രഞ്ജിനി ജോസ്

Renjini Jose
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 53

ഗായിക, അഭിനേത്രി. 1984 ഏപ്രിലിൽ സിനിമാ  നിർമ്മാതാവായിരുന്ന ബാബു ജോസിന്റെയും  ഗായികയും ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്ന ജയലക്ഷ്മിയുടെയും മകളായി ചെന്നൈയിൽ ജനിച്ചു. രഞ്ജിനിയുടെ പ്രാഥമിക വിദ്യാഭ്യാസം  ചെന്നൈ സേക്രറ്റ് ഹാർട്ട് ചർച്ച് പാർക്ക് ഇൻ സ്കൂളിലായിരുന്നു. താമസിയാതെ അവർ കൊച്ചിയിലേയ്ക്ക് താമസം മാറ്റി. എം ഇ റ്റി പബ്ലിക് സ്കൂൾ പെരുമ്പാവൂർ, ഭവൻസ് വിദ്യമന്ദിർ എളമക്കര എന്നീ സ്കൂളുകളിലായിരുന്നു പിന്നീട് രഞ്ജിനി പഠിച്ചത്. വളരെ ചെറുപ്പത്തിലെ സംഗീതം പഠിച്ചു തുടങ്ങിയ രഞ്ജിനി ജോസ് ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോൾ പ്രശസ്തമായ കൊച്ചിൻ കോറസ് ട്രൂപ്പിൽ ഗായികയായി ചേർന്നു. അച്ഛൻ നിർമ്മാതാവായിരുന്നതിനാൽ സിനിമയുമായി ബന്ധമുണ്ടായിരുന്ന രഞ്ജിനി ജോസിന് ഒൻപ്താംക്ലാസിൽ പഠിയ്ക്കുമ്പോൾ മേലേ വാര്യത്തെ മാലാഖ കുട്ടികൾ എന്ന സിനിമയിൽ ബേണീ ഇഗ്നേഷ്യസിന്റെ സംഗീതത്തിൽ ഒരു ഗാനം ആലപിയ്ക്കുന്നതിനുള്ള അവസരം കിട്ടി. കെ എസ് ചിത്രയോടും സന്തോഷ് കേശവിനോടുമൊപ്പമാണ് ആ ഗാനം പാടിയത്.

രഞ്ജിനി ജോസ് 2005-ലാണ് തമിഴ് സിനിമയിൽ പാടിയത്. Chanakya എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. Khelein Hum Jee Jaan Sey എന്ന സിനിമയിലാണ് ഹിന്ദിയിൽ ആദ്യ ഗാനം പാടുന്നത്. Naa Bangaaru Talli. എന്ന സിനിമയിലൂടെ തെലുങ്കിലും രഞ്ജിനി ഗാനമാലപിച്ചു. വിവിധ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ അവർ പാടിയിട്ടുണ്ട്. 2017-ൽ രഞ്ജിനി ജോസ് "ഏക" എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് രൂപീകരിച്ചു. രഞ്ജിനി ഉൾപ്പെടെ അഞ്ചുപേരാണ് ബാൻഡിൽ അംഗങ്ങളായിട്ടുള്ളത്. 2020-ൽ കിംഗ് ഫിഷ് എന്ന സിനിമയ്ക്കുവേണ്ടി ഒരു ഗാനം രചിച്ച് സംഗീതം നൽകി പാടി രഞ്ജിനി ഗാന രചയിതാവും സംഗീത സംവിധായികയുമായി. ഗായിക മാത്രമല്ല രഞ്ജിനി ജോസ്. ഒരു അഭിനേത്രി കൂടിയാണ്. റെഡ് ചില്ലീസ്, ദ്രോണ എന്നിവയുൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളിൽ രഞ്ജിനി ജോസ് സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

രഞ്ജിനി ജോസ് വിവാഹിതയായത് 2012-ലായിരുന്നു. എഞ്ചിനീയരായ റാം നായർ ആണ് ഭർത്താവ്.