ജനാർദ്ദനൻ
Janardhanan
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ഉല്ലലയിലെ കൊല്ലറക്കാട്ടു വീട്ടിൽ ഗോപാലപിള്ളയുടെയും ഗൗരി അമ്മയുടേയും മകനായി 1946- ൽ ജനാർദ്ദനൻ ജനിച്ചു. അദ്ദേഹത്തിന് നാലു സഹോദരൻമാരും മൂന്നു സഹോദരിമാരുമുണ്ടായിരുന്നു. ജനാർദ്ദനന്റെ പ്രാഥമിക വിദ്യാഭ്യാസം വെച്ചൂർ എൻ എസ് എസ് ഹൈസ്കൂളിലും പ്രീഡിഗ്രി ചങ്ങനാശ്ശേരി ഹിന്ദു കോളെജിലുമായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം രണ്ടു വർഷം എയർഫോഴ്സിൽ ജോലിചെയ്തു. ഒരു ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും വിദ്യാഭ്യാസം തുടർന്ന ജനാർദ്ദനൻ നെയ്യാറ്റിങ്കര വേലുത്തമ്പി മെമ്മോറിയൽ എൻ എസ് എസ് കോളേജിൽ നിന്നും ബികോം ഡിഗ്രി എടുത്തു.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പ്രതിസന്ധി എന്ന ഡോക്യുമെന്ററിയിലാണ് ജനാർദ്ധനൻ ആദ്യം അഭിനയിച്ചത്. പിന്നീട് പി എൻ മേനോന്റെ ചെമ്പരത്തി സിനിമയിൽ പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിച്ചു. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത "ആദ്യത്തെ കഥ" ആണ് അഭിനയിച്ച ആദ്യ ചിത്രമെങ്കിലും, 1969 ൽ പി വേണു സംവിധാനം ചെയ്ത “വീട്ടു മൃഗം" ആണ് ജനാർദ്ദന്റേതായി ആദ്യം റിലീസ് ചെയ്യപ്പെട്ട സിനിമ. കുറച്ചുകാലം ജനാർദ്ദനൻ മലയാളനാട് വാരികയിൽ ജോലിചെയ്തിട്ടുണ്ട്.
എഴുപതുകളിലും എൺപതുകളുടെ പകുതിവരെയും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. സിബിഐ ഡയറികുറിപ്പ് പോലെയുള്ള സിനിമകളിലൂടേ സോഫ്റ്റ് ഹ്യൂമറും മുഴുനീള കോമഡി കഥാപാത്രമായും ഒക്കെ സിനിമയിൽ നിറഞ്ഞു നിന്നു. മാന്നാർ മത്തായി സ്പീക്കിംഗിലെ “ഗർവാസീസ് ആശാൻ” മലയാളിയുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായി. ഗാംഭീര്യം ഉള്ള ശബ്ദവും സംസാര രീതിയും ജനാർദ്ദനൻ എന്ന നടന്റെ ക്യാരക്ടർ ഐഡന്റിറ്റിയായി മാറിയത് വളരെ വേഗത്തിൽ ആയിരുന്നു. മിമിക്രി കലാകാരന്മാർ അതനുകരിച്ച് ഒരുപാടു കയ്യടികളും വാങ്ങിയിരുന്നു. കഥാനായകൻ എന്ന ചിത്രത്തിൽ പിന്നണിഗാനവും ആലപിച്ചിട്ടുണ്ട്.
വിജയലക്ഷ്മി ആണു ഭാര്യ. മക്കൾ രമാരഞ്ജിനിയും ലക്ഷ്മിയും.