രാജേഷ് ഹെബ്ബാര്‍

Rajesh Hebbar

മലയാള ചലച്ചിത്ര,സീരിയൽ നടൻ. 1967 നവംബറിൽ പാലക്കാട് ജില്ലയിൽ ഒരു ഉഡുപ്പി ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. രാജേഷിന്റെ അച്ഛൻ ഡോക്ടറായിരുന്നു, അമ്മ അദ്ധ്യാപികയായിരുന്നു. രാജേഷ് ഹെബ്ബാരിന്റെ മുത്തച്ഛൻ മദ്രാസിൽ ഡോക്ടറായിരുന്നു,അതോടൊപ്പം അദ്ദേഹത്തിന് ശസ്ത്രക്രിയ ഉപകരണങ്ങളുടെ ബിസിനസ്സുമുണ്ടായിരുന്നു. 1939-ൽ മുത്തച്ഛൻ പാലക്കാട് താമസം തുടങ്ങി. ഒരു ശസ്ത്രക്രിയ ഉപകരണ നിർമ്മാണ ഫാക്ടറി സ്ഥാപിയ്ക്കുകയും ചെയ്തു. ഹെബ്ബാർ എന്നത് അവരുടെ കുടുംബപേരാണ്.  പഠനത്തിനുശേഷം രാജേഷ് ഹെബ്ബാർ കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്താൻ തുടങ്ങി. സിനിമാഭിനയ മോഹമുണ്ടായിരുന്ന അദ്ദേഹം അതിനായി ശ്രമിച്ചുകൊണ്ടിരുന്നു. സ്വന്തമായി തിരക്കഥ എഴുതി ഒരു ഷോർട്ട് ഫിലിം മിറാഷ് അദ്ദേഹം നിർമ്മിച്ച് സംവിധാനം ചെയ്തു. രാജേഷ് നായകനും അദ്ദേഹത്തിന്റെ ഭാര്യ നായികയുമായി അഭിനയിച്ച ഷോർട്ട് ഫിലിം മിറാഷ് ഡൽഹിയിൽ ശേഖർ കപൂർ നടത്തിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഈ ഷോർട്ട് ഫിലിം കണ്ടിട്ടാണ് ബാബു ജനാർദ്ധനൻ വഴി 2002-ൽ ചിത്രകൂടം എന്ന സിനിമയിൽ രാജേഷിന് അവസരം കിട്ടുന്നത്. 2003-ൽ ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത ഇവർ ആയിരുന്നു രാജേഷിന്റെ രണ്ടാമത്തെ ചിത്രം, 2004-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിൽ ശ്രദ്ധിയ്ക്കപ്പെടുന്ന വേഷം ചെയ്തു. പിന്നീട് അദ്ദേഹം ടെലിവിഷൻ പരമ്പരകളിൽ അഭിനയിയ്ക്കാൻ തുടങ്ങി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഉള്ളുരുക്കം എന്ന ടെലിഫിലിമിലായിരുന്നു ആദ്യം അഭിനയിച്ചത്. 2004-ൽ ഓർമ്മ എന്ന സീരിയലിൽ അഭിനയിച്ചതോടെ സീരിയലിൽ സജീവമായി. ആമേൻ, ഇന്നത്തെ ചിന്താവിഷയം, പ്രിയമാനസം.. എന്നിവയുൾപ്പെടെ  അൻപതിലധികം സിനിമകളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്. നാല്പതിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രിയമാനസം കേരളത്തിലെ ആദ്യത്തെ സംസ്കൃത സിനിമയും ഇന്ത്യയിലെ മൂന്നാമത്തെ സംസ്കൃത സിനിമയുമാണ്. രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രിയമാനസം പ്രദർശിപ്പിച്ചിരുന്നു. 

മികച്ച ടെലിവിഷൻ ആക്ടർക്കുള്ള 2010-ലെ സംസ്ഥാന സർക്കാർ പുരസ്ക്കാരം രാജേഷ് ഹെബ്ബാർ നേടിയിട്ടുണ്ട്. അഭിനയം കൂടാതെ പത്രപവർത്തകൻ, പരസ്യമെഴുത്തുകാരൻ, കവി, ചെറുകഥാകൃത്ത് എന്നീ മേഖലകളിൽ കൂടി കഴിവുതെളിയിച്ചയാളാണ് രാജേഷ് ഹെബ്ബാർ. 

രാജേഷ് ഹെബ്ബാറിന്റെ ഭാര്യ അനിത. അവർക്ക് മൂന്ന് മക്കളാണുള്ളത്. മൂത്തമകൻ ആകാശ്, രണ്ടാമത് ഉള്ളത് ഇരട്ട പെൺകുട്ടികളാണ് പേര് വർഷ, ഹർഷ.