ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ
ബിരുദധാരിയും ശാലീന സുന്ദരിയുമായ ഒരു പെൺകുട്ടി. ഒരിറ്റു സ്നേഹം മാത്രം ആഗ്രഹിച്ചിരുന്ന അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്ന് പുരുഷന്മാർ. ഒരാൾ അവളുടെ കാമുകൻ. വിവാഹം വരെ എത്തിനിൽക്കുന്ന അവരുടെ പ്രണയം തകരുന്നത് അവളുടെ അച്ഛൻ വരുത്തിവെച്ച പേരുദോഷം കാരണമാണ്. രണ്ടാമൻ അവളുടെ മുറച്ചെറുക്കൻ. സ്നേഹത്തോടെയുള്ള അവന്റെ സമീപനത്തിൽ അവനുമായുള്ള വിവാഹം സ്വപ്നം കാണുന്ന അവൾക്ക് ഇടിത്തീയായി വരുന്നത് അവന്റെ വാക്കുകളാണ് - അവൻ അവളെക്കണ്ടത് ശാരീരിക സുഖം തേടിവരുന്ന പെണ്ണായി മാത്രമാണ്. മൂന്നാമൻ, അവൾ വിവാഹം കഴിക്കുന്ന മദ്ധ്യവയസ്കനായ പുരുഷൻ. ജീവിതത്തിൽ രണ്ടു പ്രാവശ്യം തോറ്റ അവൾ, ഈ വിവാഹത്തിലൂടെ വിജയിക്കുന്നുവോ? അവൾ ആഗ്രഹിച്ചത് പോലായിരുന്നുവോ ആ വിവാഹ ജീവിതം?
Actors & Characters
Actors | Character |
---|---|
അഡ്വക്കേറ്റ് വിശ്വനാഥൻ | |
ബാലചന്ദ്രൻ | |
പ്രമീള | |
അമ്മിണി | |
മുരളി | |
കണാരൻ നായർ | |
രാജമ്മ | |
ഹേമാവതി | |
ബാങ്ക് മാനേജർ | |
സുധാകരൻ | |
ജനാർദ്ദനൻ | |
മുരളിയുടെ അമ്മ | |
ജാനകിയമ്മ | |
ഗായകൻ | |
ബ്രോക്കർ ഔതേച്ചൻ | |
പെണ്ണു കാണാൻ വരുന്നയാൾ | |
വക്കൻ | |
ബാലചന്ദ്രന്റെ അമ്മ രോഹിണിയമ്മ | |
ജോസഫ് കുട്ടി |
Main Crew
കഥ സംഗ്രഹം
കണാരൻ നായർ (തിലകൻ) ചാക്കോച്ചന്റെ തോട്ടത്തിൽ നിന്നും മടങ്ങി വരുമ്പോൾ മുറ്റമടിച്ചുകൊണ്ട് നിൽക്കുന്ന വേലക്കാരിയെ നോക്കി നീയേതാടി പെണ്ണേ എന്ന് ചോദിക്കുമ്പോൾ, ഇവിടുത്തെ വേലക്കാരിയാണെന്നവൾ പറയുന്നു. അന്നേരം പറമ്പിൽ പറിച്ചിട്ട തേങ്ങകൾ പരിശോധിച്ചു കൊണ്ടിരിക്കുന്ന കണാരൻറെ മകൻ ജനാർദ്ദനൻ (അശോകൻ) അമ്മ ജാനകിയമ്മയെ (ശാന്തകുമാരി) നോക്കി പുച്ഛത്തോടെ "അമ്മേ, അമ്മേടെ നായർ വരുന്നുണ്ടെന്ന്" പറയുന്നു. അതുകേട്ട്, അല്പം അരിശത്തോടെ, "അപ്പോ അത് നിന്റെ ആരാടാ"ന്ന് കണാരൻ ചോദിക്കുമ്പോൾ, "അച്ഛനാണെന്നൊക്കെ പറയുന്നു" എന്ന് വീണ്ടും പുച്ഛത്തോടെ ജനാർദ്ദനൻ പറയുന്നു. അതുകേട്ട്, ആര് എന്ന് പരിഹാസത്തോടെയും ഗൗരവത്തോടെയും കണാരൻ ചോദിക്കുമ്പോൾ, അമ്മ എന്ന് കൂസലില്ലാതെ ജനാർദ്ദനൻ പറയുന്നത് കേട്ട് കണാരൻ പുച്ഛത്തോടെ ഓ എന്ന് പറയുന്നു. ഇതൊക്കെ ശ്രദ്ധിച്ച് ജാനകിയമ്മ അരിശത്തോടെ ജനാർദ്ദനനെ മിണ്ടാതിരിക്കാൻ പറയുന്നു. എല്ലാം കണ്ടുനിൽക്കുന്ന തെങ്ങു കയറ്റക്കാരൻ തേങ്ങകളൊക്കെ കൊണ്ടുപോകാൻ ആളെ പറഞ്ഞവിടാം എന്ന് പറഞ്ഞു പോവുന്നു. അയാൾ പോയ ശേഷം കണാരൻ, നല്ല വെടിയിറച്ചി കൊണ്ടിവന്നിട്ടുണ്ടെന്നും, രാത്രി കുറേപ്പേർ ഉണ്ണാൻ കാണുമെന്നും ജാനകിയമ്മയോട് പറയുമ്പോൾ, മകൾ പ്രമീളയെ (ലക്ഷ്മി) കാണാൻ ഇന്നൊരു കൂട്ടർ വരുന്നുണ്ടെന്നും, പെട്ടെന്ന് കുളിച്ചൊരുങ്ങി റെഡി ആവണമെന്നും, ആളുകളെക്കൊണ്ട് അതുമിതും പറയിപ്പിക്കാതെ അച്ഛനാണെന്ന് പറഞ്ഞ് ഒന്നു നിന്നു തന്നാ മതിയെന്നും പറയുന്നു. അതുകേട്ട്, ഇത്രയല്ലേ വേണ്ടു എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ്, നീയൊരു ഇരുനൂറു രൂപാ ഇങ്ങെടുക്കെടി എന്ന് ചോദിക്കുമ്പോൾ, ജാനകിയമ്മ തരില്ലെന്ന് പറഞ്ഞ് ശഠിക്കുന്നു. അപ്പോൾ, ജനാർദ്ദനനും എനിക്കും ഇരുനൂറു രൂപാ താ എന്ന് കോപിച്ചുകൊണ്ട് ചോദിക്കുമ്പോൾ, നിനക്കെന്തിനാടാ രൂപാ എന്ന് കണാരൻ അരിശത്തോടെ ചോദിക്കുന്നു. അതുകേട്ട്, അച്ഛനെന്തിനാണ് രൂപാ എന്ന് അവനും അതേ അരിശത്തോടെ ചോദിക്കുന്നു. അന്നേരം, കുടിച്ചും കുടിപ്പിച്ചും എന്ന് തുടങ്ങി മുഴുമിപ്പിക്കാതെ ബാക്കിയുള്ളവരെക്കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട, ഇതാ ഈ പരുവത്തിലെത്തിച്ചു, ഇനി ബാക്കി വെക്കേണ്ട എന്ന് അരിശത്തോടെയും സങ്കടത്തോടെയും ജാനകിയമ്മ പറയുന്നു. അതുകേട്ട്, ഇതൊക്കെ എത്ര തവണ നീ പറഞ്ഞിരിക്കുന്നു എന്ന് ഒരു കൂസലുമില്ലാതെ കണാരൻ പറഞ്ഞ് ജാനകിയമ്മയിൽ നിന്നും പണം പിടിച്ചു പറിക്കാൻ ശ്രമിക്കുന്നു. അപ്പോൾ അരിശത്തോടെ കൈയിലിരിക്കുന്ന പണമെല്ലാം വീശിയെറിഞ്ഞ് ഒക്കെ എടുത്തോളു, എല്ലാം എടുത്തോളു, വെച്ചു വിളമ്പാനില്ലെങ്കിൽ ഇല്ലെന്ന് പറയും, എന്നാലും കൊല്ലാൻ വരില്ലല്ലോ, മകളൊന്നുള്ളത് വീടും പറമ്പും നിറഞ്ഞു നിൽക്കുകയാ, വല്ലതും ഒന്ന് ഒത്തുവന്ന് അവളെ ഇവിടെ നിന്നും ഇറക്കി വിടേണ്ടേ, ആ വിചാരമുണ്ടോ നിങ്ങൾക്ക്, നൂറു വേണം ഇരുനൂറു വേണം, അവളുടെ വേദന നിങ്ങൾക്കറിയില്ല, അവളുടെ കണ്ണീരും നിങ്ങൾക്ക് കാണണ്ടാ എന്നു പറഞ്ഞ് ജാനകിയമ്മ വിതുമ്പുന്നു. കണാരൻ ഇതൊന്നും കാതോർക്കാതെ തറയിൽ ചിതറിയ നോട്ടുകൾ പെറുക്കുന്നു.
പ്രമീള കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ചിന്താവിഷ്ടയായി കട്ടിലിൽ കിടക്കുമ്പോൾ ജാനകിയമ്മ കാപ്പിയും, പലഹാരങ്ങളുമടങ്ങിയ ട്രേയുമായി അകത്തുവന്ന്, ചെറുക്കനും വീട്ടുകാരും വന്നെത്തിയെന്നും എഴുന്നേറ്റ് അങ്ങോട്ട് ചെല്ലുവെന്നും പറയുമ്പോൾ, മടുപ്പോടെ എത്ര തവണ താനീ വേഷം കെട്ടിയെന്നും, ഇനിയുമിതു വേണോ എന്നും പ്രമീള ചോദിക്കുന്നു. അതുകേട്ട്, ജാനകിയമ്മ പ്രമീളയെ ആശ്വസിപ്പിക്കാനെന്നോണം, എന്തോ തനിക്കിത് നടക്കുമെന്നു തോന്നുവെന്ന് പറയുന്നു. അതിന്, ആരെങ്കിലും വരുമ്പോഴൊക്കെ അമ്മ ഇതു തന്നെയല്ലേ പറയാറ് എന്ന് പ്രമീള വ്യസനത്തോടെ ചിരിച്ചുകൊണ്ട് പറയുന്നു. അതുകേട്ട് ഒന്നും പറയാൻ കഴിയാതെ വേദനിച്ചു നിൽക്കുന്ന ജാനകിയമ്മയോട് തനിക്കിതെല്ലാം മടുത്തുവമ്മേ എന്ന് പ്രമീള പറയുന്നു. അപ്പോഴേക്കും, അപ്പുറത്തു നിന്ന് കണാരൻ ജാനകിയമ്മയോട് മകളെവിടെയെന്ന് ഉറക്കെ ചോദിക്കുന്നു. അതു കേട്ടതും ജാനകിയമ്മ പ്രമീളയെ കാപ്പി കൊണ്ടു കൊടുക്കാൻ നിർബന്ധിക്കുന്നു. പ്രമീളയും മനസ്സില്ലാ മനസ്സോടെ മുറിയിൽ നിന്നും കാപ്പി ട്രേയുമായി അപ്പുറത്തേക്ക് പോകുന്നു.
കാപ്പി സൽക്കാരം കഴിഞ്ഞ് വിവാഹ ദല്ലാൾ ഓതേച്ചൻ (മണവാളൻ ജോസഫ്) പെണ്ണു കാണാൻ വന്ന ചെറുക്കൻ രവീന്ദ്രന് (ജോസഫ് ഇ.എ.) പ്രമീളയോട് സംസാരിക്കണം എന്ന് സൂചിപ്പിക്കുമ്പോൾ, കണാരൻ എതിർപ്പൊന്നും പറയുന്നില്ല. തനിക്ക് പ്രമീളയെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ ശേഷം എത്ര വരെ പഠിച്ചുവെന്ന് ചോദിച്ചു മനസ്സിലാക്കി, ബിരുദധാരിയാണെന്നറിയുമ്പോൾ വീട്ടിലിരിക്കാനാണോ ഭാവം എന്നു ചോദിക്കുന്നു രവീന്ദ്രൻ. അതിന്, ടൈപ്പിങ്ങും, ഷോർട്ട്ഹാൻഡും പഠിക്കുന്നുണ്ടെന്ന് പ്രമീള പറയുമ്പോൾ, അപ്പോൾ ജോലിക്ക് പോവാൻ ഉദ്ദേശമുണ്ടല്ലേ എന്ന് രവീന്ദ്രൻ ചോദിക്കുന്നു. അതിന്, പ്രമീളയുടെ മറുപടി ഒരു ചെറു പുഞ്ചിരി മാത്രമാണ്. തുടർന്ന്, കാണാം എന്ന് പറഞ്ഞ് രവീന്ദ്രൻ ഇറങ്ങുമ്പോൾ പ്രമീളയുടെ മുഖത്തിൽ പ്രത്യാശയുടെ പ്രസരിപ്പ് പ്രകടമാവുന്നു. ചെറുക്കന്റെ വീട്ടുകാർ തിരിച്ചു പോകുമ്പോൾ നക്ഷത്ര പൊരുത്തം കൂടി നോക്കി അറിയിക്കാമെന്നും പറഞ്ഞ് വിട വാങ്ങുന്നു. പ്രമീള പ്രത്യാശയോടെ ജനാലയിലൂടെ അവർ പോവുന്നതും നോക്കി നിൽക്കുന്നു.
വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കുന്ന വേലക്കാരിയോട് കണാരൻ പഞ്ചാരയടിച്ച് അവളെ സിഗരറ്റ് വാങ്ങിക്കാൻ അയക്കുന്നത് കാണുന്ന ജാനകിയമ്മ അയാളോട് ഒരു പെണ്ണും ഒരാഴ്ച തികച്ചിവിടെ നിൽക്കാറില്ല, വയസ്സായില്ലേ ഇനിയും വേണോ ഇതൊക്കെ എന്ന് അരിശത്തോടെ ചോദിക്കുന്നു. അതുകേട്ട്, ഞാൻ എന്തോ ചെയ്തൂന്നാ എന്ന് കണാരൻ ചോദിക്കുമ്പോൾ, നിങ്ങളെ എനിക്ക് മുപ്പത് വർഷത്തെ പരിചയമാണെന്നും, ഇനിയും എന്റെ മുൻപിൽ ഈ കളിയൊന്നും വേണ്ടെന്നും, അവളാണെങ്കിൽ ഒരുത്തന്റെ കൂടെ പൊറുക്കുന്നവളുവാ എന്ന് നീരസത്തോടെ ജാനകിയമ്മ പറയുന്നു. അതിന്, ഹാ അപ്പോൾ കൂടുതൽ സൗകര്യമായി എന്ന് കണാരൻ പരിഹാസ രൂപേണ പറയുന്നു. അതുകേട്ട്, അയാളെത്തന്നെ തുറിച്ചു നോക്കിക്കൊണ്ട് നിൽക്കുന്ന ജാനകിയമ്മയോട്, എടി നീ പേടിക്കുകയൊന്നും വേണ്ടെന്നും, എനിക്കിപ്പോ പഴയ പോലെ താല്പര്യമൊന്നുമില്ലെന്നും, ഒട്ടും വയ്യാ താനും അത് നിനക്കറിയാൻ പാടില്ലേ എന്നും നർമം കലർത്തി കണാരൻ പറയുമ്പോൾ, അയാളുടെ കൈയ്യിലെ കണ്ണാടി ദേഷ്യത്തോടെ പിടിച്ചു വാങ്ങിക്കൊണ്ട് ജാനകിയമ്മ അകത്തേക്ക് പോകാൻ ഒരുങ്ങുന്നു. അപ്പോൾ, നീ ആ ഔട്ട്ഹൗസിന്റെ താക്കോൽ ഇങ്ങെട് എന്ന് കണാരൻ പറയുമ്പോൾ, എന്തിനെന്ന് ജാനകിയമ്മ ചോദിക്കുന്നു. അതിന്, അവരൊക്കെ വരാറായെടി എന്ന് കണാരൻ പറയുന്നു. അതുകേട്ട്, ഇനി ഇവിടെയെങ്ങാനും കൂത്താടിയാ മതിയെന്നും, അപ്പുറത്തേക്കൊന്നും എടുക്കാനൊക്കൂലാ എന്നും ജാനകിയമ്മ നീരസത്തോടെ പറയുമ്പോൾ, എന്താ എന്ന് കണാരൻ ചോദിക്കുന്നു. അതിന്, ഒരാൾ വാടക ഉറപ്പിച്ച് താക്കോൽ വാങ്ങിച്ചു പോയിക്കഴിഞ്ഞു എന്ന് ജാനകിയമ്മ പറയുന്നു. അതുകേട്ട് ഞെട്ടി നിൽക്കുന്ന കണാരനെ നോക്കി ജാനകിയമ്മ പറയുന്നു - ഞെട്ടുകയൊന്നും വേണ്ട, അതും ചെയ്യേണ്ടി വന്നു, കഴിഞ്ഞുകൂടാൻ ഇതുമല്ല ഇതിനപ്പുറവും ചെയ്യേണ്ടി വരുമെന്ന് വിഷമത്തോടെ പറഞ്ഞുകൊണ്ട് ജാനകിയമ്മ അകത്തേക്ക് പോകുന്നു. കണാരൻ അവരെയും നോക്കി സ്തംഭിച്ചു നിൽക്കുന്നു.
രാത്രിയിൽ കണാരൻ കൂട്ടുകാരെ വിളിച്ച് കുടിയും തീറ്റയും പാട്ടുമായി ഉല്ലസിക്കുമ്പോൾ ജാനകിയമ്മയും പ്രമീളയും ജനാർദ്ദനനും വിഷമത്തോടെയും അമർഷത്തോടെയും നോക്കി നിൽക്കുന്നു. പിന്നീട് സഹികെട്ട്, അച്ഛന്റെ ഈ വൃത്തികേടൊക്കെ അനുവദിച്ചു കൊടുക്കുന്നതിൽ നിങ്ങൾക്ക് നാണമില്ലേ എന്ന് ജനാർദ്ദനൻ ജാനകിയമ്മയോട് അരിശത്തോടെ ചോദിക്കുമ്പോൾ അവർ പൊട്ടിക്കരയുന്നു.
കണാരൻ എണ്ണയും തേച്ച് വരാന്തയിൽ ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ വിവാഹ ദല്ലാൾ ഔതേച്ചൻ അവിടേക്ക് വരുന്നു. അദ്ദേഹത്തെ ശ്രദ്ധിക്കുന്ന കണാരൻ, ജാനകിയമ്മയെ ഉറക്കെ വിളിച്ച് ഔതേച്ചൻ വന്നിട്ടുണ്ടെന്ന് പറയുന്നു. ജാനകിയമ്മ പൂമുഖത്ത് വന്നതും കണാരൻ ഔതേച്ചനോട് പിന്നെന്തായി എന്ന് ചോദിക്കുന്നു. അന്നേരം പ്രമീളയും ജനാലക്കരികിൽ വന്നു നിൽക്കുന്നു. അപ്പോൾ, അവർക്കിഷ്ടപ്പെട്ടു എന്ന് ഔതേച്ചൻ അർഥം വെച്ച് പറയുന്നതിന്റെ പൊരുൾ മനസ്സിലാവാതെ മൂവരും സന്തോഷിക്കുന്നു. അന്നേരം, ഔതേച്ചൻ മകളെ അല്ല അച്ഛനെ എന്ന് വെറുപ്പോടെ പറയുന്നത് കേട്ട് പ്രമീളയും ജാനകിയമ്മയും ഞെട്ടുന്നു. അപ്പോഴേക്കും ജനാർദ്ദനനും അവിടെയെത്തുന്നു. അവന്റെ മുഖത്തും വെറുപ്പും അരിശവും. അപ്പോൾ, ഔതേച്ചനെ നോക്കി ഗൗരവത്തോടെ എന്താടോ പറഞ്ഞതെന്ന് ചോദിക്കുന്നു. അതിന്, നിങ്ങൾ ഉള്ളിടത്തോളം കാലം ഒരു വിവാഹാലോചനയും ഈ വീടിന്റെ പടി കേറൂല്ലാ എന്ന് വെറുപ്പോടെ പറയുന്നു. അതുകേട്ട്, അതിന് ഞാനെന്തോ ചെയ്തൂന്നാ എന്ന് കണാരൻ അരിശത്തോടെ ചോദിക്കുമ്പോൾ, ഏയ് ഒന്നും ചെയ്തൂല്ലാ, നാട്ടുകാര് പറയുന്നത് കേട്ടേച്ചാ മതിയെന്ന് ഔതേച്ചൻ പുച്ഛത്തോടെ പറയുന്നു. അതുകേട്ട്, ശ്ശെടാ വരുന്നവർക്കെന്തിനാ എന്റെ കാര്യം നോക്കുന്നതെന്നും, അവർക്ക് പെണ്ണിനെ അല്ലേ വേണ്ടത്, അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നും കണാരൻ നീരസത്തോടെ ചോദിക്കുമ്പോൾ, നിങ്ങളുടെ മകളായി ജനിച്ചതാണ് അവളുടെ കുഴപ്പമെന്ന് ഔതേച്ചൻ പറയുന്നു. അപ്പോൾ, താനെൻറെ കൈയ്യീന്ന് വാങ്ങീട്ടേ പോവൂ എന്ന് കണാരൻ ഗൗരവത്തോടെ പറയുമ്പോൾ, താൻ ഇടക്കാരനാണെന്നും, പറഞ്ഞത് കൂടിപ്പോയെങ്കിൽ ക്ഷമിക്ക് എന്നും ഔതേച്ചൻ പറയുന്നു. തുടർന്ന് ജാനകിയമ്മയോട് ഇനിയൊരു ആലോചനയും കൊണ്ട് താനിവിടെ വരില്ലെന്ന് ഔതേച്ചൻ പറയുമ്പോൾ കണാരൻ അയാളെ ആട്ടിപ്പായിക്കുന്നു.
ജാനകിയമ്മയുടെ വീട്ടിലെ ഔട്ട്ഹൗസിലേക്ക് അഡ്വക്കേറ്റ് ആയി പ്രവർത്തനം ആരംഭിച്ച ബാലചന്ദ്രൻ (മമ്മൂട്ടി) എന്ന യുവാവ് താമസിക്കാൻ എത്തുന്നു. അവന്റെ കൂടെ സഹായത്തിന് വക്കൻ (മാസ്റ്റർ ബൈജു) എന്ന കൊച്ചു പയ്യനുമുണ്ട്. അവർ പെട്ടെന്ന് തന്നെ ജാനകിയമ്മയോടും പ്രമീളയോടും അടുക്കുന്നു. ബാലചന്ദ്രന് പ്രമീളയോടുള്ള അടുപ്പം പ്രണയമായി മാറുന്നു. പ്രമീളയും ബാലചന്ദ്രനെ മനസ്സാൽ പ്രേമിച്ചു തുടങ്ങുന്നു. ആരുമറിയാതെ വേലക്കാരിയോട് കണാരന്റെ പഞ്ചാരയടിയും തുടരുന്നു.
പ്രമീളയ്ക്ക് ബാങ്കിൽ നിന്നും ഇന്റർവ്യൂ ലെറ്റർ വരുമ്പോൾ, ആരെക്കൊണ്ടെങ്കിലും ശുപാർശ ചെയ്ത് ആ ജോലി വാങ്ങിക്കൊണ്ടുക്കാമോ എന്ന് ജാനകിയമ്മ ബാലചന്ദ്രനോട് ചോദിക്കുന്നു. അതിന്, അവിടെ ശുപാർശയെന്നും ഏൽക്കില്ലെന്നും, അതിനായുള്ള പല പുസ്തകങ്ങളും വായിച്ച് വേണ്ട തയ്യാറെടുപ്പോടെ പോയി, അവരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയാൽ തന്നെ മതിയാവും എന്നു പറഞ്ഞ് ബാലചന്ദ്രൻ തന്റെ പക്കലുള്ള കുറച്ചു പുസ്തകങ്ങൾ പ്രമീളയ്ക്ക് കൊടുക്കുകയും, വേറെ പുസ്തകങ്ങൾ സംഘടിപ്പിച്ചു തരാമെന്നും, എന്ത് സംശയം ഉണ്ടെങ്കിലും തന്നെ സമീപിക്കാം എന്നും പറയുന്നു. പ്രമീള ബാലചന്ദ്രന്റെ സഹായത്തോടെ ഇന്റർവ്യൂവിന് ഉതകുന്ന പല പുസ്തകങ്ങളും പഠിച്ച് ഹൃദിസ്ഥമാക്കുന്നു. കൂടെക്കൂടെയുള്ള കണ്ടുമുട്ടൽ അനുരാഗത്തിന്റെ ആക്കം കൂട്ടുന്നു. ഒരു ഘട്ടത്തിൽ ശരീരത്തിന്റെ കാമനകൾക്ക് അടിമപ്പെട്ടതെന്ന പോലെ ബാലചന്ദ്രന്റെ കരവലയത്തിൽ ഒതുങ്ങുന്നുണ്ടെങ്കിലും, പെട്ടെന്ന് തന്നെ സംയമനം പാലിച്ച് അവന്റെ പിടിയിൽ നിന്നും വിടുപെടുന്നു.
ബാങ്ക് ഇന്റർവ്യൂ കഴിഞ്ഞ് പുറത്തു വരുമ്പോൾ ബാലചന്ദ്രൻ അവളെയും കാത്ത് പുറത്തു നിൽക്കുന്നു. രണ്ടു പ്രാവശ്യം ചോദ്യം ചെയ്യൽ കഴിഞ്ഞു എന്ന് പ്രമീളയിൽ നിന്നും മനസ്സിലാക്കുന്ന ബാലചന്ദ്രൻ സെലക്ഷൻ തീർച്ചയായും കിട്ടും എന്ന് ഉറപ്പിച്ചു പറയുന്നു.
കണാരൻ രാത്രിയിൽ വേലക്കാരിയുടെ ഭർത്താവില്ലാത്ത നേരം നോക്കി അവളുടെ വീട്ടിൽ ചെന്ന് അവളെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോൾ, അവൾ അയാളുടെ പിടിയിൽ നിന്നും ഓടി രക്ഷപ്പെടുകയും, നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്യുന്നു. ചുറ്റും വളഞ്ഞ് പൊതിരെ തല്ലുന്ന നാട്ടുകാരുടെ കൈയ്യിൽ നിന്നും കണാരൻ ഒരുവിധത്തിൽ രക്ഷപ്പെട്ട് തടി തപ്പുന്നു.
മുന്നറിയിപ്പ് നൽകാതെ ബാലചന്ദ്രൻ അമ്മയെച്ചെന്ന് കാണുന്നു. അപ്രതീക്ഷിതമായി അവനെ കാണുന്ന രോഹിണിയമ്മ (കോട്ടയം ശാന്ത), അമ്മാവൻ തന്റെ മകളെ അവന് കെട്ടിച്ചു കൊടുക്കാൻ ധൃതി കൂട്ടുന്നുവെന്നു പറയുന്നു. അതിന് ഉത്തരമൊന്നും പറയാതെ, തനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നും, അത് താനിപ്പോൾ താമസിക്കുന്ന സ്ഥലത്തു ചെന്ന ശേഷം പറയാമെന്നും പറഞ്ഞ് ബാലചന്ദ്രൻ അമ്മയെയും കൂട്ടി വൈക്കത്തേക്ക് പോകുന്നു.
അവിടെ ചെന്നതും ബാലചന്ദ്രൻ അമ്മയോട് താൻ പ്രമീളയെ സ്നേഹിക്കുന്ന കാര്യം പറയുമ്പോൾ, ഇതാണോടാ നിന്റെ പ്രധാനപ്പെട്ട കാര്യം, ഇതിനാണോ എന്നെ ഇവിടെ കൂട്ടിക്കൊണ്ട് വന്നത്, മതിയെടാ നിന്റെ ഇവിടുത്തെ വക്കീൽ പണിയും താമസവും എന്ന് ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അയയിൽ കിടക്കുന്ന വസ്ത്രങ്ങളെല്ലാം എടുക്കുമ്പോൾ, ബാലചന്ദ്രൻ അവരെ തടഞ്ഞുകൊണ്ട് അതിന് ഞാനവളെ കല്യാണം കഴിച്ചിട്ടൊന്നുമില്ലല്ലോ, എനിക്കവളെ ഇഷ്ടമാണ്, അമ്മ അവളെ ഒന്ന് കാണണം എന്ന് മാത്രമല്ലേ പറഞ്ഞുള്ളു എന്ന് പറയുന്നു. അതുകേട്ട്, കണ്ടിട്ട് ഞാനങ്ങ് സമ്മതിച്ചു തരണമല്ലേ എന്ന് പുച്ഛത്തോടെ രോഹിണിയമ്മ ചോദിക്കുന്നു. അതിന്, അമ്മക്കിഷ്ടമാണെങ്കിൽ മാത്രം, അല്ലെങ്കിൽ അമ്മ പറയുന്ന പോലെ ഞാൻ കേൾക്കാം എന്ന് ബാലചന്ദ്രൻ പറയുമ്പോൾ രോഹിണിയമ്മ അതിന് വഴങ്ങുന്നു.
രോഹിണിയമ്മ പ്രമീളയെക്കണ്ട് സംസാരിച്ച ശേഷം അവളോട് പറയുന്നു - ഇത്ര നേരം ഞാൻ നിന്നോട് സംസാരിച്ചുകൊണ്ടിരുന്നത് എന്തിനാണെന്നറിയാമോ, എനിക്ക് നിന്നെ ഇഷ്ടമാവരുത്, അതിനു വേണ്ടിയാ, എന്റെ ആഗ്രഹം ബാലു എന്റെ ആങ്ങളയുടെ മകളെ വിവാഹം ചെയ്യണമെന്നായിരുന്നു, അവൻ നിർബന്ധിച്ചത് കൊണ്ട് ഞാനിവിടം വരെ വന്നു, നിന്നെക്കണ്ടു, നിന്റെ സംസാരവും പെരുമാറ്റവും എനിക്ക് വളരെ ഇഷ്ടമായി എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ജാനകിയമ്മ വന്ന് അവരെ കാപ്പി കുടിക്കാൻ വിളിക്കുന്നു. എല്ലാവരും കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ കണാരനും ഈ ബന്ധത്തിൽ ഇഷ്ടമാണെന്ന് പറയുന്നു. തുടർന്ന് ബാലചന്ദ്രന്റെയും പ്രമീളയുടെയും വിവാഹം ഉറപ്പിച്ചുകൊണ്ടിരിക്കെ കണാരന് നേരെ പുറത്തു നിന്നും വേലക്കാരിയുടെ ഭർത്താവിന്റെ തെറി വിളികൾ കേൾക്കുമ്പോൾ ജനാർദ്ദനനും ജാനകിയമ്മയും പുറത്തേക്ക് പോവുന്നു. അവിടെ വേലക്കാരിയും അവളുടെ ഭർത്താവും കുറെ നാട്ടുകാരും നിൽക്കുന്നത് കണ്ട്, പ്രമീളയെ പെണ്ണു വന്നിരിക്കുന്നുന്നെന്നും, എന്തിനാണ് ബഹളം വെക്കുന്നതെന്നും അവർ ചോദിക്കുമ്പോൾ, വേലക്കാരിയുടെ ഭർത്താവ്, കണാരൻ അവളെക്കേറിപ്പിടിച്ച കാര്യം പറയുന്നു. അപ്പോഴേക്കും രോഹിണിയമ്മയും, ബാലചന്ദ്രനും മറ്റുള്ളവരും പുറത്തേക്ക് വരുന്നു. വേലക്കാരിയുടെ ഭർത്താവ് ജാനകിയമ്മയോടും ബാലചന്ദ്രനോടും കണാരനെക്കുറിച്ച് പറയുകയും ഈ വീട്ടിൽ നിന്നും പെണ്ണെടുക്കരുതെന്നും പറയുന്നു. തുടർന്ന് അയാളും കണാരനും തമ്മിൽ മല്പിടിത്തം നടക്കുന്നു. അതിൽ ജനാർദ്ദനൻ ഇടപെടുമ്പോൾ അതൊരു കൂട്ടത്തല്ലായി മാറുന്നു. കണാരനെ അടിച്ച് അവശനാക്കി എല്ലാവരും തിരിച്ചു പോവുന്നു. എല്ലാം നോക്കി തരിച്ചു നിൽക്കുന്ന ജാനകിയമ്മ ബാലചന്ദ്രനെയും കൂട്ടി അപ്പോൾ തന്നെ നാട് വിടുന്നു. ബാലചന്ദ്രന് അമ്മയെ അനുസരിക്കാനെ കഴിയുന്നുള്ളു.
ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും പ്രമീളയ്ക്ക് ഈ ബന്ധവും അലസിപ്പോയതിന്റെ ദുഃഖത്തിൽ നിന്നും കരകയറാൻ പറ്റുന്നില്ല. ഒരു ദിവസം ജാനകിയമ്മ പ്രമീളയെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്ത് താഴെ നിന്നും ചേച്ചി ഒരു കത്തുണ്ടെന്ന ജനാർദ്ദനന്റെ കൂവൽ കേട്ട് താഴേക്കിറങ്ങിച്ചെന്ന് കത്ത് വാങ്ങി നോക്കുന്ന പ്രമീളയോട് ആരുടെ കത്താണെന്ന് ചോദിക്കുന്ന ജാനകിയമ്മയോട് ബാങ്കിൽ നിന്നാണെന്നും, നിയമനം ലഭിച്ചിട്ടുണ്ടെന്നും, തിങ്കളാഴ്ച ജോയിൻ ചെയ്യണമെന്നും പ്രമീള പറയുമ്പോൾ ജാനകിയമ്മയും, ജനാർദ്ദനനും ആശ്വാസത്തിന്റെ നെടുവീർപ്പിടുന്നു. പ്രമീള എറണാകുളത്തിലുള്ള അമ്മായിയുടെ (ടി.ആർ.ഓമന) വീട്ടിൽ താമസിച്ച് ബാങ്കിൽ ജോയിൻ ചെയ്യുന്നു. പെൺകോന്തനായ ബാങ്ക് മാനേജർ (ശങ്കരാടി) പ്രമീളയെ ക്ലാർക്കായി ജോലി നോക്കുന്ന ഹേമാവതിക്ക് (സുരേഖ) പരിചയപ്പെടുത്തി ജോലിയെല്ലാം വിശദീകരിച്ചു കൊടുക്കാൻ പറഞ്ഞ ശേഷം, ബാങ്കിന്റെ ഒരു വിധ രഹസ്യങ്ങളും പുറത്ത് വിടരുതെന്ന നിർദേശവും പ്രമീളയ്ക്ക് നൽകുന്നു. മാനേജരുടെ പെരുമാറ്റം കണ്ട് പ്രമീള അമ്പരന്ന് ഭയന്ന് വിറച്ചു നിൽക്കുന്നു. അതുകാണുന്ന ഹേമാവതി ആളിന്റെ പെരുമാറ്റം വിചിത്രമായി തോന്നുമെങ്കിലും ആളൊരു പാവമാണെന്ന് പറയുന്നു.
പ്രമീള പെട്ടെന്ന് തന്നെ ഹേമാവതിയുമായി ലോഹ്യത്തിലാവുന്നു. ഹേമാവതി, പ്രമീളയെ തന്റെ വീട്ടിൽ കൊണ്ടുപോയി തന്റെ ഭർത്താവ് സുധാകരനെയും (ടി.ജി.രവി) മകനെയും പരിചയപ്പെടുത്തുന്നു. ഹേമാവതിയും ഭർത്താവും തമ്മിലുള്ള സ്നേഹം പ്രമീള അത്ഭുതത്തോടെ നോക്കി നിൽക്കുന്നു. ഹേമാവതി തന്റെ ഭർത്താവിനോട് പ്രമീളയ്ക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തണമെന്ന് പറയുന്നു. അവരുടെ വീട്ടിൽ നിന്നും മടങ്ങി വീട്ടിലെത്തുന്ന പ്രമീള കാണുന്നത് ടിവി പോലുള്ള വസ്തുക്കൾ ഒരുക്കി വെക്കുന്ന അമ്മായിയെയാണ്. അമ്പരപ്പോടെ പുറത്തു തന്നെ നിൽക്കുന്ന അവളെ ശ്രദ്ധിക്കുന്ന അമ്മായി സിംഗപ്പൂരിലുള്ള മകൻ മുരളി (രതീഷ്) വന്നിട്ടുണ്ടെന്നും, അവൻ കൊണ്ടുവന്നതാണെന്നും പറയുന്നു. അപ്പോൾ മുകളിൽ നിന്നും മുരളി ഇറങ്ങി വരുന്നത് കാണുന്ന പ്രമീള അവനെത്തന്നെ മിഴിച്ചു നോക്കി നിൽക്കുന്നു. പിന്നീട് മുരളി അവളോട് കുശലം വിചാരിക്കുന്നു.
മുരളി വളരെ സരസനും ചുറുചുറുക്കുള്ളവനുമാണ്. അവനോടൊപ്പം ദിവസവും ജോഗിങ്ങിന് വേണമെങ്കിൽ കൂടാമെന്ന് പ്രമീളയോട് പറയുമ്പോൾ, അതൊക്കെ അങ്ങ് സിംഗപ്പൂരിൽ നടക്കും, ഇവിടെ ആണും പെണ്ണും ചേർന്നുള്ള ഓട്ടമൊന്നും നടക്കില്ലെന്ന് അമ്മായി വിലക്കുന്നു. ആഹാരം കഴിക്കാനിരിക്കുമ്പോൾ പ്രമീളയോട് ക്രിക്കറ്റിനെക്കുറിച്ചും, പട്ടണത്തിൽ ഏത് നല്ല ഹിന്ദി സിനിമയാണ് കളിക്കുന്നത് എന്നത് പോലുള്ള ചോദ്യങ്ങൾ മുരളി ചോദിക്കുമ്പോൾ തനിക്കതൊന്നും അറിയില്ലെന്ന് പ്രമീള പറയുന്നു. അപ്പോൾ, നിങ്ങള് സിനിമയ്ക്കൊന്നും പോകില്ലേ എന്ന് അമ്മയോട് ചോദിക്കുമ്പോൾ, ഇവൾ രാവിലെ നേരെ ബാങ്കിൽ പോകമെന്നും, വൈകുന്നേരം തിരിച്ചു വന്ന് മുറിയിൽ കേറി കതകടച്ചിരിക്കുമെന്നും, വിളിച്ചാൽ വല്ലതും വന്നു കഴിക്കുമെന്നും, ഇതാണ് ഇവളുടെ സ്വഭാവമെന്നും, ഇവളിവിടെ ഒള്ളതും ശരി ഇല്ലാത്തതും ഒരുപോലെയെന്നും അമ്മായി പറയുന്നു. അന്നേരം അമ്മായിയോട് എഴുന്നേൽക്കട്ടെയെന്ന് അനുവാദം ചോദിച്ചുകൊണ്ട് പ്രമീള എണീറ്റ് പോവുന്നു. അപ്പോൾ, പല നല്ല വിവാഹ ആലോചനകളും വന്നതാണെന്നും, പക്ഷേ ഒന്നും നടക്കുന്നില്ലെന്ന് അമ്മായി മുരളിയെ നോക്കി പറയും, അവൻ ഹൂം എന്ന് മൂളുന്നു. അതുകേട്ട്, എന്റെ ആങ്ങളയുണ്ടല്ലോ അവളുടെ അച്ഛൻ, അയാളുടെ മഹിമ കൊണ്ടാ എന്ന് അമ്മായി പറയുമ്പോൾ, മുരളി ചിരിച്ചുകൊണ്ടേ കൊച്ചമ്മാവന്റെ കാര്യം പിന്നെ പറയണോ എന്ന് കളിയാക്കുന്ന പോലെ ചോദിക്കുന്നു.
എല്ലാറ്റിൽ നിന്നും മാറി നിന്നുള്ള അവളുടെ അടങ്ങി ഒതുങ്ങിയുള്ള പെരുമാറ്റം മാറ്റണമെന്നും, സ്മാർട്ട് ആൻഡ് ബോൾഡ് ആവണമെന്നും, ജീവിതത്തെ സ്നേഹിക്കാൻ പഠിക്കു എന്നും അപ്പോൾ ജീവിതം നിന്നെയും സ്നേഹിക്കുമെന്നും മുരളി പ്രമീളയെ ഉപദേശിക്കുന്നു. പ്രമീളയുടെ മുറച്ചെറുക്കൻ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുന്ന ഹേമാവതി വീട്ടിൽ വന്ന് മുരളിയെ പരിചയപ്പെടുന്നു. അവന്റെ മുന്നിൽ ഇരുന്നുകൊണ്ട് തന്നെ പ്രമീളയുമായി സംസാരിക്കുമ്പോൾ, പ്രമീള എപ്പോഴും ദുഃഖിതയായി കാണപ്പെടുന്നത് പ്രണയ നൈരാശ്യമാണെന്ന് മുരളി മനസിലാക്കുന്നു. ഹേമാവതി പോയ ശേഷം പ്രമീള ആരെയാണ് പ്രണയിച്ചിരുന്നതെന്നും, അതെങ്ങിനെയാണ് തകർന്നതെന്നും അന്വേഷിച്ചറിയുന്ന മുരളി, നിന്നെപ്പോലെ ഒരു പെൺകുട്ടിയെ പ്രേമിച്ചിട്ട് കൈയ്യൊഴിയുക, അവൻ നട്ടെല്ലില്ലാത്തവനാണെന്നും, നിന്റെ സ്നേഹവും അവൻ അർഹിക്കുന്നില്ല നിന്റെ ദുഃഖവും അർഹിക്കുന്നില്ലെന്നും, നഷ്ടപ്പെട്ടത് വെറും ഒരു കാമുകനാണെന്നും, ആ നഷ്ടത്തിൽ നീ നിന്റെ ജീവിതം എഴുതി തള്ളരുതെന്നും, ഇപ്പോൾ നിന്റെ മനസിലുള്ള ആ മണ്ടൻ കാമുകനുണ്ടല്ലോ അവനെ അവിടുന്ന് അടിച്ചോടിക്ക് എന്നും, എങ്കിലേ മറ്റൊരാൾക്ക് അങ്ങോട്ട് കയറി വരാനൊക്കൂ എന്നും സ്നേഹത്തോടെയും, വാത്സല്യത്തോടെയും മുരളി ഗുണദോഷിക്കുമ്പോൾ അവൾ ക്ഷമയോടെ കേൾക്കുകയും, മുരളിക്ക് തന്നെ ഇഷ്ടമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.
അവളുടെ തെറ്റിധാരണയിൽ ഹേമാവതിയും എണ്ണയൊഴിക്കുന്നു. തുടർന്നുള്ള മുരളിയുടെ പെരുമാറ്റവും, സാരി വാങ്ങിച്ചു കൊടുക്കലും, സിനിമ കാണാൻ കൊണ്ടുപോകലുമെല്ലാം, പ്രമീളയുടെ തെറ്റിധാരണയ്ക്ക് ആഴം കൂട്ടുന്നു. അവളറിയാതെ തന്നെ മുരളിയുമായി മാനസീകമായി അടുക്കുന്നു. ആ അടുപ്പം പലപ്പോഴും ശാരീരികമായി അടുത്ത് മുരളി ദുരുപയോഗപ്പെടുത്താൻ ശ്രമിക്കുമ്പോൾ പ്രമീള സംയമനം പാലിച്ച് വഴുതി മാറുന്നു. ഇരുവരുടെയും അടുപ്പം മണത്തറിയുന്ന അമ്മായി മുരളിയെ ഇഷ്ടമാണെന്ന് പ്രമീളയോട് ചോദിച്ചു മനസ്സിലാക്കിയ ശേഷം മുരളിയോടും അതിനെക്കുറിച്ചു സംസാരിക്കുന്നു. അപ്പോൾ മുരളി അവളെയും കൂട്ടി ബീച്ചിലേക്ക് പോവുന്നു. അവിടെവെച്ച് മുരളി തന്റെ ജീവിതരീതിയെക്കുറിച്ചും, വിവാഹമെന്ന സങ്കപ്പത്തെക്കുറിച്ചും, പ്രമീളയെ താൻ എങ്ങിനെയാണ് നോക്കിക്കാണുന്നത് എന്നും വിശദീകരിക്കുന്നു - സ്ത്രീപുരുഷ ബന്ധങ്ങൾക്ക് നാമിവിടെ കല്പിക്കുന്ന അതിർത്തികളുണ്ടല്ലോ അതൊന്നും സിംഗപ്പൂരിലില്ലെന്നും, പണക്കൊഴുപ്പിന്റെ വിസ്മൃതിയിൽ ബ്രേക്ക് പോയ ബന്ധങ്ങളാണ് അവിടെയെന്നും, നിശാ ക്ലബ്ബുകൾ - നഗ്ന പ്രദർശനങ്ങൾ - അന്വേഷിക്കാതെ തന്നെ മുന്നിലെത്തുന്ന വികാരവതികൾ - ആ പ്രലോഭനങ്ങളിൽ ആത്മാവ് നഷ്ടപ്പെട്ടുപോയ ഒരാളാണ് താനെന്നും, തന്റെ മനസ്സ് നിമിഷങ്ങളിൽ ഒതുങ്ങുന്ന ഒരു കാമുകൻറെതാണെന്നും, ഏതെങ്കിലും ഒരു പെൺകുട്ടിയോടല്ല നൂറ് നൂറ് പെൺകുട്ടികളോടെന്നും മുരളി പറയുമ്പോൾ, ഒരു ചെറു പുഞ്ചിരിയോടെ താൻ അതൊന്നും അറിയാൻ ആഗ്രഹിച്ചില്ലല്ലോ എന്ന് പ്രമീള പറയുന്നു. അപ്പോൾ മുരളി ചോദിക്കുന്നു - ഇന്നലെ രാത്രി താൻ ആ മുറിയിലേക്ക് കടന്നു വന്നിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു, നീ എതിർക്കുമായിരുന്നോ എന്ന്. അതുകേട്ട് ശങ്കിച്ചുകൊണ്ട് തനിക്കറിഞ്ഞു കൂടാ എന്ന് പ്രമീള പറയുന്നു. അപ്പോൾ മുരളി തുടരുന്നു - വൈക്കത്തു നിന്നുള്ള മടക്ക യാത്രയിൽ നിന്നിൽ ഉണർന്നു നിന്ന വികാരമാണ് എന്നെ നിന്നെ മുറിയിലെത്തിച്ചത് എന്ന് മുരളി പറഞ്ഞതും പ്രമീള അമ്പരപ്പോടെ അവനെ നോക്കുന്നു. തുടർന്ന്, സിംഗപ്പൂരിലെ അഴിഞ്ഞാടുന്ന പെൺകുട്ടികളുടെ കൂട്ടത്തിൽ എന്നെയും പെടുത്തിയല്ലേ എന്ന് വേദന കലർന്ന സ്വരത്തിൽ പ്രമീള ചോദിക്കുന്നു. അതുകേട്ട്, രാത്രിയിൽ നീയെന്റെ മുറിയിൽ വന്നപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് എന്നെക്കാളേറെ നീ ആഗ്രഹിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി എന്ന് മുരളി പറയുമ്പോൾ പ്രമീള ഞെട്ടലോടെ മുരളീ എന്ന് ഉച്ചത്തിൽ വിളിച്ചു പോവുന്നു. പിന്നീട് ശാന്തമായി, തകർന്ന മനസ്സോടെയാണ് തനിങ്ങോട്ട് വന്നതെന്നും, മുരളി തന്നെ മാറ്റിയെടുത്തുവെന്നും പ്രമീള പറയുമ്പോൾ, അത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും, എന്നാൽ നീ നിന്റെ ജീവിതമുമായി തന്റെ മുന്നിൽ വന്നു നിൽക്കുമെന്ന് താൻ വിചാരിച്ചില്ലെന്നും മുരളി കൂളായി പറയുന്നു. ചെറിയ മൗനത്തിന് ശേഷം പ്രമീള തുടരുന്നു - ഞാൻ മുരളീടെ മുറപ്പെണ്ണാണ്, എന്നെ മുരളിക്ക് സ്നേഹിക്കാം, വിവാഹം കഴിക്കാം, ആ ഒരു അവകാശമുള്ളത് കൊണ്ടല്ല ഞാൻ പറയുന്നത് എന്ന് പറഞ്ഞ് ഒന്ന് നിർത്തുമ്പോൾ, പിന്നെ എന്ന് മുരളി ചോദിക്കുന്നു. അതിന്, മനസ്സിലുള്ള മണ്ടൻ കാമുകനെ അടിച്ചോടിക്കാൻ മുരളി എന്നോട് പറഞ്ഞില്ലേ എന്ന് വിതുമ്പലോടെ പ്രമീള ചോദിക്കുമ്പോൾ പറഞ്ഞു എന്ന് ഒരു വികാരവുമില്ലാതെ മുരളി പറയുന്നു. അതുകേട്ട്, വീണ്ടും വിതുമ്പലോടെ, എന്നാലെ മറ്റൊരാൾക്ക് അവിടേക്ക് കയറി വരാൻ ഒക്കു എന്നും പ്രമീള ചോദിക്കുമ്പോൾ അതിന് ചിരിച്ചുകൊണ്ട് ഹാ.. ആ അത് ഞാനായിരിക്കും എന്ന് പ്രമീളയ്ക്ക് തോന്നിയല്ലേ എന്ന് മുരളി ചോദിക്കുന്നു. അതുകേട്ട്, വിതുമ്പലോടു തന്നെ മുരളി തോന്നിപ്പിച്ചു എന്നും, മുരളീടെ പെരുമാറ്റം അങ്ങിനെയായിരുന്നു എന്നും പറഞ്ഞുകൊണ്ട് പ്രമീള മുരളിടെ അടുത്തേക്ക് നടന്നു വരുന്നു. എന്നിട്ട്, അന്ന് സാരി വാങ്ങിത്തന്നപ്പോൾ പുടവ വാങ്ങിത്തന്ന ഒരു കല്യാണപ്പെണ്ണിന്റെ മനസ്സോടെയാണ് താനത് സ്വീകരിച്ചതെന്നും, തനിക്കൊരു ജീവിതം കിട്ടുകയാണെന്നും താൻ കരുതിയെന്നും പറഞ്ഞ് പ്രമീള വിങ്ങിപ്പൊട്ടുന്നു. തുടർന്ന് അല്പം നിയന്ത്രിച്ച്, ആ മനസ്സാണ് ഇന്നലെ തന്നെ മുരളിയുടെ മുറിയിലെത്തിച്ചത് എന്ന് പ്രമീള പറയുമ്പോൾ മുരളി പകച്ചു പോവുന്നു. പിന്നീട്, ഒരിക്കലും തന്റെ ശരീരമല്ലെന്ന് കൂടി പ്രമീള മുരളിയെ നോക്കി പറയുന്നു. അപ്പോൾ, ഞാൻ നിന്നെ മനസ്സിലാക്കിയില്ലെന്നും, നീ എന്നെയും എന്നും, രണ്ടു പേർക്കും തെറ്റിപ്പോയിരിക്കുന്നു എന്ന് മുരളി പറയുമ്പോൾ പ്രമീള ആകെ തളർന്നു പോയി വിരണ്ട മുഖത്തോടുകൂടി അവനെ നോക്കുന്നു. തുടർന്ന്, തന്റെ മനസ്സിൽ ഒരു ഭാര്യാ സങ്കല്പമില്ലെന്നും, അതുകൊണ്ട് ഒരു ഭർത്താവിനെ നീ എന്നിൽ നിന്നും പ്രതീക്ഷിക്കരുതെന്നും മുരളി കൂട്ടിച്ചേർക്കുമ്പോൾ പ്രമീള ഒരു പ്രതിമ കണക്കെ നിന്നു പോവുന്നു. മുരളി വീണ്ടും തുടരുകയാണ് - നിരാശപ്പെടേണ്ട, കഴിഞ്ഞതെല്ലാം മറക്കു, മറ്റൊരാളെ കണ്ടെത്താൻ ശ്രമിക്ക് എന്നുകൂടി ചേർക്കുമ്പോൾ പ്രമീളയ്ക്ക് തന്റെ കാൽക്കീഴിലെ ഭൂമി പിളർന്ന പ്രതീതിയാണ് അനുഭവപ്പെടുന്നത്.
ദിവസങ്ങൾ കടന്നു പോവുന്നു. ഒരു ദിവസം കുളിച്ച്, അമ്പലത്തിൽ തൊഴുതു മടങ്ങിയ ശേഷം നിർജ്ജീവമായി ഒരു പ്രതിമ കണക്കെ നിൽക്കുന്ന പ്രമീളയെ ജാനകിയമ്മ അണിയിച്ചൊരുക്കുന്നു. രജിസ്ട്രാർ ഓഫീസിൽ വെച്ച് കണാരൻ, ജാനകിയമ്മ, ജനാർദ്ദനൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രമീളയെ മദ്ധ്യവയസ്കനായ അഡ്വക്കേറ്റ് വിശ്വനാഥൻ (മധു) രജിസ്റ്റർ വിവാഹം കഴിക്കുന്നു. വിശ്വനാഥന്റെ മുഖത്ത് യാതൊരു ഭാവവുമില്ല. കണാരനും ജാനകിയമ്മയും ജനാർദ്ദനനും പ്രമീളയെ നിറകണ്ണുകളോടെ യാത്രയാക്കുന്നു.
വീട്ടിലെത്തിയതും പരിചാരകനായ പിള്ളയോട് പ്രമീളയ്ക്ക് വീട് കാണിച്ചു കൊടുക്കാൻ പറയുന്നു. വീട്ടിലെ പല സ്ഥലങ്ങളും മുറികളും തൊടിയും വൃത്തിയാക്കപ്പെടാതെ അലങ്കോലമായും കാടുപിടിച്ചും കിടക്കുന്നത് കണ്ട് അമ്പരന്ന് നിൽക്കുന്ന പ്രമീളയോട് എന്തെങ്കിലുമൊക്കെ ചെയ്യിക്കാമെന്ന് വെച്ചാൽ സമ്മതിക്കില്ലെന്നും, ഒന്നും വേണ്ടാന്നാ പറയുക എന്നും, എങ്ങിനെ സൂക്ഷിച്ചിരുന്ന വീടാണെന്നറിയാമോ, ഇപ്പൊ ഒരു അടുക്കും ചിട്ടയുമില്ലെന്നും, അദ്ദേഹത്തിനുമില്ല അതിലൊരു താല്പര്യമെന്നും പിള്ള പറയുന്നു. പ്രമീള അതുകേട്ട് ചെറുതായൊന്നു പുഞ്ചിരിക്കുന്നു. വീട് മുഴുവൻ ചുറ്റിക്കാണിച്ച ശേഷം മുകളിലത്തെ നിലയിലെ വിശ്വനാഥന്റെ മുറി ഇതാണെന്ന് ചൂണ്ടിക്കാണിച്ച ശേഷം പിള്ള താഴേക്ക് പോവുന്നു. ആകാതിരിക്കുന്ന വിശ്വനാഥൻ പ്രമീളയെ അകത്തേക്ക് ക്ഷണിക്കുന്നു.
പ്രമീള അകത്തേക്ക് വരുമ്പോൾ വിശ്വനാഥൻ മദ്യം സേവിച്ചു കൊണ്ടിരിക്കുകയാണ്. പ്രമീളയോട് ഇരിക്കാൻ പറഞ്ഞ ശേഷം വിശ്വനാഥൻ അടുത്തുള്ള ടീപ്പോയിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്തുകൊണ്ട് പറഞ്ഞു തുടങ്ങുന്നു - എന്റെ ആദ്യ ഭാര്യ വിലാസിനി മരിച്ചിട്ട് എട്ടു വർഷങ്ങളായി, പിന്നൊരു വിവാഹം വേണ്ടാന്ന് വിചാരിച്ചിരുന്നതാണ്, പക്ഷേ മറ്റൊരു തീരുമാനമെടുക്കാൻ എന്റെ ഇപ്പോഴത്തെ സാഹചര്യം നിർബന്ധിതനാക്കി, അന്വേഷണങ്ങൾക്കും ചടങ്ങുകൾക്കും നിന്നില്ല, അങ്ങിനെയാണ് വധുവിനെ ആവശ്യമുണ്ടെന്ന് പത്രങ്ങളിൽ പരസ്യം ചെയ്യുന്നത്, ധാരണം രക്ഷിതാക്കളുടെ കത്ത് വന്നു, കൂട്ടത്തിൽ ഒരു പെൺകുട്ടി നേരിട്ടെഴുതി, അത് നീയായിരുന്നു എന്ന് പറഞ്ഞുകൊണ്ടേ മേശയിൽ നിന്നും ഒരു കത്തെടുത്ത് ഇതാ, ഇതാണ് ആ കത്ത് എന്നു പറഞ്ഞ് പ്രമീളയെ ഏൽപ്പിക്കുന്നു. പ്രമീള ആ കത്ത് വാങ്ങിച്ച് തലയും കുനിച്ച് മൗനമായി ഇരിക്കുമ്പോൾ, വായിക്ക് എന്ന് വിശ്വനാഥൻ പറയുന്നു. അതുകേട്ട്, വായിച്ചതല്ലേ എന്ന് പ്രമീള ചോദിക്കുമ്പോൾ, അതേ, പക്ഷേ ഇപ്പോൾ എന്റെ മുന്നിലിരുന്ന് നീയത് വായിച്ചു കേൾക്കാൻ ഒരാഗ്രഹം എന്ന് വിശ്വനാഥൻ പറയുമ്പോൾ പ്രമീള സംശയത്തോടെയും, പരിഭ്രമത്തോടെയും ഇരിക്കുന്നു. അതുകണ്ട്, വിശ്വനാഥൻ വീണ്ടും പറയുന്നു - വായിക്ക്. വിശ്വനാഥന്റെ നിർബന്ധത്തിന് വഴങ്ങി പ്രമീള കത്ത് വായിച്ചു തുടങ്ങുന്നു :
"എന്റെ പേര് പ്രമീള. ബി.എ. പാസ്സായിട്ടുണ്ട്. പ്രാരാബ്ധങ്ങളും, കുടുംബത്തിന് അച്ഛനുണ്ടാക്കിവെച്ച ദുഷ്പ്പേരും കാരണം എനിക്ക് വന്ന വിവാഹാലോചനകളൊക്കെ നടക്കാതെ പോയി. ഞാനൊന്നും മറച്ചു വെക്കുന്നില്ല. രണ്ടു പുരുഷന്മാർ എന്റെ മനസ്സിൽ വിവാഹ പ്രതീക്ഷകൾ ഉണർത്തിയിരുന്നു. നിരാശയായിരുന്നു ഫലം. എന്റെ ശരീരം കളങ്കപ്പെട്ടിട്ടില്ല. സ്നേഹിച്ചവരിൽ എന്റെ മനസ്സ് നഷ്ടപ്പെട്ടിട്ടുമില്ല. എനിക്കൊരു ജീവിതം വേണം. ആ ആഗ്രഹമാണ് ഈ കത്ത്" എന്ന് പ്രമീള വായിച്ചു നിർത്തുന്നത് വരെ വിശ്വനാഥൻ സിഗരറ്റും പുകച്ചുകൊണ്ട് അവളെയും നോക്കി കേട്ടുകൊണ്ടിരിക്കുന്നു. പിന്നീട്, അവളിൽ നിന്നും ആ കത്ത് വാങ്ങിയ ശേഷം, ഈ നിസ്സഹായതയും ആത്മാർത്ഥതയുമാണ് നിന്നെ തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്ന് പറഞ്ഞ ശേഷം വിശ്വനാഥൻ ആ കത്ത് കീറിക്കളയുന്നു. പ്രമീളയുടെ കണ്ണുകൾ അപ്പോൾ ചെറുതായി നനഞ്ഞു തുടങ്ങുന്നു - അതിന് കാരണം ജനാർദ്ദനൻ അവളെ നോക്കി പറഞ്ഞ കൊള്ളിവാക്ക് ഓർത്തത് കൊണ്ടാണ് - "നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിക്കാതെ, ഇതിൽ നോക്കി ആർക്കെങ്കിലും ഒന്നെഴുതി വല്ലവടത്തേക്കും ഒന്ന് പോകാൻ നോക്ക്" എന്ന് ജനാർദ്ദനൻ അവളെ നോക്കി അരിശത്തോടെ പറഞ്ഞ് ദിനപത്രം അവളുടെ നേർക്ക് എറിയുന്നു - പ്രമീള അമ്മയുടെ കാലുപിടിച്ചു കേഴുന്നു.
പ്രമീള പഴയകാല ഓർമ്മയിൽ നിന്നും തിരിച്ചു വരുമ്പോൾ വിശ്വനാഥൻ കിടക്കയിൽ അവൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കിടക്കയിൽ നിരത്തിയിരിക്കുന്നതാണ് കാണുന്നത്. അതുനോക്കിക്കൊണ്ടവൾ ചോദിക്കുന്നു - ഇതെല്ലാം...... എനിക്ക് ...... അപ്പോൾ വിശ്വനാഥൻ പറയുന്നു - ഇന്നലെ വരെ നീ എന്തു ധരിച്ചിരുന്നു, എങ്ങിനെ നടന്നിരുന്നു എന്നതൊരു പ്രശ്നമല്ല, ഇന്ന് നീ അഡ്വക്കേറ്റ് വിശ്വനാഥന്റെ ഭാര്യയാണ്, ഇനി എന്റെ അന്തസ്സിനൊത്തു വേണം നീ ജീവിക്കാൻ, പ്രത്യേകിച്ച് വേഷത്തിലും ഭാവത്തിലും എന്ന് വിശ്വനാഥൻ പറഞ്ഞ് നിർത്തുമ്പോൾ പ്രമീളയുടെ മുഖത്തിൽ അന്ധാളിപ്പ് പടരുന്നു. അപ്പോൾ, ഒരു നൈറ്റ് ഡ്രസ്സ് കൈയ്യിലെടുത്തുകൊണ്ട് വിശ്വനാഥൻ തുടരുകയാണ് - ഇതാ, ഇത് രാത്രി ഉറങ്ങുമ്പോൾ ധരിക്കാനുള്ളതാണ് എന്ന് പറഞ്ഞ് നൈറ്റ് ഡ്രസ്സ് അവളുടെ നേർക്ക് എറിഞ്ഞു കൊടുക്കുന്നു. മുഖത്തു വീഴുന്ന ആ വസ്ത്രം പിടിച്ചു വാങ്ങുന്ന പ്രമീള അതും കൈയ്യില്പിടിച്ച് പകച്ചു നിൽക്കുന്നു.
രാത്രിയിൽ വിശ്വനാഥൻ എറിഞ്ഞു കൊടുത്ത നൈറ്റ് ഡ്രസ്സും ധരിച്ച് പരിഭ്രാന്തിയോടെ പ്രമീള അയാളുടെ മുന്നിൽ വന്ന് മടിച്ചു മടിച്ചു നിൽക്കുന്നു. അവളെക്കണ്ട് അടിമുടിയൊന്ന് നോക്കിയ ശേഷം നല്ല ചേർച്ചയുണ്ടെന്ന് പറയുമ്പോൾ, ആദ്യമായിട്ടാണെന്ന് പ്രമീള പറയുന്നു. അപ്പോൾ വിശ്വനാഥൻ കസേരയിൽ നിന്നും എഴുന്നേറ്റ് പതുക്കെ അവളുടെ പക്കലേക്ക് വരുന്നു. വിശ്വനാഥൻ പ്രമീളയെ ഗാഢ ഗാഢം പുണരുമ്പോൾ പ്രമീള ചോദിക്കുന്നു - എന്നെ ഇഷ്ടമായോ? വിശ്വനാഥൻ അതിനുത്തരം പറയാതെ തന്റെ പ്രവൃത്തി തുടരുന്നു. തുടർന്ന് പ്രമീളയെ കിടക്കയിലേക്ക് നയിച്ച് ശരീര ബന്ധത്തിലേർപ്പെടുന്നു. അതും അധിക നേരമൊന്നും നീണ്ടു നിൽക്കുന്നില്ല. പ്രമീള അതൃപ്തയായി കിടക്കുന്നു.
അടുത്ത ദിവസം നടക്കുന്ന റിസപ്ഷനിൽ ബാലചന്ദ്രനെക്കണ്ട് പ്രമീള അമ്പരന്ന് നിൽക്കുന്നു. അതേ അമ്പരപ്പ് ബാലചന്ദ്രനിലും. പ്രമീള അവനെ അഭിമുഖീകരിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നു. ഗാനമേളയ്ക്ക് ശേഷം വിശ്വനാഥൻ തന്റെ ജൂനിയറാണെന്നും, തന്റെ എല്ലാമാണെന്നും പറഞ്ഞ് പ്രമീളയ്ക്ക് ബാലചന്ദ്രനെ പരിചയപ്പെടുത്തുന്നു, അവന്റെ ഭാര്യ അമ്മിണിയുമുണ്ട് (സത്യകല) കൂടെ.
റിസപ്ഷനിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയതും അമ്മിണി, പ്രമീളയെ തനിക്ക് ഒരുപാടിഷ്ടപ്പെട്ടുവെന്നും, ഐശ്വര്യമുള്ള മുഖമാണെന്നും, കണ്ടിട്ട് പാവമാണെന്നാണ് തോന്നുന്നതെന്നും, അങ്ങേരുടെ മൂശേട്ടത്തരവുമായി എങ്ങിനെ ഒത്തുപോവുമെന്നാ എന്നും ബാലചന്ദ്രനോട് പറയുമ്പോൾ, അത് അവരുടെ കാര്യം, അവര് നോക്കിക്കോളും താൻ പോയി കിടക്കാൻ നോക്കെന്ന് ബാലചന്ദ്രൻ അല്പം നീരസത്തോടെ പറയുന്നു. അതുകേട്ട്, ബാലചന്ദ്രനെ നോക്കി ചൂടാവാതെയെന്ന് പറഞ്ഞുകൊണ്ട് അമ്മിണി അകത്തേക്ക് പോവുന്നു. ബാലചന്ദ്രൻ അസ്വസ്ഥതയോടെ രാത്രി തള്ളി നീക്കുന്നു.
പ്രമീള, ഹേമാവതിയെ ഫോണിൽ വിളിച്ച് തന്റെ വിവാഹം കഴിഞ്ഞ കാര്യം അറിയിക്കുമ്പോൾ, തന്നെ അറിയിക്കാതെ വിവാഹം കഴിച്ചതറിഞ്ഞ അവൾ പ്രമീളയെ കളിയാക്കുന്നു. ഈ സമയം വിശ്വനാഥൻ ഇന്റർകോമിൽ അവരുടെ സംസാരം കേൾക്കാനിടയാകുന്നു. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വിശ്വനാഥൻ പ്രമീള ഇരിക്കുന്ന മുറിയുടെ മുന്നിൽ വന്നു നിൽക്കുന്നു. ഹേമാവതി ഭർത്താവുമൊത്ത് വൈകുന്നേരം വീട്ടിൽ വരാമെന്ന് പ്രമീളയ്ക്ക് ഉറപ്പു നൽകുന്നു. അവരുടെ സംസാരം കഴിഞ്ഞതും വിശ്വനാഥൻ പ്രമീള ആരുടെ കൂടെയാണ് സംസാരിച്ചതെന്ന് ചോദിച്ചറിയുന്നു. ബാങ്കിൽ തന്റെ കൂടെ ജോലി ചെയ്തിരുന്ന ക്ലാർക് ആണെന്നും, തന്റെ അടുത്ത കൂട്ടുകാരിയാണെന്നും, വൈകുന്നേരം അവളും ഭർത്താവും ഇവിടെ വരുന്നുണ്ടെന്നും പ്രമീള പറയുമ്പോൾ, ഇത്തരം കൂട്ടുകെട്ടുകളൊന്നും തനിക്കിഷ്ടമല്ലെന്നും, തന്റെ സ്റ്റാറ്റസ്സിന് നിരക്കാത്ത ബന്ധങ്ങൾ ഉപേക്ഷിക്കണമെന്നും പറഞ്ഞ് വിശ്വനാഥൻ നടന്നു നീങ്ങുമ്പോൾ പ്രമീള പകച്ചു പോയി പരിഭ്രാന്തിയോടെ ഇരിക്കുന്നു.
അല്പ നേരത്തിന് ശേഷം ബാലചന്ദ്രനും, അമ്മിണിയും അവിടേക്ക് വരുന്നു. അവരെ സ്വീകരിക്കുമ്പോൾ അമ്മിണിയെ നോക്കി ഇനി പ്രമീളയ്ക്ക് ഒരു കൂട്ടാവുമെന്ന് പറയുന്നു. അമ്മിണി അകത്തേക്ക് പോയി പ്രമീളയെപ്പോയി കാണുമ്പോൾ പരിഭ്രമിച്ചിരിക്കുന്ന പ്രമീള അവളെ സ്വീകരിക്കണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്നു. അപ്പോൾ വിശ്വനാഥനും ബാലചന്ദ്രനും സംസാരിച്ചുകൊണ്ട് അവിടേക്ക് വരികയും, ഒന്നും ഉരിയാടാതെ നിൽക്കുന്ന പ്രമീളയെക്കണ്ട് നീ അമ്മിണിയെ അറിയില്ലേ, മുകളിലേക്ക് കൂട്ടിക്കൊണ്ടു പോവു എന്ന് പറയുമ്പോൾ, പ്രമീള അമ്മിണിയെക്കൂട്ടി മുകളിലേക്ക് പോവുന്നു.
അവർ പോയതും ബാലചന്ദ്രൻ വിശ്വനാഥനെയും പ്രമീളയെയും വിരുന്നിന് വിളിക്കാൻ വന്നതാണെന്ന് പറയുമ്പോൾ വിശ്വനാഥൻ വരാമെന്ന് പറയുന്നു. ,പിന്നീട്, വിശ്വനാഥൻ ബാലചന്ദ്രനെ ഇരിക്കാൻ പറയുമ്പോൾ, ധൃതിയുണ്ട് സിനിമയ്ക്ക് പോവുകയാണെന്നും പറഞ്ഞ് ബാലചന്ദ്രൻ വിസമ്മതിക്കുന്നു. അവിടെ, അമ്മിണി പ്രമീള ഉടുത്തിരിക്കുന്ന സാരിയെക്കുറിച്ചും മറ്റും അന്വേഷിക്കുമ്പോൾ, തനിക്കറിയില്ലെന്നും, വിശ്വനാഥൻ തന്നതാണെന്നും പ്രമീള പറയുന്നു. അണിഞ്ഞൊരുങ്ങി നിൽക്കുന്ന പ്രമീളയോട് അമ്മിണി വീണ്ടും ചോദിക്കുന്നു - പുറത്തേക്കെവിടെയെങ്കിലും പോവുന്നുണ്ടോ എന്ന്. അതിന്, വീട്ടിലിരിക്കുമ്പോഴും ഇങ്ങിനെ അണിഞ്ഞൊരുങ്ങി ഇരിക്കണമെന്നാണ് വിശ്വനാഥന്റെ ഉത്തരവെന്ന് മടിച്ചു മടിച്ചു കൊണ്ട് പ്രമീള പറയുന്നു. അന്നേരം ബാലചന്ദ്രൻ അവിടേക്ക് കയറി വരുന്നു. ബാലചന്ദ്രൻ വന്നത് ശ്രദ്ധിക്കുന്ന പ്രമീള സംസാരം നിർത്തുമ്പോൾ, പ്രമീളയെ വിരുന്നിന് ക്ഷണിച്ചില്ലേ എന്ന് അമ്മിണിയോട് ചോദിക്കുമ്പോൾ അവൾ ഉവ്വെന്ന് പറയുന്നു. പിന്നീട്, നേരം വൈകിയെന്നും, സിനിമ തുടങ്ങുന്നതിന് മുൻപ് എത്തണം എന്നും പറഞ്ഞ് ബാലചന്ദ്രൻ അമ്മിണിയെ വിളിക്കുമ്പോൾ അമ്മിണി പ്രമീളയോട് യാത്ര പറഞ്ഞ് ബാലചന്ദ്രനോടൊപ്പം പോവുന്നു. പ്രമീള അവർ പോകുന്നതും നോക്കി നിൽക്കുന്നു.
രാത്രിയിൽ അമ്മിണി ക്ഷണിക്കാൻ വന്നതാണെന്നും, താൻ മറുപടിയൊന്നും പറഞ്ഞില്ലെന്നും, പോകാമോ പോകാൻ പാടില്ലയോ എന്നൊന്നും ...... എന്ന് വിശ്വനാഥനോട് പ്രമീള പറഞ്ഞു വന്നത് മുഴുമിപ്പിക്കും മുൻപ് അല്പം പരുക്കൻ ശബ്ദത്തിൽ വിശ്വനാഥൻ എന്ത് എന്ന് ചോദിക്കുന്നു. അതുകേട്ട്, അല്ല, നേരത്തെ ഹേമ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞപ്പോ ...... എന്ന് പ്രമീള പരുങ്ങിക്കൊണ്ട് പറയുമ്പോൾ, അതുപോലെയാണോ ബാലചന്ദ്രനും ഭാര്യയും എന്ന് വിശ്വനാഥൻ ഇടയ്ക്ക് കയറി ചോദിക്കുന്നു. വിശ്വനാഥനെ മനസ്സിലാക്കാൻ കഴിയാതെ പ്രമീള അന്ധാളിച്ചു നിൽക്കുന്നു.
വിശ്വനാഥനും പ്രമീളയും ബാലചന്ദ്രന്റെ വീട്ടിലേക്ക് വിരുന്നിന് പോകുന്നു. വലിയ ആഘോഷത്തോടെയാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് പറഞ്ഞ് പ്രമീളയുടെ കൈയ്യിൽ വിവാഹ ആൽബം കൊടുത്ത്, സ്റ്റാർട്ടറും വെച്ച് കഴിക്കാൻ പറഞ്ഞ ശേഷം അമ്മിണി സ്റ്റാർട്ടറുമായി സ്വീകരണമുറിയിലേക്ക് പോയി വിശ്വനാഥന്റെ മുന്നിൽ വെക്കുമ്പോൾ, പ്രമീള എവിടെയെന്ന് വിശ്വനാഥൻ ചോദിക്കുന്നു. അതിന് പ്രമീള വിവാഹ ആൽബം കാണുകയാണെന്നവൾ മറുപടി നൽകി അകത്തേക്ക് പോകുന്നു. അപ്പോൾ, ബാലചന്ദ്രന്റെ വിവാഹം ഒരു വർഷം മുൻപല്ലേ നടന്നതെന്ന് ചോദിച്ച ശേഷം തുടരുന്നു - തന്റെ ആദ്യത്തെ വിവാഹം പതിനഞ്ച് വർഷം മുൻപായിരുന്നുവെന്നും, വിവാഹ ജീവിതത്തിൽ തനിക്കുള്ള ആവേശം വിലാസിനി മരിച്ചതോടെ തീർന്നുവെന്നും, ആരുടെ കുറ്റം കൊണ്ടോ എന്നറിയില്ല ഞങ്ങൾക്ക് കുഞ്ഞുങ്ങളുമുണ്ടായില്ലെന്നും, പിന്നെ ഒരു തരം വിരക്തിയായിരുന്നുവെന്നും, തന്റെ ശ്രദ്ധ മുഴുവൻ തന്റെ പ്രൊഫഷനിലേക്ക് തിരിച്ചുവെന്നും, അങ്ങിനെ ഈ നിലയിലെത്തിയെന്നും പറഞ്ഞ് വിശ്വനാഥൻ നിര്ത്തുന്നു. അപ്പോൾ, ഇപ്പോൾ ജീവിക്കാൻ ഒരു ഭാര്യ കൂടി വേണമെന്ന് തോന്നി അല്ലേ എന്ന് ഒരു ചെറു പുഞ്ചിരിയോടെ ബാലചന്ദ്രൻ ചോദിക്കുന്നു. അതിന്, ആ അർത്ഥത്തിലല്ലെന്നും, സൊസൈറ്റിയിൽ തനിക്കൊരു അപൂർണ്ണത തോന്നിത്തുടങ്ങിയെന്നും, ഒരു അപകർഷതാ ബോധം എന്നും, ക്ലബ്ബിലെ പാർട്ടിക്കോ പോയാൽ താൻ ഒറ്റയ്ക്കാണെന്നും, വീട്ടിൽ ആരെങ്കിലും വന്നാൽ ........ ഐ ഹോപ്പ് യൂ അണ്ടർസ്റ്റാൻഡ്, അതൊന്ന് മാറ്റിയെടുക്കാനായിരുന്നു ഈ വിവാഹം എന്നും വിശ്വനാഥൻ പറയുമ്പോൾ, ഇതെന്ത് മനുഷ്യൻ എന്ന പോലെ ബാലചന്ദ്രൻ, വിശ്വനാഥനെയും നോക്കിയിരിക്കുന്നു.
അകത്ത് പ്രമീള, സമയം കിട്ടുമ്പോഴൊക്കെ അമ്മിണി അങ്ങോട്ട് വരണം എന്നും, തനിക്ക് അവിടൊരു കൂട്ടില്ലെന്നും പറയുമ്പോൾ, വിശ്വനാഥൻ സാറില്ലേ എന്ന് ചോദിക്കുന്നു. അതിന്, ഒരു തരം വിരക്തിയോടെ ആ.. ആ.. എന്ന് പ്രമീള പറയുന്നു. അതിന്, വക്കീലന്മാരുടെ ഭാര്യാമാരായാൽ ഇതാ സ്ഥിതിയെന്നും, പകൽ മുഴുവൻ കോടതിയിലും, വൈകീട്ട് വന്നാൽ കക്ഷികളും കടലാസ് നോക്കലുമായിരിക്കും എന്ന് അമ്മിണി പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ ബാലചന്ദ്രൻ അങ്ങോട്ട് വന്ന് ഭക്ഷണം വിളമ്പാൻ പറയുന്നു. അമ്മിണി അതുകേട്ട് അടുക്കളയിലേക്ക് പോയതും ബാലചന്ദ്രൻ പ്രമീളയോട് എന്തോ പറയാൻ തുടങ്ങുന്നു. അതൊഴിവാക്കാനെന്നോണം പ്രമീള എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുന്നു.
വിശ്വനാഥൻ പ്രമീളയെയും കൂട്ടി ക്ലബ്ബിൽ പോവുന്നു. അവിടെ വിശ്വനാഥൻ സ്നൂക്കർ കളിച്ചുകൊണ്ടിരിക്കുന്നു. പുറത്ത് ടെന്നീസ് കോർട്ടിൽ ബാലചന്ദ്രൻ ടെന്നീസ് കളിച്ചുകൊണ്ടിരിക്കുന്നു. പ്രമീള പൊങ്ങച്ചക്കാരികളായ സൊസൈറ്റി ലേഡികളോടൊപ്പം (ലളിതശ്രീ & others) മറ്റൊരു സ്ഥലത്തു ഇരിക്കുന്നു. അവർ പ്രമീളയുടെ ആഭരണങ്ങളെക്കുറിച്ചും, ഹണിമൂണിന് എവിടേക്കാണ് പോവുന്നതെന്നും മറ്റും ചോദിച്ച് കളിയാക്കി ചിരിച്ചുകൊണ്ടിരിക്കുന്നു. പ്രമീളയ്ക്ക് അതെല്ലാം അസ്സഹനീയമായി തോന്നുന്നത് കൊണ്ട് അവിടുന്നും പുറത്തേക്ക് വന്ന് വരാന്തയിൽ നിൽക്കുന്നു. അപ്പോൾ അവളുടെ അടുത്തേക്ക് ബാലചന്ദ്രൻ വന്ന് സുഖമാണോ എന്ന് ചോദിക്കുമ്പോൾ, പ്രമീള അതെയെന്ന് മറുപടി പറയുന്നു. തുടർന്ന്, ഇങ്ങിനെ കണ്ടുമുട്ടുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്ന് ബാലചന്ദ്രൻ പറയുമ്പോൾ, അല്പം പുച്ഛത്തോടെ, പിന്നെങ്ങിനെ കണ്ടുമുട്ടുമെന്നാ ബാലചന്ദ്രൻ പ്രതീക്ഷിച്ചതെന്ന് പ്രമീള ചോദിക്കുന്നു. അതുകേട്ട്, ബാലചന്ദ്രൻ ചമ്മലോടെയും, അപകർഷതാ ബോധത്തോടെയും തലകുനിച്ചു നിൽക്കുകയും, പിന്നീട് വീണ്ടും ടെന്നീസ് കോർട്ടിലേക്ക് പോവുകയും ചെയ്യുന്നു . ആ നേരത്ത് വിശ്വനാഥൻ സൊസൈറ്റി ലേഡികളോട് പ്രമീള എവിടെയെന്ന് ചോദിക്കുമ്പോൾ, വരാന്തയിലേക്ക് പോകുന്നത് കണ്ടുവെന്ന് അവർ പറയുന്നു. അതുകേട്ട്, വിശ്വനാഥൻ പ്രമീളയുടെ അടുത്തേക്ക് വന്നു, എന്തിനിവിടെ വന്നെന്ന് ഉയർന്ന ശബ്ദത്തിൽ ദേഷ്യത്തോടെ ചോദിക്കുന്നു. അതിന്, അവിടിരുന്നു മടുത്തുവെന്ന് പ്രമീള പതിഞ്ഞ ശബ്ദത്തിൽ മറുപടി നൽകുന്നു. അതുകേട്ട്, അരിശത്തോടെ അവരോട് സംസാരിച്ചിരുന്നൂടെയെന്ന് വിശ്വനാഥൻ ചോദിക്കുമ്പോൾ, അവരോട് സംസാരിക്കാൻ തനിക്കറിഞ്ഞൂടെന്ന് പ്രമീള പറയുന്നു. അപ്പോൾ, അറിയണം എന്ന് വിശ്വനാഥൻ കയർക്കുന്നു. ഇതൊട്ടും പ്രതീക്ഷിക്കാത്ത പ്രമീള ചുറ്റുപാടും നോക്കി പൊങ്ങി വരുന്ന കരച്ചിൽ കടിച്ചമർത്താൻ ശ്രമിക്കുന്നു. വിശ്വനാഥന്റെ അലർച്ച കേട്ട് ബാലചന്ദ്രനും പകച്ചു നിൽക്കുന്നു.
രാത്രിയിൽ ബാലചന്ദ്രൻ വിഷമിച്ചിരിക്കുന്നത് കാണുന്ന അമ്മിണി കാര്യമെന്തെന്ന് ചോദിക്കുമ്പോൾ, ബാലചന്ദ്രൻ ക്ലബ്ബിൽ വെച്ച് വിശ്വനാഥൻ പ്രമീളയെ ശകാരിക്കുന്നത് കണ്ട കാര്യം പറയുകയും, പ്രമീളയെ ഏതോ ദുഃഖം അലട്ടുന്നുണ്ടെന്നും, അതുകൊണ്ട് സമയം കിട്ടുമ്പോഴൊക്കെ നീ അവിടേക്ക് പോകണമെന്നും, അവർക്കതൊരു ആശ്വാസമാകുമെന്നും പറയുന്നു. അമ്മിണി അതുകേട്ട് ചെറുതായൊന്ന് പുഞ്ചിരിക്കുന്നു.
പ്രമീള തൊടിയെല്ലാം ജോലിക്കാരോടൊപ്പം നിന്ന് വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ അമ്മിണി അവിടേക്ക് വരുന്നു. മുറിക്കുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ഫർണീച്ചറുകളെക്കുറിച്ച് അമ്മിണി അന്വേഷിക്കുമ്പോൾ, എല്ലാം അവിടെയും ഇവിടെയും ചിതറിക്കിടക്കുകയായിരുന്നെന്നും, താനതെല്ലാം ചിട്ടപ്പെടുത്തിയെന്നും പ്രമീള പറയുന്നു. അതുകേട്ട്, ഇനി വിശ്വനാഥൻ സാറിനെക്കൂടി ഒന്ന് ചിട്ടപ്പെടുത്തിയാ മതിയെന്ന് അമ്മിണി ഒരു കള്ളച്ചിരിയോടെ പറയുന്നു. തുടർന്ന്, വിവാഹം കഴിക്കുമ്പോൾ ബാലചന്ദ്രനും ഇതുപോലായിരുന്നുവെന്നും, താൻ ബാലചന്ദ്രനെ മാറ്റിയെടുത്തുവെന്നും അമ്മിണി പറയുമ്പോൾ പ്രമീള വിരക്തിയോടെ ചിരിക്കുന്നു.
വീട്ടിലെ മറ്റു സാധനങ്ങളെല്ലാം പൂമുഖത്തും മറ്റും ജോലിക്കാരുമൊത്ത് ക്രമീകരിച്ചുകൊണ്ടിരിക്കുമ്പോൾ വിശ്വനാഥൻ വരുന്നു. വിശ്വനാഥൻ കാറിൽ നിന്നും പൂമുഖത്തേക്ക് കയറിയതും അവിടെ വന്ന മാറ്റങ്ങളെ ശ്രദ്ധിച്ച് നിൽക്കുമ്പോൾ, കുറെ പ്രയാസപ്പെട്ട് പ്രമീളയാണ് ഇങ്ങിനെയല്ലാം ഒരുക്കിയതെന്ന് പിള്ള പറയുന്നു. അപ്പോൾ, പ്രമീളയെ ഒരു ചോദ്യ ചിഹ്നത്തോടെ നോക്കുന്ന വിശ്വനാഥനോട്, നന്നായിട്ടില്ലേയെന്ന് പ്രമീള ചോദിക്കുന്നു. അതിന് വിശ്വനാഥൻ മറുപടി ഒന്നും പറയുന്നില്ല. എങ്കിലും, നമുക്ക് ഈ പോർട്ടിക്കോയും, പിന്നാമ്പുറവും കൂടി ഒന്ന് ചുണ്ണാമ്പു പൂശണം എന്ന് വിശ്വനാഥനെ നോക്കി പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ വിശ്വനാഥൻ ഒന്നും പറയാതെ നീരസത്തോടെ മുകളിലേക്ക് കയറിച്ചെല്ലുന്നു. പ്രമീള വീണ്ടും അടിയേറ്റത് പോലെ പകച്ചു നിൽക്കുന്നു. പിള്ള അവളെ സഹതാപത്തോടെ നോക്കിയ ശേഷം അവിടുന്നും പോകുന്നു. പ്രമീള വിഷമത്തോടെ മുകളിലേക്ക് തന്നെ നോക്കി നിൽക്കുന്നു.
അല്പ നേരത്തിന് ശേഷം വിശ്വനാഥൻ ഉടുത്തൊരുങ്ങി മുകളിൽ നിന്നും പ്രമീളയെ ഉറക്കെ വിളിച്ചുകൊണ്ട് ക്ലബ്ബിലേക്ക് പോവേണ്ട, വേഗം ഡ്രസ്സ് ചെയ്യൂ എന്ന് പറയുന്നു. അതുകേട്ട് പ്രമീള വിഷമത്തോടെ മുകളിലേക്ക് കയറി വരുന്നു. അവളുടെ വിഷമം ശ്രദ്ധിച്ച അദ്ദേഹം, എന്താ എന്ന് നീരസത്തോടെ ചോദിക്കുമ്പോൾ, ഞാൻ വരണോ എന്ന് മടിച്ചു മടിച്ചു കൊണ്ട് പ്രമീള ചോദിക്കുന്നു. അതിന്, വരാനല്ലേ ഡ്രസ്സ് ചെയ്യാൻ പറഞ്ഞതെന്ന് അരിശത്തോടെ വിശ്വനാഥൻ പറയുന്നു. അപ്പോൾ, ദയവായി തന്നെ അങ്ങോട്ട് കൊണ്ടുപോവരുതെന്നും, തനിക്കവരോടൊപ്പം സംസാരിക്കാനോ പെരുമാറാനോ .... എന്ന് പ്രമീള പേടിച്ച് പേടിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ വിശ്വനാഥൻ കയർക്കുന്നു - വീട്ടുജോലിക്കല്ലാ നിന്നെ ഞാൻ വിവാഹം കഴിച്ചത്, അണിഞ്ഞൊരുങ്ങി ഇവിടെ ഇരിക്കാനുമല്ല, എന്റെ സൊസൈറ്റിയിൽ പ്രമീള ആരുമല്ല, നീ മിസ്സസ്സ് വിശ്വനാഥനാണ്, മനസ്സിലായോ എന്ന്. അതുകേട്ട്, പൊങ്ങി വരുന്ന കരച്ചിൽ അമർത്താൻ പാടുപെട്ടു കൊണ്ട്, രണ്ടു മിനിറ്റ്, ഇപ്പോൾ വരാമെന്ന് പറഞ്ഞ് പ്രമീള അകത്തേക്ക് പോകാനൊരുങ്ങുമ്പോൾ, ദേഷ്യത്തോടെ ആവശ്യമില്ലെന്ന് പറഞ്ഞ് ആവേശത്തോടെ വിശ്വനാഥൻ പുറത്തേക്ക് ഇറങ്ങിച്ചെല്ലുന്നു. പ്രമീള വീണ്ടും ഇടിവെട്ടേറ്റത് പോലെ പകച്ചു നിൽക്കുന്നു. ക്ലബ്ബിലെത്തിയ വിശ്വനാഥനോട് എല്ലാവരും പ്രമീള വന്നില്ലേ എന്ന് ചോദിക്കുമ്പോൾ അവൾക്ക് സുഖമില്ലെന്ന് പറഞ്ഞ് വിശ്വനാഥൻ ഒഴിഞ്ഞു മാറുന്നു. ഇതേ ചോദ്യം ബാലചന്ദ്രനും ചോദിക്കുമ്പോൾ, കൊണ്ടുവന്നില്ലെന്നും, താനൊരു തെറ്റു ചെയ്തു പോയെന്നും, ഈ വിവാഹം വേണ്ടിയിരുന്നില്ലെന്നും വിശ്വനാഥൻ പറയുമ്പോൾ ബാലചന്ദ്രൻ ചിന്താക്കുഴപ്പത്തിലാവുന്നു.
അന്നു രാത്രി ഭാര്യയുമൊത്ത് അത്താഴം കഴിക്കുമ്പോൾ ബാലചന്ദ്രന്റെ മൗനവും, മുഖത്തെ വല്ലായ്മയും ശ്രദ്ധിക്കുന്ന അമ്മിണി, അതിന്റെ കാരണം അന്വേഷിക്കുന്നു. പക്ഷേ, ബാലചന്ദ്രൻ അവളോട് ഒന്നും പറയാതെ തനിക്ക് വിശപ്പില്ലെന്ന് മാത്രം പറഞ്ഞ് ആഹാരം കഴിക്കാതെ എണീറ്റു പോവുന്നു. പിന്നീട് ബാലചന്ദ്രൻ ഉറക്കം വരാതെ അസ്വസ്ഥനായി ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ അമ്മിണി വീണ്ടും അസ്വസ്ഥതയുടെ കാരണം കൂടെക്കൂടെ അന്വേഷിക്കുന്നു. അപ്പോഴൊക്കെ ബാലചന്ദ്രൻ തനിക്കൊന്നുമില്ലെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു. അമ്മിണി വിട്ടുമാറുന്നില്ലെന്ന് വരുമ്പോൾ ബാലചന്ദ്രൻ അവളോട് ചെറുതായൊന്ന് ദേഷ്യപ്പെടുന്നു. അമ്മിണി പിന്നീട് ഒന്നും പറയാതെ എണീറ്റ് പോവുന്നു.
ഒറ്റയ്ക്ക് ക്ലബ്ബിലേക്ക് പോയി വരുന്ന വിശ്വനാഥനെയും കാത്ത് പ്രമീള രാത്രികളിൽ അത്താഴം കഴിക്കാതെ അദ്ദേഹത്തിന്റെ വരവും കാത്ത് വളരെ നേരം ഉറക്കമിഴിച്ചിരുന്ന് പിന്നീടെപ്പോഴോ മയങ്ങുമ്പോൾ വിശ്വനാഥൻ തിരിച്ചു വരുന്നു. അങ്ങിനെ വരുന്ന വല്ലപ്പോഴും രാത്രികളിൽ അവളുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നു. പ്രമീള ജീവനറ്റ ശവം കണക്കെ അയാൾക്ക് വഴങ്ങിക്കൊടുക്കുന്നു.
അവിടെ ബാലചന്ദ്രൻ പ്രമീളയെക്കുറിച്ചോർത്ത് എപ്പോഴും വ്യാകുലനായിക്കഴിയുന്നു. അവന്റെ ഈ മൗനത്തിനെയും, ദുഃഖത്തിന്റെയും കാരണമറിയാതെ അമ്മിണി അതീവ ദുഃഖിതയായി ദിവസങ്ങൾ തള്ളി നീക്കുന്നു. ഇവിടെ വിശ്വനാഥനും പ്രമീളയോട് ഉരിയാടാത്തത് കൊണ്ട് പ്രമീളയും ദുഃഖത്തിന്റെ എരിതീയിൽ വേവുന്നു. പ്രമീളയെക്കുറിച്ചുള്ള ഓർമ്മകൾ കാരണം ബാലചന്ദ്രന് തന്റെ ജോലിയിൽ പലപ്പോഴും പിഴവ് പറ്റുന്നു. അതുകൊണ്ട് വിശ്വനാഥനിൽ നിന്നും ശകാരം കേൾക്കേണ്ടി വരുന്നു. അങ്ങിനെ ഒരു ദിവസം വിശ്വനാഥൻ ബാലചന്ദ്രന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കുമ്പോൾ പ്രമീള അമ്മിണിക്ക് അസുഖമാണെന്നും, അവളെക്കാണാൻ പോയിവരട്ടെ എന്നും അനുവാദം ചോദിക്കാനായി ഫോൺ വിളിക്കുമ്പോൾ വിശ്വനാഥൻ അവൾക്ക് അനുവാദം കൊടുത്ത ശേഷം ബാലചന്ദ്രനോട് അമ്മിണിക്ക് എന്താണ് അസുഖമെന്ന് ചോദിക്കുന്നു. അതിന് അവൾക്ക് അസുഖമൊന്നുമില്ലല്ലോ എന്ന് ബാലചന്ദ്രൻ പറയുമ്പോൾ വിശ്വനാഥൻ ചിന്താക്കുഴപ്പത്തിലാവുന്നു.
പ്രമീള അമ്മിണിയെച്ചെന്ന് കാണുമ്പോൾ, ബാലചന്ദ്രൻ കുറെ ദിവസങ്ങളായി തന്നോട് സംസാരിക്കാറില്ലെന്നും, എന്ത് ചോദിച്ചാലും ദേഷ്യപ്പെടുന്നുവെന്നും, ബാലചന്ദ്രന്റെ മനസ്സിൽ വേറേതോ സ്ത്രീയുണ്ടെന്ന് ശക്തമായി താൻ സംശയിക്കുന്നുവെന്നും, താനിനി എന്തിനുവേണ്ടി ജീവിക്കണമെന്നും അമ്മിണി കരഞ്ഞുകൊണ്ട് പറയുമ്പോൾ പ്രമീള ഞെട്ടുകയും, അവളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ വിഷമിക്കുകയും ചെയ്യുന്നു. അതിനാൽ അമ്മിണിയെ ഒന്നാശ്വസിപ്പിക്കാൻ പോലും നിൽക്കാതെ പ്രമീള തിരിച്ചു പോവുന്നു. തിരിച്ചു പോവുന്ന നേരത്ത് പുറത്ത് ബാലചന്ദ്രനെയും കാത്തു നിൽക്കുന്ന വക്കൻ, പ്രമീളയെ ശ്രദ്ധിച്ച ശേഷം, അമ്മിണിയോട് അത് പ്രമീള ചേച്ചിയല്ലേ, ഹോ എന്തൊരു ഗമയാണിപ്പോൾ എന്ന് ചോദിക്കുമ്പോൾ, അമ്മിണി അവനോട് നീ അവരെ അറിയുമോ എന്ന് ചോദിക്കുന്നു. അതിനവൻ, നല്ലപോലെ അറിയാമെന്നും, ബാലചന്ദ്രൻ കോട്ടയത്ത് വക്കീൽപ്പണി തുടങ്ങിയ നേരത്ത് പ്രമീളയുടെ വീട്ടിലാണ് താമസിച്ചതെന്നും, ബാലചന്ദ്രനും പ്രമീളയും കടുത്ത പ്രണയത്തിലായിരുന്നുവെന്നും, അവർ തമ്മിൽ കല്യാണം കഴിക്കാൻ വരെ പോയതായിരുന്നുവെന്നും പറയുമ്പോൾ അമ്മിണിയ്ക്ക് തന്റെ കാലിന്റെ കീഴിൽ നിന്നും ഭൂമി പിളർന്ന് പോവുന്നത് പോലെ അനുഭവപ്പെടുന്നു.
ബാലചന്ദ്രനും പ്രമീളയും കാറിൽ അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോവുന്നതിനിടയിൽ വഴിക്ക് വച്ച് കാണുമ്പോൾ കാറുകൾ നിർത്തുന്നു. അപ്പോൾ, ബാലചന്ദ്രൻ പ്രമീളയുടെയടുത്തേക്ക് വന്ന് അമ്മിണിക്ക് എന്താണസുഖം എന്ന് ചോദിക്കുമ്പോൾ, നിന്നോടൽപ്പം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാറിൽ നിന്നും ഇറങ്ങി അല്പം മാറി നിന്ന് ബാലചന്ദ്രനോട് പറഞ്ഞു തുടങ്ങുന്നു - അമ്മിണി പാവമാണെന്നും, അവൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ എന്നും, അവളെ വേദനിപ്പിക്കരുതെന്നും പറഞ്ഞു നിർത്തുന്നു. അതുകേട്ട്, അവൾ വേദനിക്കുണ്ടെന്ന് തനിക്കറിയാമെന്നും, താൻ നഷ്ടപ്പെടുത്തിയ നിന്റെ ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ താൻ എല്ലാം മറന്നുപോവുന്നുവെന്നും, സ്വർണ്ണക്കൂട്ടിൽ കഴിയുന്ന കിളിയെപ്പോലെ നീ ആ വീട്ടിൽക്കഴിയുമ്പോൾ തനിക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും, അമ്മിണിയുടെ സ്ഥാനത്ത് നീയായിരുന്നെങ്കിൽ എന്ന ചിന്ത തന്നെ അതിലേറെ വിഷമിപ്പിക്കുന്നുവെന്നും, ഇപ്പോൾ തന്റെ മനസ്സ് നിറയെ നീയാണെന്നും ആ മനസ്സുകൊണ്ട് തനിക്ക് അമ്മിണിയെ സ്നേഹിക്കാൻ കഴിയുന്നില്ലെന്നും, താൻ എന്ത് ചെയ്യണമെന്ന് പറയു എന്ന് പറഞ്ഞുകൊണ്ട് ബാലചന്ദ്രൻ പ്രമീളയുടെ തോളത്ത് കൈകൾ വെക്കുന്നു. എല്ലാം പകച്ചുകൊണ്ട് കേട്ടു നിൽക്കുന്ന പ്രമീള, ബാലചന്ദ്രനെ ഉറ്റുനോക്കിക്കൊണ്ട് താനിന്നൊരാളുടെ ഭാര്യയാണ് എന്ന് ദേഷ്യത്തോടെ പറയുമ്പോൾ, ബാലചന്ദ്രൻ സ്വബോധം വന്നത് പോലെയും, കുറ്റബോധത്തോടെയും തല കുനിച്ചുകൊണ്ട് അവളുടെ തോളത്ത് നിന്നും കൈകൾ എടുക്കുന്നു. അപ്പോൾ പ്രമീള തുടരുന്നു - സ്വർണ്ണക്കൂട്ടിലല്ല, ശരപഞ്ജരത്തിലായാലും താൻ അവിടെ ജീവിക്കേണ്ടവളാണെന്നും, തന്റെ വേദന താൻ അനുഭവിച്ചോളാം അതിനെനിക്കൊരു പങ്കുകാരനെ ആവശ്യമില്ലെന്നും, പഴയ കാര്യങ്ങൾ ഓർത്തുകൊണ്ട് ഓർമ്മിപ്പിച്ചുകൊണ്ട് ഇനി തന്റടുത്തേക്ക് വരരുതെന്ന് ആവേശത്തോടെ പറഞ്ഞ് അവിടുർന്നും ധൃതിയിൽ നടന്നു നീങ്ങുന്നു. ബാലചന്ദ്രൻ പകച്ചുകൊണ്ട് അവളെത്തന്നെ നോക്കി നിൽക്കുന്നു.
അമ്മിണി നേരെ വിശ്വനാഥനെച്ചെന്ന് കാണുന്നു. അവളെക്കാണുന്ന വിശ്വനാഥൻ, നിനക്ക് സുഖമില്ലാന്ന് പറഞ്ഞല്ലോ, പ്രമീള അവിടെ വന്നില്ലേ എന്ന് ചോദിക്കുമ്പോൾ, താൻ ആ മനുഷ്യന്റെ കൂടെ ഇനി ജീവിക്കില്ലെന്ന് പറയുന്നത് കേട്ട് വിശ്വനാഥൻ പകച്ചുകൊണ്ട് അതിനും മാത്രം എന്തുണ്ടായി എന്ന് അവളോട് ചോദിക്കുന്നു.
അപ്പോൾ, ബാലേട്ടന് ഒരു കാമുകി ഉണ്ടെന്ന് പറയുന്നു. അതുകേട്ട്, അല്പം ഭ്രമിപ്പോടെ കാമുകിയോ എന്ന് വിശ്വനാഥൻ ചോദിക്കുന്നു. അതിന്, അതെയെന്നും, അവർ തമ്മിൽ നേരത്തെ ഇഷ്ടമായിരുന്നുവെന്നും, ഇപ്പോൾ വീണ്ടും കണ്ടുമുട്ടിയെന്നും, അവളിന്ന് മറ്റൊരാളുടെ ഭാര്യായാണെന്നും, പലപ്പോഴും ബാലേട്ടൻ അവളെക്കാണാറുണ്ടെന്നും, ബാലേട്ടന്റെ മനസ്സ് നിറയെ ഇപ്പോൾ അവളാണെന്നും, ഇങ്ങിനെ തനിക്കിനി മുന്നോട് പോകാനൊക്കൂല എന്നും, അവിടുന്ന് തന്നെ അടിച്ചിറക്കുന്നതിന് മുൻപ് തനിക്ക് അവിടുന്ന് രക്ഷപ്പെടണം എന്നും, തനിക്ക് വിവാഹമോചനം വേണമെന്നും കണ്ണീരോടെയും ആവേശത്തോടെയും അമ്മിണി പറഞ്ഞു തീർക്കുന്നു. വിശ്വനാഥൻ എല്ലാം അമ്പരപ്പോടെ കേൾക്കുന്നു. ബാലചന്ദ്രൻ രാത്രിയിൽ നേരം വൈകി വീട്ടിലെത്തുമ്പോൾ വേലക്കാരി വാതിൽ തുറന്ന് അമ്മിണി തരാൻ പറഞ്ഞതായി ഒരു കത്ത് ബാലചന്ദ്രനെ ഏൽപ്പിക്കുന്നു. ആ കത്തിൽ, നിങ്ങളുടെ മനസ്സ് നിറയെ ആരാണെന്ന് ഞാനറിഞ്ഞുവെന്നും, ഇതുവരെ നിങ്ങൾ എന്നോട് സ്നേഹം അഭിനയിക്കുകയായിരുന്നുവെന്നും, ഇനി ഈ നാടകം എന്നോട് വേണ്ടെന്നും, അവളെ ഇവിടെക്കൊണ്ടുവന്ന് താമസിപ്പിച്ചോ എന്നും, നിങ്ങളുടെ വെപ്പാട്ടിയോടുകൂടിയുള്ള താമസം എനിക്ക് വേണ്ട, ഞാൻ പോകുന്നുവെന്നും അമ്മിണി എഴുതിയത് കണ്ട് ബാലചന്ദ്രൻ തളർന്ന് പോകുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഇന്ദ്രനീലമെഴുതിയ |
പുതിയങ്കം മുരളി | ശ്യാം | കെ ജെ യേശുദാസ് |
2 |
ആരോമലേ നിലാവിൽ |
പുതിയങ്കം മുരളി | ശ്യാം | കെ ജെ യേശുദാസ് |