രാജശേഖരൻ

Rajasekharan

കായംകുളത്തിനടുത്ത്‌ പൊട്ടക്കയത്ത് ജനിച്ചു. "പ്രസന്നകേരളം" എന്ന ആദ്യകാല മലയാളം മാസികയുടെ ഉടമയും നാടകാചാര്യനുമായിരുന്ന ശ്രീ. പൊട്ടക്കനയം വേലുപ്പിള്ളയുടെ കൊച്ചുമകനായിരുന്നു രാജശേഖരൻ. 
എഴുപതുകളുടെ അവസാനം പ്രശസ്ത ചിത്രസംയോജകൻ ശ്രീ. റ്റി ആർ ശേഖറിന്റെ സഹായിയായാണ്‌ ശ്രീ. രാജശേഖരൻ തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്‌.അച്ചാരം അമ്മിണി ഓശാരം ഓമനകണ്ണപ്പനുണ്ണിതച്ചോളി അമ്പുമഞ്ഞിൽ വിരിഞ്ഞ പൂക്കൾസഞ്ചാരി തുടങ്ങിയ സിനിമകളിലൊക്കെ ഉദയയിൽ ശേഖറിന്റെ സഹായിയായിത്തുടർന്നു. ശ്രീ. എൽ. ഭൂമിനാഥൻ സ്വതന്ത്രചിത്രസംയോജകനായപ്പോൾ ആധിപത്യം(1983)-ത്തിൽ രാജശേഖരൻ അദ്ദേഹത്തിന്റെ സഹായിയായി. 
അതിനുശേഷം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എഡിറ്ററായിച്ചേർന്നു. 
അവിടുന്നങ്ങോട്ട് പൂച്ചക്കൊരു മൂക്കുത്തി മുതൽ രാക്കുയിലിൻ രാഗസദസ്സിൽ വരെയുള്ള മിക്ക പ്രിയദർശ്ശൻ സിനിമകളിലും രാജശേഖരൻ സഹായിയായി പ്രവർത്തിച്ചു. 

1986-ൽ സുഹൃത്തും ചലച്ചിത്രനിരൂപകനുമായ ശ്രീ. വിജയകൃഷ്ണൻ നിധിയുടെ കഥ എന്ന സിനിമയുടെ ആശയവുമായി വന്നപ്പോൾ പല എതിർപ്പുകളേയും അവഗണിച്ച്‌ ശ്രീ. രാജശേഖരൻ അതിന്റെ നിർമ്മാതാവായി. "പൊട്ടക്കനയം ഫിലിംസ്‌" എന്ന ബാനറിൽ ശ്രീ. രാജേഖരന്റെ അമ്മയായ "എൽ. ഗൗരിക്കുട്ടി അമ്മ"യാണ്‌ ക്രഡിറ്റ്സിൽ. ശ്രീ. സന്തോഷ്‌ ശിവന്റെ ആദ്യ സിനിമ കൂടിയായിരുന്നു "നിധിയുടെ കഥ". 
ഈ ചിത്രത്തിലാണ്‌ "രാജേഷ്‌ പൊട്ടക്കനയം എന്ന പേരിൽ ശ്രീ. രാജശേഖരൻ ആദ്യമായി സ്വതന്ത്ര ചിത്രസംയോജകനാകുന്നത്‌. 
അതിനുശേഷമാണ്‌ ചിത്രാഞ്ജലിയിലെ സൗഹൃദത്തിൽ രൂപം കൊണ്ട "ചൈത്രം സിനി ആർട്ട്സ്‌" എന്ന നിർമ്മാണക്കമ്പനിയുമായി അദ്ദേഹം ചേരുന്നത്‌. ചൈത്രത്തിന്റെ ബാനറിൽ ഇറങ്ങിയ ആദ്യ ചിത്രം സുനിൽ വയസ്സ് 20 ആണ്‌. പ്രശസ്ത തമിൾ കഥാകൃത്ത്‌ സുജാതയുടെ കഥയ്ക്ക്‌ ശ്രീ.കമൽ തിരക്കഥയും സംഭാഷണവുമൊരുക്കി ശ്രീ. കെ. എസ്‌. സേതുമാധവൻ സംവിധാനം ചെയ്തു. പിന്നീട്‌ നിർമ്മാണപ്രവർത്തനങ്ങളിൽ നിന്ന് ഏറെക്കാലം വിട്ടുനിന്നുകൊണ്ട്‌ "ചിത്രസംയോജന"ത്തിൽ ശ്രദ്ധ കൊടുത്തു. 

ശ്രീ. എൻ. ഗോപാലകൃഷ്ണനോടൊപ്പമാണ്‌ അധികവും സഹായിയായത്‌. ശ്രീ. ലനിൻ രാജേന്ദ്രന്റെ പുരാവൃത്തം(1988)ത്തിലും ശ്രീ. വി. ആർ. കെ. പ്രസാദിന്റെ അസോസിയേറ്റ്‌ എഡിറ്ററായി പ്രവർത്തിച്ചു. 

"എഡിറ്റിംഗ്‌ രാജശേഖരൻ" എന്ന്‌ എഴുതിക്കാണിച്ചുതുടങ്ങിയത്‌ ഒരു മെയ്‌മാസപ്പുലരിയിൽ(1987) യിലാണ്‌. അവിടുന്നങ്ങോട്ട്‌ കെ. ജി ജോർജ്ജിന്റെ യാത്രയുടെ അന്ത്യം ഉൾപ്പെടെ ധാരാളം സിനിമകളിൽ ചിത്രസംയോജകനായി പ്രവർത്തിച്ചു. അതിനിടയ്ക്ക്‌ പഴയ ചൈത്രത്തിന്റെ ബാനറിൽ ചെറിയ ലോകവും വലിയ മനുഷ്യരും നിർമ്മിച്ചു. പിന്നീട്‌ ജയറാമിനെത്തന്നെ നായകനാക്കി "ആയാറാം ഗായാറാം" എന്നൊരു ചിത്രം പ്ലാൻ ചെയ്തിരുന്നെങ്കിലും പകുതിവഴിയിൽ ഉപേക്ഷിച്ചു. 

1990-ൽ സംവിധായകൻ ശിവൻ മോഹിനിയാട്ടത്തെക്കുറിച്ച്‌ ഫിലിംസ്‌ ഡിവിഷനുവേണ്ടി നിർമ്മിച്ച 21 മിനിറ്റ്‌ ദൈർഘ്യമുള്ള ഒരു ഡോകുമെന്ററിയുടെ  ചിത്രസംയോജനത്തിന്‌ ശ്രീ. രാജശേഖരൻ മികച്ച ചിത്രസംയോജകനുള്ള(Non feature film) ദേശീയ പുരസ്കാരം നേടി. പ്രസ്തുത വിഭാഗത്തിലെ ആദ്യ പുരസ്കാര ജേതാവും അദ്ദേഹം തന്നെയാണ്. :
 രാജശേഖരന്റെ ഭാര്യ വിജയലക്ഷ്മി. മകൾ: ദൃശ്യ ശേഖർ

2021 ജനുവരിയിൽ അദ്ദേഹം അന്തരിച്ചു.