ജോസ് മുനമ്പം
ചാർത്താംപറമ്പിൽ വർക്കിയുടേയും മറിയത്തിന്റേയും മകനായി1946 നവംബർ 27 ന് വൈപ്പിൻകര മുനമ്പത്ത് ജനനം. മുനമ്പം, പള്ളിപ്പുറം എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം, പിന്നീട് തൃശൂർ സീതിസാഹിബ് മെമ്മോറിയൽ ഹൈസ്ക്കൂളിൽ ഒൻപതാം ക്ലാസ്സുവരെ പഠിച്ചു. അപ്പന്റെ മരണവും തുടർന്ന് വീട്ടിലെ പ്രാരാബ്ധങ്ങളും കൊണ്ട് ഒൻപതിൽ പഠനം നിറുത്തി. ആദ്യകാലത്ത് നാടകങ്ങളിൽ പെൺവേഷം കെട്ടാൻ ആളില്ലാതിരുന്ന സമയത്ത് ജോസ്, തന്റെ പന്ത്രണ്ടാം വയസ്സിൽ പറവൂർ ജോർജ്ജിന്റെ നേർച്ചക്കോഴി എന്ന നാടകത്തിൽ കഴുത്തിനു ചുറ്റും നാക്കുള്ള കത്രീനച്ചേടത്തി എന്ന കഥാപാത്രം ചെയ്തുകൊണ്ട് നാടകത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരുപാട് നാടകങ്ങളിൽ അഭിനയിച്ചു.
അങ്ങനെയിരിക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ നാട്ടിൽ തൃപ്രയാര്‍ സുകുമാരന്‍, ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന് വേണ്ടി ചെയ്ത 'ചക്രം' എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാൻ ഇടയായതും, ഷൂട്ടിംഗ് കാണാൻ പോയ ജോസിനെ നാട്ടുകാർ ചേർന്ന് സംവിധായകന്റെ അടുത്തെത്തിക്കുകയും ചക്രത്തിൽ ഒരു വേഷം ലഭിക്കുകയും ചെയ്തു (ആ ചിത്രം പൂർത്തീകരിക്കപ്പെട്ടില്ല). പിന്നീടിങ്ങോട്ട് ഒരുപാട് സിനിമകളിൽ ജോസ് മുഖം കാണിച്ചു.
ഒരുപാട് നടന്മാരുടെയും നടിമാരുടേയും ( സത്യന്‍, പ്രേംനസീര്‍, കെ പി ഉമ്മര്‍, ഗോവിന്ദന്‍കുട്ടി, കൊട്ടാരക്കര, ശാരദ, ടി ആർ ഓമന തുടങ്ങിയ ) ശബ്ദങ്ങളും ഇദ്ദേഹം അനുകരിക്കാറുണ്ട്.
K രാധാകൃഷ്ണന്റെ പ്രശസ്ത നോവല്‍ ആസ്പദമാക്കി ശ്രീ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ' ശമനതാളം ' എന്ന സീരിയലില്‍ ആന്റണി എന്ന ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു.
തുടര്‍ന്ന്, ശാരദ, സ്ത്രീ , മനസ്, ധന്യം, തുടങ്ങി ചില സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. നിലവില്‍, കാര്‍ത്തിക ദീപം എന്ന സീരിയലില്‍ ഒരു വേഷം ചെയ്തുകൊണ്ടിരിക്കുന്നു.
ഇതിനിടെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിലും ശ്രദ്ധേയമായ ഒരു വേദി ലഭിച്ചിരുന്നു.
തൊമ്മച്ചേട്ടന്‍ മെത്രാനായി ( കഥ ) കടല്‍മുത്ത് (നോവൽ) എന്നീ രചനകളും അദ്ദേഹം ചെയ്തിട്ടുണ്ട്.
പതിമൂന്നു വർഷങ്ങൾക്കു മുൻപ് ഭാര്യയുടെ മരണശേഷം മകന്റെ കുടുംബത്തോടൊപ്പം തൃശൂർ കല്പ്പറമ്പിൽ താമസിക്കുന്നു. ജോസിന് മകനെക്കൂടാതെ ഒരു മകളുമുണ്ട്. സിനിമയോടൊപ്പം ജീവിതമാർഗ്ഗത്തിനുവേണ്ടി ക്ഷേത്രനടകളിലും കൊടുങ്ങല്ലൂർ ഭാഗത്തെ ചില വീടുകളിലും പരിസരങ്ങളിലുമായി ചെറിയ കച്ചവടവും ആയി വളരെ സന്തോഷത്തോടെ ജീവിതം നയിക്കുന്നു.