ലിജു പ്രഭാകർ

Liju Prabhakar

ലിജു പ്രഭാകർ - കളറിസ്റ്റ് / കളർ കൺസൾട്ടൻ്റ്: കണ്ണൂർ, വലിയന്നൂർ ഗ്രാമത്തിൽ സി. പ്രഭാകരൻ്റേയും രമാദേവിയുടെയും മകനായി ജനിച്ച ലിജു പ്രഭാകർ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ ആണ് സ്കൂൾ പഠനം നടത്തിയത്. തുടർന്ന് ചെന്നൈയിലെ എസ് എ എൻജിനീയറിംഗ് കോളേജിൽ ചേർന്ന് എൻജിനീയറിംഗ് പഠിച്ചു. ലിജുവിൻ്റെ പിതാവ് മുംബയിൽ ജോലി ചെയ്തിരുന്നതിനാൽ, മുംബയിൽ എച് സി എൽ ൽ ആദ്യജോലിക്ക് കയറി.

മുംബയിൽ പ്രസാദ് ഫിലിം ലാബ്സിൽ ട്രയിനി എൻജിനീയർ ആയും തുടർന്ന് ടെക്നികൽ എൻജിനീയർ സപ്പോർട്ട് ആയിട്ടൂം ജോലി ലഭിച്ചതിൽ നിന്നാണ് തൻ്റെ ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞ്, ഫിലിം റിലേറ്റഡ് ജോലിയിലേക്ക് മാറുകയായിരുന്നു.

നെഗറ്റീവ് റ്റു വീഡിയോ കൺവെർഷൻ ടെലിസിനി മെഷീൻ, കളർ കറക്റ്റ് ചെയ്തിരുന്ന ഡാവിഞ്ചി 444 മെഷീൻ എന്നിവയൊക്കെ പരിചയപ്പെടുകയും പഠിക്കാൻ ആഗ്രഹം തോന്നുകയും ചെയ്ത് ഡിപാർട്ട്മെൻ്റ് മാറി. കളറിംഗിനെക്കുറിച്ച് ഒരു വർഷം പഠിച്ചു. അങ്ങനെ ടെലിസിനി കളറിസ്റ്റ് എന്നൊരു തസ്തികയിൽ പ്രസാദ് ഫിലിം ലാബ്സിൽ തന്നെ ജോലി ചെയ്തു. 2008 ൽ പ്രസാദ് ഫിലിം ലാബ് വിട്ടു. റിലൈൻസ്, ആഡ്‌ലാബ്‌സിനെ ടേക് ഓവർ ചെയ്ത കാലഘട്ടത്തിൽ 2008 മുതൽ 2013 വരെ ആഡ്‌ലാബ്‌സിൽ ജോലി ചെയ്തു. ഈ കാലഘട്ടത്തിൽ ‘3 ഇഡിയറ്റ്സ്‘, ‘രാവൺ‘, ‘കമീനെ‘,‘സാത് ഖൂൺ മാഫ്‘ തുടങ്ങിയ പല വലിയ സിനിമകളുടെയും ടെലെസിനി കളറിസ്റ്റ് ആയി വർക്ക് ചെയ്തു. ‘സ്റ്റുഡൻ്റ് ഓഫ് ദി ഇയർ‘ ൽ കളറിസ്റ്റ് ആയും ജോലി ചെയ്തു.

‘സ്റ്റുഡൻ്റ് ഓഫ് ദി ഇയർ‘ ന് ശേഷം 2013 ൽ കേരളത്തിലേക്ക് വന്നു. 2013 മുതൽ 150 പരം ചെറുതും വലുതുമായ മലയാളം / തമിഴ് / ഹിന്ദി / തെലുങ്ക് സിനിമികൾക്ക് കളറിംഗ് ചെയ്തു.

2019, 2020, 2021 എന്നീ മൂന്ന് വർഷങ്ങളിൽ അടുപ്പിച്ച് ബെസ്റ്റ് കളറിസ്റ്റ് സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ ആളാണ് ലിജു പ്രഭാകർ. 2019 ൽ 'ഇടം‘ എന്ന സിനിമക്കും, 2020 ൽ കയറ്റം എന്ന സിനിമക്കും 2021 ൽ ‘ചുരുളി‘ എന്ന സിനിമക്കും കളർ എഡിറ്റിംഗ് ചെയ്തതിനാണ് അവാർഡുകൾ നൽകപ്പെട്ടത്.

ഈ അടുത്ത കാലത്തിറങ്ങിയവയിൽ ലിജു പ്രഭാകരൻ്റെ മികച്ച വർക്കുകളിൽ ചിലതാണ് ‘ദൃശ്യം-2, നായാട്ട്, ഭീമൻ്റെ വഴി, ചുരുളി, ഹൃദയം,‘ തുടങ്ങിയവയൊക്കെ.

ഭാര്യ: ജിമ്‌ന ലിജു. മകൻ: ഹയാൻ.