റോഷൻ മാത്യു
1992 മാർച്ച് 22 ന് മാത്യു ജോസഫിന്റെയും റഗീന അഗസ്റ്റിന്റെയും മകനായി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. കോട്ടയം കേന്ദ്രീയ വിദ്യാലയയിലായിരുന്നു റോഷന്റെ പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ മഡ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും ബി എസ് സി ഫിസിക്സിൽ ബിരുദം നേടി. അതിനുശേഷംമ്മുബൈ ഡ്രാമ സ്ക്കൂളിൽ ചേർന്നു.
സ്ക്കൂൾ പഠനകാലത്തുതന്നെ റോഷന് അഭിനയത്തിൽ താത്പര്യമുണ്ടായിരുന്നു. സ്ക്കൂൾ നാടകങ്ങളിലൊക്കെ അഭിനയിക്കുകയും ചെയ്തിരുന്നു. ചെന്നൈയിൽ പഠിയ്ക്കുമ്പോളാണ് പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ കിട്ടുന്നത്. Stagefright Productions എന്ന നാടക കമ്പനി മദ്രാസ് കൃസ്ത്യൻ കോളേജിൽ നടത്തിയ അഭിനേതാക്കൾക്കായുള്ള ഓഡിഷനിലൂടെ റോഷൻ തിരഞ്ഞെടുക്കപ്പെടുകയും അവരുടെ ഡേർട്ടി ഡാൻസിംഗ് എന്ന നാടകത്തിൽ ഒരു നല്ല വേഷം ലഭിയ്ക്കുകയും ചെയ്തു. തുടർന്ന് ചെന്നൈ ബെയ്സ്ഡായ പല നാടക കമ്പനികളിലും പ്രവർത്തിച്ച് നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പിന്നീട് ചില സുഹൃത്തുക്കളോടു ചേർന്ന് റോഷൻ "തിയ്യേറ്റർ നമ്പർ 59" എന്ന പേരിൽ ഒരു നാടക കമ്പനി തുടങ്ങി. അവർ തമിഴ് നാട്ടിലെ വിവിധ കോളേജുകളിൽ നാടകങ്ങൾ അവതരിപ്പിച്ചു.
2013 -ലെ നാഷണൽ ലവൽ സ്റ്റുഡന്റ് തിയ്യേറ്റർ ഫെസ്റ്റിവലിൽ മികച്ച നാടക സംവിധായകനായി റോഷൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. Tanlines എന്ന വെബ് സീരീസിൽ അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെ അഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. 2015-ൽ ആട് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് റോഷൻ മുഖ്യധാരാ സിനിമയിൽ തുടക്കം കുറിച്ചു. 2016 -ൽ മമ്മൂട്ടി നായകനായ പുതിയ നിയമം എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു. ആനന്ദം എന്ന സിനിമയിൽ നായകന്മാരിൽ ഒരാളായി. 2020 -ൽ ഒ ടി ടി റിലീസായ സി യു സൂൺ. ഉൾപ്പെടെ ഇരുപതിലധികം ചിത്രങ്ങളിൽ റോഷൻ മാത്യു അഭിനയിച്ചിട്ടുണ്ട്.