ശിവൻ സോപാനം
1970 ജനുവരി 21 -ന് പ്രശസ്ത നടൻ കൃഷ്ണൻകുട് നായരുടെ മകനായി തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്ത് ജനിച്ചു. ശിവകുമാർ എന്നതാണ് യഥാർത്ഥ നാമം. എസ് എസ് എൽ സി കഴിഞ്ഞതിനു ശേഷം L.T.C (Surveyor), H.S.C(+2) എന്നീ കോഴ്സുകൾ പാസ്സായിട്ടുണ്ട്. സ്ക്കൂൾ പഠനകാലത്തു തന്നെ കുട്ടികൾക്കുള്ള നാടകങ്ങളിലും പ്രാദേശിക അമച്വർ നാടകങ്ങളിലും ശിവകുമാർ പങ്കെടുത്തിരുന്നു. 1987 -ൽ രസിക ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയിൽ അംഗമായി. 1989 -ൽ കാവാലം നാരായണപണിക്കരുടെ നാടക സമിതിയായ സോപാനത്തിൽ ശിവകുമാർ ചേർന്നു. കെ എൻ പണിക്കർ, കെ കലാധരൻ എന്നിവരുടെ കീഴിലായിരുന്നു നാടക പഠനം.
സോപാനത്തിലെ പരിശീലനത്തിനുശേഷം നിരവധി നാടകങ്ങളിൽ ശിവകുമാർ അഭിനയിച്ചു. ശിവൻ സോപാനം എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ഊരുഭംഗം, കൈകുറ്റപ്പാട്, ഭഗവദ്ധജ്ജുകം, തുപ്പൻ, കരിംകുട്ടി, ടെമ്പസ്റ്റ് എന്നിവയൂൾപ്പെടെ നാല്പതോളം നാടകങ്ങളിൽ ശിവകുമാർ അഭിനയിച്ചിട്ടുണ്ട്. സതീർത്ഥ്യൻ, ദൂതവാക്യം എന്നിവയടക്കം പത്ത് നാടകങ്ങൾക്ക് സംഗീതം സംവിധാനവും നിർവ്വഹിച്ചു. കിമ്പൂട്ടർ, ചക്കിചങ്കരം(ചിൽഡ്രൻസ് പ്ലേ), കുഞ്ഞിച്ചിറകുകൾ(ചിൽഡ്രൻസ് പ്ലേ), മഹാഭാരതം ആദി പർവ്വം(ചിൽഡ്രൻസ് പ്ലേ) എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു.
1988 -ൽ ജി അരവിന്ദന്റെ മാറാട്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ശിവൻ സോപാനം ചലച്ചിത്രരംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് ആയിരപ്പറ, ഒഴിമുറി കൂടെ, ഹണീ ബീ എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഏഷ്യാനെറ്റിലെ മുൻഷി എന്ന മൂന്ന് മിനുട്ട് പ്രോഗ്രാമിലും ശിവൻ സോപാനം അഭിനയിച്ചിരുന്നു.