അലൻസിയർ
മലയാള ചലച്ചിത്ര,നാടക നടൻ. 1965 ഡിസംബർ 11 ന് തിരുവനന്തപുരം ജില്ലയിലെ പുത്തൻ തോപ്പിൽ ജനിച്ചു. അലൻസിയറിന്റെ പ്രാഥമിക വിദ്യാഭ്യാസം തുമ്പ സെന്റ് സേവിയർ സ്ക്കൂളിലായിരുന്നു. തുടർ വിദ്യാഭ്യാസം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലായിരുന്നു. അഞ്ചാം വയസുമുതൽ നാടകാഭിനയം തുടങ്ങിയ അലൻസിയർ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സുഹൃത്തുക്കളുമായി ചേർന്ന് 'നേതാജി തിയറ്റർ എന്ന പേരിൽ ചെറിയ നാടകഗ്രൂപ്പ് ആരംഭിക്കുകയുണ്ടായി. ഇവരുടെ നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തുകൊണ്ടായിരുന്നു അമച്ച്വർ നാടകരംഗത്ത് തുടങ്ങിയത്. കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. സി.പി. കൃഷ്ണകുമാറിന്റെ നാടക സംഘത്തിലും കാവാലം നാരായണ പണിക്കരുടെ സോപാനം നാടകസംഘത്തിലും കെ. രഘുവിന്റെ നാടകയോഗം നാടക സംഘത്തിലും പ്രവർത്തിച്ച അലൻസിയർ ടെലിവിഷൻ - സിനിമ രംഗത്തേക്ക് വരുന്നതുവരെ നാടകസംഘങ്ങളിൽ സജീവമായിരുന്നു.
നാടക വേദികളിൽ നിന്ന് അദ്ദേഹം സാവധാനം സിനിമയിലേയ്ക്ക് ചുവടുമാറ്റി. 1998 ൽ എം ടിയുടെ ദയ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത അലൻസിയർ 2012 മുതലാണ് ശ്രദ്ധിയ്ക്കപ്പെടുന്ന വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്. 2012 ൽ ഉസ്താദ് ഹോട്ടൽ, 2013 ൽ അന്നയും റസൂലും, കന്യക ടാക്കീസ്, വെടി വഴിപാട്.. എന്നീ സിനിമകളിലൂടെ അലൻസിയർ ശ്രദ്ധിയ്ക്കപ്പെടാൻ തുടങ്ങി. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, തൊണ്ടിമുതലും ദൃക്സാക്ഷിയും, എന്റെ മെഴുതിരി അത്താഴങ്ങൾ.. എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ മികച്ചവേഷങ്ങൾ ചെയ്തു പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി. 2017 ൽ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിലൂടെ അലൻസിയർ കരസ്തമാക്കി.
അലൻസിയറിന്റെ ഭാര്യ സുശീല ജോർജ്ജ്. രണ്ടുകുട്ടികളാണ് അലൻസിയർ - സുശീല ദമ്പതികൾക്കുള്ളത്.