വി കെ ശ്രീരാമൻ

V K Sreeraman
Date of Birth: 
Friday, 6 February, 1953
ശ്രീരാമൻ
Sreeraman

മലയാള ചലച്ചിത്ര നടന്‍, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍.  1953-ല്‍ തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനിയില്‍ വി സി കൃഷ്നന്റെയും ഭാർഗ്ഗവി കൃഷ്ണന്റെയും മകനായി ജനനം. വടുതല അപ്പർ പ്രൈമറി സ്കൂൾ, സെന്റ് ജോർജ്ജ് ഹൈസ്കൂൾ തൊഴിയൂർ, ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുന്നംകുളം എന്നിവിടങ്ങളിലായിരുന്നു ശ്രീരാമന്റെ പ്രാഥമിക വിദ്യാഭ്യാസം. കോളേജ് ഓഫ് ഫൈൻ ആർട്സ് തൃശ്ശൂരിൽ നിന്നുമാണ് അദ്ദേഹം ബിരുദമെടുത്തത്. പഠനത്തിനുശേഷം കുറച്ചു കാലം അദ്ദേഹം വിദേശത്ത് ജോലി ചെയ്തു.  ഹ്രസ്വകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്കു തിരിച്ച് വന്ന് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു. ബന്ധുവും പ്രശസ്ത എഴുത്തുകാരനുമായ സി.വി. ശ്രീരാമന്റെ സ്‌നേഹനിര്‍ബന്ധവും പ്രശസ്ത സംവിധായകന്‍ അരവിന്ദനുമായുള്ള അടുപ്പവും പ്രേരകമായി. അരവിന്ദന്റെ തമ്പ് ആണ് അഭിനയിച്ച ആദ്യ ചിത്രം. 1978-ലായിരുന്നു തമ്പ് റിലീസായത്. പവിത്രന്റെ ഉപ്പ് എന്ന സിനിമയില്‍ നായകവേഷത്തില്‍ വന്നു. ഒരു വടക്കന്‍ വീരഗാഥ, ഉത്തരം, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാരംഗത്തു ശ്രദ്ധേയനായി. ആധാരം, സർഗ്ഗം, വൈശാലി, ദേവാസുരം, അമർ അക്ബർ അന്തോണി... തുടങ്ങി ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

 സി.വി.ശ്രീരാമന്റെ ഇഷ്ടദാനം എന്ന ചെറുകഥയ്ക്ക് ദൂരദര്‍ശന് വേണ്ടി ദൃശ്യഭാഷ്യമൊരുക്കിയാണ് വി കെ ശ്രീരാമൻ ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. മികച്ച സംവിധായകനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഇഷ്ടദാനത്തിലൂടെ വി.കെ.ശ്രീരാമന് ലഭിച്ചു. അഞ്ഞൂറോളം അദ്ധ്യായങ്ങളിലൂടെ തുടരുന്ന കൈരളി ചാനലിലെ "വേറിട്ടകാഴ്ചകള്‍" ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങിയ ജീവിതാവിഷ്‌കാരമാണ്. 'നമ്മളില്‍ നമ്മിലൊരാളായി എന്നാല്‍ നമ്മെ പോലെയല്ലാതെ നമ്മോടൊപ്പം ജീവിക്കുന്ന ചിലരെ കുറിച്ചുള്ള' വേറിട്ട കാഴ്ചകള്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ മുന്‍ മാതൃകകളില്ലാത്ത ഒന്നാണ്. ഏറ്റവും നല്ല കമന്റേറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ടെലിവിഷന്‍ അവാര്‍ഡും വേറിട്ട കാഴ്ചകളിലൂടെ വി.കെ. ശ്രീരാമന്‍ നേടുകയുണ്ടായി. വേറിട്ട കാഴ്ചകള്‍, ഇതര വാഴ്‌വുകള്‍, മാട്ട്, കാലത്തിന്റെ നാലുകെട്ട്, വി.കെ. ശ്രീരാമന്റെ ലേഖനങ്ങള്‍, ഏകലോചനം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.