നേമം പുഷ്പരാജ്
തിരുവനന്തപന്രം ജില്ലയിലെ നേമത്ത് ജനിച്ചു. നേമം ശാന്തിവിളയിലെ ന്യൂ എൽ.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ നിന്ന് (കേരള സർവകലാശാല) പെയിന്റിങിൽ ബിരുദം (BFA) ഒന്നാം റാങ്കോടെ 1985 -ൽ പാസ്സായി.1986 -ൽ കേരള സർക്കാരിന്റെ എൻസൈക്ലോപീഡിയ ഇൻസ്റ്റിറ്റ്യൂട്ടിലെ (സംസ്കാര വകുപ്പ്) ആർട്ട് എഡിറ്ററായി ചേർന്നു.
കേരളത്തിൽ പല സ്ഥലങ്ങളിലും ചിത്രപ്രദർശനങ്ങൾ നടത്തി ചിത്രകാരനെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് നേമം പുഷ്പരാജിന് സിനിമയിലെക്കുള്ള അവസരങ്ങൾ തുറന്ന് കിട്ടിയത്. ജയരാജ് സംവിധാനം ചെയ്ത പൈതൃകം എന്ന സിനിമയിലൂടെ കലാസംവിധായകനായി അരങ്ങേറി. ആദ്യ സിനിമയിലൂടെ തന്നെ പുഷ്പരാജിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു. തുടർന്ന് അൻപതിലധികം സിനിമകളിൽ കലാസംവിധായകനായി. 2003 -ൽ ഗൗരീശങ്കരം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് പുഷ്പരാജ് സംവിധനാരംഗത്തേക്ക് പ്രവേശിച്ചു. തുടർന്ന് ബനാറസ് ഉൾപ്പെടെ നാല് സിനിമകൾ കൂടി സംവിധാനം ചെയ്തു.
കേരള ലളിതകലാ അക്കാദമി ചെയർമാനായിട്ടുള്ള നേമം പുഷ്പരാജ് ഇപ്പോൾ തിരുവനന്തപുരം നേമത്ത്, സ്വന്തം നാട്ടിൽ ഫൈൻ ആർ്ട്സ് കോളേജ് മാതൃകയിൽ 'ഇന്ത്യൻ ആർട്ട് അക്കാഡമി" എന്ന കലാസ്ഥാപനത്തിലൂടെ ചിത്രകലയും മറ്റ് സംഗീത, നൃത്ത, കലാ പാഠങ്ങളും പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന തിരക്കിലാണ് ഇദ്ദേഹം. പുഷ്പരാജിന്റെ ഭാര്യ ലതിക കെൽട്രോൺ ജീവനക്കാരിയാണ്. മക്കൾ അപർണ രാജ്, ആര്യ രാജ്.


