വിനോദ് കെടാമംഗലം
(അഭിനേതാവ്-മിമിക്രി ആർട്ടിസ്റ്റ്) എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനടുത്ത് കെടാമംഗലം സ്വദേശി. കെടാമംഗലം എൽ പി സ്ക്കൂൾ, പറവൂർ സമൂഹം സ്ക്കൂൾ, മൂത്തകുന്നം മാല്ല്യങ്കര കോളേജ് എന്നിവിടങ്ങളിൽ വിഭ്യാഭ്യാസം. സ്ക്കൂൾ - കോളേജ് പഠന കാലത്തുതന്നെ മിമിക്രി, കഥാപ്രസംഗം എന്നീ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. സമൂഹം സ്ക്കൂളിലെ ഹൈസ്ക്കൂൾ പഠന കാലത്ത് മിമിക്രിയിലും കഥാപ്രസംഗത്തിലും സംസ്ഥാന തലത്തിൽ വിജയിയായിരുന്നു. കോളേജ് പഠനത്തിനു ശേഷം പൊതുവേദികളിൽ മിമിക്രി അവതാരകനായി. ആദ്യകാലത്ത് കൊച്ചിൻ മെലഡീസ്, ആലുവ ശാരിക എന്നീ ട്രൂപ്പുകളിൽ മിമിക്രി അവതരിപ്പിച്ചു. പിന്നീട് കലാഭവൻ ജിമ്മി നയിക്കുന്ന കൊച്ചിൻ കലാനികേതൻ എന്ന ഗാനമേള - മിമിക്രി ട്രൂപ്പിലൂടെയാണ് പ്രൊഫഷണൽ മിമിക്രി കലാകാരനായത്. കൂട്ടുകാരനും മിമിക്രി കലാകാരനുമായ സാഗർ ഷിയാസ് മുഖാന്തിരം ഏഷ്യാനെറ്റ് ചാനലിലെ ‘സിനിമാല’ എന്ന കോമഡി പ്രോഗ്രാമിൽ ചെന്നെത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി ഏഷ്യാനെറ്റ് ‘സിനിമാല‘യിലെ കലാകാരനാണ്. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളിൽ മിമിക്രി ചെയ്തിട്ടുണ്ട്.
2001ൽ നിസ്സാർ സംവിധാനം ചെയ്ത ‘ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്” എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചു.പിന്നീട് പല സിനിമകളിലും ചെറിയ വേഷങ്ങൾ. ‘ക്രേസി ഗോപാലൻ‘, ‘ആഗതൻ’, ‘സ്വലേ’, ‘ജനപ്രിയൻ’ എന്നീ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു.