വിധു പ്രതാപ്
ചലച്ചിത്ര പിന്നണിഗായകൻ. 1980 സെപ്റ്റംബറിൽ തിരുവനന്തപുരം ജില്ലയിലെ കൈതമുക്കിൽ പ്രതാപന്റെയും ലൈലയുടെയും മകനായി ജനിച്ചു. ഹോളി എയ്ഞ്ചൽസ്, ക്രൈസ്റ്റ് നഗർ സ്കൂളുകളിലായിരുന്നു വിധു പ്രതാപിന്റെ വിദ്യാഭ്യാസം. വളരെ ചെറിയ പ്രായത്തിൽത്തന്നെ പാട്ടിനോട് താത്പര്യം കാണിച്ചിരുന്ന അദ്ദേഹം അഞ്ചാം വയസ്സിൽ സംഗീതപഠനം തുടങ്ങി. സ്കൂൾ പഠനകാലത്ത് കലോത്സവങ്ങളിൽ പാട്ടിനോടൊപ്പം മിമിക്രിയിലും മോണോ ആക്ടിലുമെല്ലാം പങ്കെടുത്തിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിച്ചിരുന്നകാലത്ത് വിധുപ്രതാപ് കോളേജ് യൂണിയൻ ആർട്ട്സ്ക്ലബ് സെക്രട്ടറിയായിരുന്നു. വിധുപ്രതാപ് തന്റെ പതിനേഴാമത്തെ വയസ്സിൽ ഏഷ്യാനെറ്റ് നടത്തിയ മ്യൂസിക് കോമ്പിറ്റേഷനായ വോയ്സ് ഓഫ് ദ് ഇയർ വിജയിയായി. പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ കീഴിൽ നാലുവർഷം സംഗീതം പഠിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ കീഴിലും അദ്ദേഹം സംഗീതം പഠിച്ചിരുന്നു.
നാലാംക്ലാസ്സിൽ പഠിയ്ക്കുമ്പോളാണ് ആദ്യമായി ഒരു സിനിമയിൽ പാടുന്നത്. പാദമുദ്ര എന്ന സിനിമയിലായിരുന്നു ആദ്യഗാനം പാടിയത്. എന്നാൽ വിധുപ്രതാപ് ഒരു പിന്നണിഗായകൻ എന്ന രീതിയിൽ തന്റെ ജീവിതം ആരംഭിയ്ക്കുന്നത്. 1999-ൽ ദേവദാസി എന്ന സിനിമയിൽ പൊൻവസന്തം എന്ന അർദ്ധശാസ്ത്രീയഗാനം പാടിക്കൊണ്ടാണ്. ഇരുപതാമത്തെ വയസ്സിൽ സായാഹ്നം എന്ന സിനിമയിലെ കാലമേ കൈക്കൊള്ളുക നീ എന്നഗാനത്തിന് മികച്ച പിന്നണിഗായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം വിധുപ്രതാപിന് ലഭിച്ചു. 2000-ത്തിന്റെ തുടക്കം മുതൽ പത്തുവർഷത്തോളം മലയാള സിനിമയിലെ മുൻ നിര ഗായകരിലൊരാളായി വിധുപ്രതാപ് നിറഞ്ഞുനിന്നു. ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ യുവനായകന്മാരുടെ ശബ്ദമായി വിധുപ്രതാപ് മാറി. മീശമാധവൻ, നമ്മൾ, വെള്ളിത്തിര, പാണ്ടിപ്പട, റൺവേ, സ്വപ്നക്കൂട്.. തുടങ്ങി നിരവധി സിനിമകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ വിധുപ്രതാപ് ആലപിച്ചു.
നിരവധി ഗാനമേളകളിൽ ഇന്ത്യയിലും വിദേശത്തുമായി വിധുപ്രതാപ് പങ്കെടുത്തിട്ടുണ്ട്. പല ടെലിവിഷൻ ഷോകളിലും അവതാരകനായും ജഡ്ജായുമെല്ലാം അദ്ദേഹം പങ്കെടുത്തു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത "പാട്ടുകളുടെ പാട്ട്" എന്ന സീരിയലിൽ പ്രധാനകഥാപാത്രമായി വിധുപ്രതാപ് അഭിനയിച്ചു.
നർത്തകിയും ടെലിവിഷൻ അവതാരികയുമായിരുന്ന ദീപ്തിയാണ് വിധുപ്രതാപിന്റെ ഭാര്യ.