ജയൻ ക്രയോൺ
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് സ്വദേശി. വിദ്യാഭ്യാസത്തിനു ശേഷം കൊമേഴ്സ്യൽ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ചു. പിന്നീട് സിനിമാരംഗത്ത് കലാസംവിധാനത്തിൽ അസിസ്റ്റന്റ് ആയി. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിൽ എം ബാവയുടെ അസിസ്റ്റന്റ് ആയാണ് ജയൻ സിനിമയിൽ തുടക്കം കുറിക്കുന്നത്. അതിനുശേഷം ഗിരീഷ് മേനോൻ, സാബു സിറിൽ, സതീഷ് കൊല്ലം, സന്തോഷ് രാമൻ എന്നീ കലാ സംവിധായകരുടെ കൂടെ ഒട്ടേറെ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി.
പിന്നീട് 5 വർഷക്കാലം ക്രയോൺ ഡിസൈൻ എന്ന പേരിൽ അബുദാബിയിൽ ഗ്രാഫിക്സ് ഡിസൈൻ സ്ഥാപനം നടത്തി തിരിച്ചു വന്നു.. 2018 ൽ രക്തസാക്ഷ്യം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാ സംവിധായകനായി. തുടർന്ന് തൊട്ടപ്പൻ ഇഷ്ക് , ജിമ്മി ഈ വീടിന്റെ ഐശ്വര്യം, ആനപ്പറമ്പിലെ വേൾഡ്കപ്പ്, മധുര മനോഹര മോഹം എന്നിവയുൾപ്പെടെ ഇരുപതോളം ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ചു. കൂദാശ, ദൃശ്യം 2 എന്നിവയുൾപ്പെടെ ചില സിനിമകളിൽ ജയൻ അഭിനയിച്ചിട്ടുണ്ട്.