പി ലീല
പാലക്കാട്ടെ ചിറ്റൂര്‍ പൊറയത്തു കുടുംബത്തില്‍ ഇ.കെ.കുഞ്ഞന്‍മേനോന്‍-മീനാക്ഷിക്കുട്ടിയമ്മ ദമ്പതികളുടെ ഇളയസന്താനമായി 1934-ല്‍ പി.ലീല ജനിച്ചു. മാതാപിതാക്കളുടെ അഭിരുചിക്കനുസൃതമായി കുട്ടിക്കാലം മുതല്‍ സംഗീതപഠനമാരംഭിച്ചു. തൃപ്പൂണിത്തുറ മണിഭാഗവതരായിരുന്നു ലീലയുടെ ആദ്യ ഗുരു. പന്ത്രണ്ടാം വയസ്സില്‍ മദ്രാസില്‍ 'ആന്ധ്രാമഹിളാസഭ' യുടെ ആഭിമുഖ്യത്തില്‍ സംഗീതക്കച്ചേരി നടത്തിക്കൊണ്ട് പി.ലീല തന്റെ സംഗീതജീവിതത്തിന് അരങ്ങേറ്റം കുറിച്ചു. ഈ കച്ചേരിയിലൂടെ കിട്ടിയ പ്രശസ്തികൊണ്ട് കൊളംമ്പിയ റെക്കോര്‍ഡിംഗ് കമ്പനിയില്‍ അവര്‍ക്കു ജോലികിട്ടി. 1946-ല്‍ എച്ച്.ആര്.പത്മനാഭശാസ്ത്രിയുടെ സംഗീതത്തില്‍ 'കങ്കണം' എന്ന തമിഴ് ചിത്രത്തില്‍ ''ശ്രീവരലക്ഷ്മി ദിവ്യ....'' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ലീല സിനിമാ സംഗീതത്തിലേക്കു വരുന്നത്.രണ്ടാമത്തെ തമിഴ് ചിത്രമായ 'ബില്ഹണ' യിലെ ഗാനങ്ങളും മികച്ചതായിരുന്നു.മലയാളത്തില്‍ 'നിര്‍മ്മല' എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കുളള ലീലയുടെ അരങ്ങേറ്റം. ആ ചിത്രത്തില്‍ ജി.ശങ്കരക്കുറുപ്പ് രചിച്ച ''പാടുക പൂങ്കുയിലേ കാവുതോറും'' എന്നുതുടങ്ങുന്ന ഗാനം ഗോവിന്ദറാവുവിനോടൊപ്പം പാടിക്കൊണ്ട് ലീല ഒരു ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു. മലയാളത്തില്‍ പിന്നീട് നിരവധിമികച്ച ചലച്ചിത്രഗാനങ്ങള്‍ അവര്‍ പാടുകയുണ്ടായി. പി ലീല അവസാനമായി പാടിയത് 1998 ൽ തിരകൾക്കപ്പുറം എന്ന സിനിമയിലെ കരയുടെ മാറിൽ തലോടി എന്ന ഗാനം കെ ജെ യേശുദാസിനൊപ്പമായിരുന്നു.
ചലച്ചിത്ര പിന്നണി ഗായികയായി വിജയം നേടിയ അവരുടെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. പതിനാലുമാസം മാത്രമേ ആ ബന്ധം നീണ്ടുനിന്നുളളൂ. അതിനുശേഷം വിവാഹബന്ധം വേര്‍പെടുത്തിയ ലീല ചെന്നൈയില്‍ സഹോദരിയോടൊത്തു താമസിക്കുകയായിരുന്നു.
ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പം ലളിതഗാനത്തിലും ഭക്തിഗാനത്തിലും പ്രശസ്തി നേടിയ ലീല മലയാളത്തിന്റെ പൂങ്കുയില്‍ എന്നറിയപ്പെടുന്നു. നാരായണീയം, ഹരിനാമകീര്‍ത്തനം,അയ്യപ്പസുപ്രഭാതം,ഗുരുവായൂര്‍ സുപ്രഭാതം, ശ്രീമൂകാംബികാ സുപ്രഭാതം തുടങ്ങിയവ ലീലയെ ഭക്തിഗാനരംഗത്ത് പ്രശസ്തയാക്കി. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളില്‍ പാടിയ ലീല നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. 1940-ല്‍ എറണാകുളത്തെ ഗേള്‍സ് ഹൈസ്ക്കൂളില്‍ നിന്നു കിട്ടിയ സ്വര്‍ണ്ണമെഡലാണ് ആദ്യ അംഗീകാരം. തുടര്‍ന്ന് ഗാനമണി, ഗാനകോകിലം, സംഗീതസരസ്വതി, കലാരത്നം,കലൈമാമണി, ഭക്തിഗാനതിലകം, ഗാനവര്‍ഷിണി, ഗാനസുധ, സംഗീതനാരായണി തുടങ്ങി അനവധി ബഹുമതികള്‍. 1969-ല്‍ കേരള സര്‍ക്കാരിന്റെ ആദ്യ ചലച്ചിത്രപുരസ്കാരവും 1999-ല്‍ കമുകറ അവാര്‍ഡും കിട്ടി. കേരള സംഗീതനാടക അക്കാഡമി അവാര്‍ഡ്, ഫിലിം ഫാന്‍സ് അവാര്‍ഡ് തുടങ്ങി ബഹുമതികള്‍ നീളുന്നുപിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരള സംസ്ഥാന അവാർഡ് 1969 ൽ കടല്‍പ്പാലം എന്ന ചിത്രത്തിലെ “ഉജ്ജയിനിയിലെ ഗായിക “ എന്ന ഗാനത്തിനു ലഭിച്ചു. 2006 ൽ പത്മഭൂഷൺ ലഭിച്ചു.
സഹോദരിയുടെ കൂടെ താമസിച്ചു വന്നിരുന്ന ലീല കുളിമുറിയില്‍ കാല് വഴുതി വീണതിനെ തുടര്‍ന്ന് തലക്കു പരിക്കേറ്റ് സെപ്റ്റംബര്‍ 20 മുതല്‍ ആശുപത്രിയിലായിരുന്നു. ആസ്മ രോഗിയായ ഇവര്‍ക്ക് തലയില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയമാക്കിയെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പി ലീല 2005 ഒക്ടോബർ 30നു ഞായറാഴ്ച രാത്രിയിൽ മരണമടഞ്ഞു.