പാലാ അരവിന്ദൻ
കോട്ടയം ജില്ലയിലെ പാലായിൽ 1947 സെപ്തംബർ 10 ന് ജനനം. കെ.കെ. അരവിന്ദാക്ഷൻ എന്നതാണ് യഥാർത്ഥ പേര്.
സ്കൂൾ പഠനകാലത്തു തന്നെ നാടകാഭിനയം തുടങ്ങിയ ഇദ്ദേഹം പിന്നീട് പ്രൊഫഷണൽ നാടകരംഗത്തേക്കെത്തുകയും തൃശൂർ കലാസദൻ, അങ്കമാലി മാനിഷാദ, അങ്കമാലി നാടകനിലയം, ആലുവ യവനിക തുടങ്ങി ഒട്ടേറെ നാടക സമിതികളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു.
1966 ൽ പുറത്തിറങ്ങിയ ജയിൽ എന്ന ഉദയാ ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് അഭിനയിച്ചത് 1968 ൽ കുഞ്ചാക്കായുടെ തന്നെ നിർമ്മാണത്തിലും സംവിധാനത്തിലും പുറത്തിറങ്ങിയ പുന്നപ്ര വയലാർ എന്ന ചിത്രത്തിലാണ്.. സിനിമയിൽ വേഷങ്ങൾ ചെയ്യുമ്പോഴും നാടകരംഗത്ത് സജീവമായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം 2014 ൽ ലഭിച്ചിട്ടുണ്ട്.
വളയം, ചുക്കാൻ, മദാമ്മ, യൂത്ത് ഫെസ്റ്റിവൽ, പാസഞ്ചർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ തുടങ്ങി ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള പാലാ അരവിന്ദൻ മിനിസ്ക്രീൻ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് പരിചിതനാണ്. ഇതിനൊക്കെ പുറമേ ഒട്ടേറെ ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
നിലവിൽ കോട്ടയം ജില്ലയിലെ കൂരോപ്പടയിലാണ് ഇദ്ദേഹത്തിന്റെ താമസം. ഭാര്യ- രോഹിണി. സിനി, ഹ്രസ്വചിത്ര സംവിധായകൻ കൂടിയായ സിനോ അരവിന്ദൻ എന്നിവർ മക്കൾ.