മകനായി ജനിച്ചു. അഴീക്കോട് ഗവണ്മെന്റ് യു പി സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആറാം ക്ലാസുവരെ മാത്രമേ അദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചുള്ളൂ. 1972 മുതൽ 1979 വരെ ഏഴ് വർഷം അഷറഫ്  കടത്തനാട് കളരി സംഘത്തിൽ നിന്നും കളരിപ്പയറ്റ് അഭ്യസിച്ചു. പിന്നീട് കളരി പഠിയ്പ്പിയ്ക്കുന്ന ഗുരുക്കളായി.

അഷറഫ് ഗുരുക്കളുടെ നാട്ടുകാരനും സംവിധായകനുമായ കമൽ അദ്ദേഹം സംവിധാനം ചെയ്യുന്ന പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയിൽ കളരി അഭ്യാസമുറകൾ കാണിച്ചുകൊടുക്കാൻ വിളിച്ചു. അങ്ങിനെ ആ സിനിമയിലെ ആക്ഷൻ രംഗങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തി. തുടർന്ന് നാൽപ്പതിലധികം സിനിമകളിൽ അഷ്ഗറഫ് ഗുരുക്കൾ സംഘട്ടന സംവിധാനം നിർവഹിച്ചു. രഞ്ജിത്,  ഷാജി പട്ടിക്കര, ബാദുഷ, തുടങ്ങി എല്ലാ നിർമാണ നിയന്ത്രകരും, മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, മഞ്ജു വാരിയർ, ജയറാം  തുടങ്ങിയ അഭിനേതാക്കളുമുൾപ്പെടെ സിനിമാരംഗത്തുള്ള നിരവധി പേരുമായി സൌഹൃദം പുലർത്തുന്ന അഷറഫ് ഗുരുക്കൾ സിനിമകളുടെ നിർമ്മാണ നിയന്ത്രകനും അഭിനേതാവുമൊക്കെയായി മാറി. ജോഷി സംവിധാനം ചെയ്ത കവാടം എന്ന സിനിമയിലൂടെയാണ് ഗുരുക്കൾ ആദ്യമായി പ്രൊഡക്ഷൻ കൺട്രോളർ ആകുന്നത്. ഗസൽ, വാരഫലം, വീരം, കായംകുളം കൊച്ചുണ്ണി. ആമി..എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത വീരത്തിൽ ഗുരുക്കൾ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. Ektha എന്ന ഹിന്ദി സിനിമയിലും Ungarala rambabu എന്ന തെലുങ്കു സിനിമയിലും Kadaram kondan എന്ന തമിഴ് സിനിമയിലും സംഘട്ടന സംവിധാനം നിർവഹിച്ചു.

അഷറഫ് ഗുരുക്കളുടെ ഭാര്യ ഷംസാബി. മക്കൾ.ഷിമാഹ്, ജുവൈരിയ, അഫ്‌റാഹ്, നിലൂഫർ, സൽമാനുൽ ഫാരിസ്.