വി മധുസൂദനൻ നായർ
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനൻ നായർ ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980 -കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ മധുസൂദനൻ നായർ കുറച്ചുകാലം വീക്ഷണം, കേരളദേശം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. അതിനു ശേഷമാണ് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാള അദ്ധ്യാപകനായി ചേർന്നത്. ഇരുപത്തിയേഴ് വർഷം ഇവിടെ അദ്ധ്യാപകനായി ജോലിചെയ്ത അദ്ദേഹം പതിനേഴു വർഷത്തോളം മലയാള വിഭാഗത്തിലെ പ്രധാനാധ്യാപകനായിരുന്നു. കേരള സർവകലാശാലയിലും ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലും സന്ദർശക അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. അദ്ധ്യാപകവൃത്തിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചശേഷവും ഭാഷാപഠനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്.
1992 -ൽ പുറത്തിറങ്ങിയ "നാറാണത്തു ഭ്രാന്തൻ "എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്. മധുസൂദനൻ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം. കസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച കവിയാണ് മധുസൂദനൻ നായർ.
1994 -ൽ ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിൽ മോഹൻ സിത്താരയുടെ സംഗീത സംവിധാനത്തിൽ വരികൾ എഴുതി ആലപിച്ചുകൊണ്ട് മധുസൂദനൻ നായർ ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. അതിനുശേഷം കുലം, പുനർജനി, വീട്ടിലേക്കുള്ള വഴി എന്നീ സിനിമകൾക്കും പാട്ടുകൾ എഴുതി. നിരവധി സംഗീത ആൽബങ്ങൾക്കു വേണ്ടിയും അദ്ധേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
വി മധുസൂദനൻ നായരുടെ പ്രധാന കൃതികൾ - പ്രധാന കൃതികൾ
1 നാറാണത്തു ഭ്രാന്തൻ
2 ഭാരതീയം
3 അഗസ്ത്യഹൃദയം
4 ഗാന്ധി
5 അമ്മയുടെ എഴുത്തുകൾ
6 നടരാജ സ്മൃതി
7 പുണ്യപുരാണം രാമകഥ
8 സീതായനം
9 വാക്ക്
10 അകത്താര് പുറത്താര്
11 ഗംഗ
12 സാക്ഷി
13 സന്താനഗോപാലം
14 പുരുഷമേധം
15 അച്ഛൻ പിറന്ന വീട്
16 എന്റെ രക്ഷകൻ
-------------------------------------------------------------
പുരസ്കാരങ്ങൾ - 1986 -ലെ കുഞ്ഞുപിള്ള കവിതാ പുരസ്കാരം, 'നാറാണത്തുഭ്രാന്തൻ' എന്ന കൃതിക്ക്.
1993 -ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 'നാറാണത്തുഭ്രാന്തൻ' എന്ന കവിതാ സമാഹാരത്തിന്.
1991 -ലെ കെ. ബാലകൃഷ്ണൻ പുരസ്കാരം 'ഭാരതീയം' എന്ന കവിതയ്ക്ക്
201 6-ലെ പത്മപ്രഭാ പുരസ്കാരം.