പുതിയങ്കം മുരളി
ഗാനരചയിതാവ്. പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് പുതിയങ്കം എന്ന സ്ഥലത്ത് ജനിച്ചു. 1982 –ൽ പ്രശസ്ത സംവിധായകൻ ഭദ്രന്റെ ആദ്യ സംവിധാന സംരംഭമായ "എന്റെ മോഹങ്ങൾ പൂവണിഞ്ഞു" ആയിരുന്നു ആദ്യ ചിത്രം. അതിലെ യേശുദാസും ജാനകിയും ചേർന്നു പാടിയ "ആഷാഢമേഘങ്ങൾ നിഴലുകളെറിഞ്ഞു" എന്ന ഗാനവും "ലൗ ടു പോസ്സിബിലി" എന്ന ഒരു ഇംഗ്ലീഷ് ഗാനവും അദ്ദേഹത്തിന്റെ രചനകളാണ്. വി ദക്ഷിണാമൂർത്തി സ്വാമി ആയിരുന്നു സംഗീതം. തുടർന്ന് ഭദ്രന്റെ തന്നെ ചങ്ങാത്തം (1983) ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ (1984) യിലും ഗാനരചന നിർവഹിച്ചു. “ഈറൻപീലിക്കണ്ണുകളിൽ“, “ആരോമലേ നിലാവില്‍ നീ പാടൂ രോമാഞ്ച രാഗം“, “ഇന്ദ്രനീലമെഴുതിയ മിഴികള്‍ തന്‍ മാഹേന്ദ്ര ജാലത്തിലോ“ (യേശുദാസ്). “പ്രഥമരാവിന്‍“, “വിഷമവൃത്തത്തില്‍ വീണു വിതുമ്പി“ (എസ് ജാനകി) എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഐ വി ശശിയുടെ അസ്സോസിയേറ്റ് ആയിരുന്ന ശശിമോഹന്റെ കന്നിചിത്രം ഓർമ്മയിലെന്നും (1988) എന്ന ചിത്രത്തിലായിരുന്നു മുരളി പിന്നീട് ഗാനങ്ങൾ എഴുതിയത്. "ആകാശ കണ്മണി തൻ ആനന്ദം ചന്ദ്രികയായ്", "കണ്‍കുളിരുവതെല്ലാം നീ മാത്രമേ", "ഉണരുണരൂ കുയിൽ മകളേ", "ഉണ്ണിക്കാറ്റിന്‍ ചുണ്ടില്‍ പൂമണം" എന്നിങ്ങനെ 4 ഗാനങ്ങൾ ആയിരുന്നു ചിത്രത്തിൽ. യേശുദാസും ചിത്രയും ആയിരുന്നു ഗായകർ. സംഗീതം - ജെറി അമൽദേവ്.
ശശിമോഹന്റെ തന്നെ മിഴിയോരങ്ങൾ(ഗംഗൈ അമരൻ) എന്ന സിനിമയിലും, അപൂർവ്വസംഗമം (ജെറി അമൽദേവ്) എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. 1989 യിൽ പുറത്തിറങ്ങിയ മിഴിയോരങ്ങളുടെ കഥ, തിരക്കഥ, സംഭാഷണം രചിച്ചതും പുതിയങ്കം മുരളി ആയിരുന്നു. ആ വർഷം തന്നെ പുറത്തിറങ്ങിയ തുളസീദാസിന്റെ ഹിറ്റ് ചിത്രമായ ലയനം-ത്തിലും ഗാനരചനയും സംഭാഷണവും നിർവഹിച്ചു. ജെറി അമൽദേവിന്റെ സംഗീതത്തിൽ രണ്ടു ഗാനങ്ങൾ ആയിരുന്നു ചിത്രത്തിൽ. “ചൊരിയൂ പനിനീര്‍മഴയില്‍ (എം ജി ശ്രീകുമാർ, ചിത്ര), “ഋതുമദം തളിരിടുമൊരു നേരം (ലതിക) എന്നീ ഗാനങ്ങൾ. സുനിൽ (വിശ്വചൈതന്യ) ആദ്യമായി സംവിധാനം നിർവഹിച്ച പ്രിയപ്പെട്ട കുക്കു (1992) യിലാണ് എസ് പി വെങ്കിടേഷുമായി പുതിയങ്കം മുരളി ആദ്യമായി സഹകരിക്കുന്നത്. അതിലെ “കിലുകിലുക്കാം ചെപ്പേ കിങ്ങിണീ“, “മേലേ ഏതോ പൊന്‍താരം അതു താഴെ മണ്ണില്‍ വീണതോ“, “പഞ്ചശ്ശരന്‍ വിളിക്കിന്നു “പഞ്ചവര്‍ണ്ണക്കിളിയേ നീ വാ“ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സുനിലിന്റെ ഗാന്ധാരി യിലും ഈ ടീം ഒന്നിച്ചു. ജോൺ ശങ്കരമംഗലത്തിന്റെ സാരാംശം- ത്തിലും (1994) ഗാന രചന നിർവഹിച്ചത് മുരളി ആയിരുന്നു. സംഗീതം - ജെറി അമൽദേവ്. തുടർന്നു ഒരു ചെറിയ ഇടവേളയ്ക്കു ശേഷം 2001 യിൽ പുറത്തിറങ്ങിയ ലയം, സാഗര എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും ഗാനരചന നിർവഹിച്ചു.
2018യിൽ ബ്രഹ്മകുമാരിസ് ന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ ഗോഡ് ഓഫ് ഗോഡ്സ് എന്ന ചിത്രത്തിന്റെ മലയാളം വേർഷനിലെ 9 ഗാനങ്ങളുടെ രചനയും പുതിയങ്കം മുരളി ആയിരുന്നു. സംഗീതം ലക്ഷ്മികാന്ത് പ്യാരേലാൽ. പയനത്തിൻ മൊഴി (ഒരു യാത്രാമൊഴി - തമിഴ് ) യുടെ ഗാനരചനയും സംഭാഷണവും ഇദ്ദേഹം ആയിരുന്നു. മെഗാ സീരിയലുകളായ കൈലാസനാഥൻ, സീതായനം, മഹാഭാരതം, ശനീശ്വരൻ, മൗനം സമ്മതം എന്നിവക്കും രചന നിർവഹിച്ചു.
കടപ്പാട്- Subin GK യുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.