ശ്രീദേവി ഉണ്ണി

Sreedevi Unni

അഭിനേത്രി,നർത്തകി

നർത്തകി, അഭിനേത്രി എന്നീ നിലകളിൽ തിളങ്ങിയ കോഴിക്കോട്ടുകാരി.

1992 ൽ നമ്മെ വിട്ടുപോയ പ്രശസ്ത ചലച്ചിത്രതാരം മോനിഷയുടെ അമ്മ. 

വളരെ ചെറിയപ്രായത്തിൽ തന്നെ നൃത്തത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്ന ശ്രീദേവി, കലാമണ്ഡലം കല്യാണിക്കുട്ടി, കലാമണ്ഡലം ചന്ദ്രിക, ശ്രീ.കേളപ്പൻ, ശ്രീ. ബാലകൃഷ്ണൻ നായർ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. മോഹിനിയാട്ടത്തിന്റെ മികവിൽ ധാരാളം ബഹുമതികൾ തേടിയെത്തി. 2002 ൽ കർണ്ണാടക സംഗീത നൃത്യ അക്കാഡമിയുടെ “കർണ്ണാടക കലശ്രീ” ബഹുമതിക്ക് അർഹയായി. 

മലയാള ചലച്ചിത്രങ്ങളിലും, കന്നട ചലച്ചിത്രങ്ങളിലും, നിരവധി പരസ്യങ്ങളിലും അഭിനയിച്ച ശ്രീദേവി ഉണ്ണി, 'ഋതുഭേദം' (1987),  'കുറുപ്പിന്റെ കണക്കുപുസ്തകം' (1990), 'കടവ്' (1991), 'ഒരു ചെറുപുഞ്ചിരി' (2000),  'സഫലം' (2003)  തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്.തുടർന്ന് അല്പകാലം രംഗത്തില്ലാതിരുന്ന ശ്രീദേവി ഉണ്ണി, മോനിഷയുടെ ആദ്യചിത്രമായ നഖക്ഷതങ്ങളുടെ സംവിധായകനായിരുന്ന ഹരിഹരന്റെ 2005 ൽ പുറത്തിറങ്ങിയ ചിത്രമായ ‘മയൂഖ‘ത്തിലൂടെയാണ്  വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്. ബാംഗ്ലൂർ സ്വദേശിയായ മം‌മ്താ മോഹൻദാസിനെ ചലച്ചിത്രലോകത്തേക്ക് കൊണ്ടുവന്നതും ശ്രീദേവി ഉണ്ണിയാണ്. ചലച്ചിത്രതാരം മം‌‌മതാ മോഹൻ‌ദാസ്, മൈഥിലി തുടങ്ങിയരൊക്കെ ശ്രീദേവിയുടെ ശിഷ്യരിൽ പെടുന്നു. 

'പാട്ടിന്റെ പാലാഴി' (2010), 'കഥ തുടരുന്നു' (2010), 'എത്സമ്മ എന്ന ആൺകുട്ടി' (2010), 'ഓർഡിനെറി' (2012) തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവി ഉണ്ണി അഭിനയിച്ചിട്ടുണ്ട്.
ലോഹിതദാസിന്റെ 'നിവേദ്യം' (2007), ഹരിഹരന്റെ ‘മയൂഖം’ (2005), വി.എം.വിനുവിന്റെ 'ബസ്സ് കണ്ടക്റ്റർ' (2005), തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾക്ക് ശേഷം, 82 വയസ്സ് പ്രായമുള്ള മാളുക്കുട്ടി അമ്മയെ ‘നീലത്താമരയിൽ’ അവതരിപ്പിച്ചു. ഏറ്റവും ഒടുവിലായി  2012 ൽ റിലീസ് ചെയ്ത ലാൽ ജോസിന്റെ “ഡയമണ്ട് നെക്ലേസിൽ” നായകന്റെ അമ്മ വേഷവും ശ്രീദേവി ഉണ്ണിയെ തേടിയെത്തി.

ശ്രീദേവി ഉണ്ണി, നൃത്തകലയെ പ്രോത്സാഹിപ്പിക്കാൻ 1979 ൽ  ബാഗ്ലൂരിൽ സ്വന്തമായി രൂപീകരിച്ച “നൃത്യവേദി” എന്ന നോൺ-പ്രോഫിറ്റബിൾ ഒർഗനൈസേഷൻ പിന്നീട് മോനിഷയുടെ മരണത്തോടെ 1995 ൽ “മോനിഷ ആർട്ട്സ്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു, ഇത് ഇന്നൊരു റെജിസ്ട്രേഡ് സൊസൈറ്റിയായി പ്രവർത്തിക്കുന്നു.ഇപ്പോൾ ഭർത്താവ് പി.നാരായണൻ ഉണ്ണിയോടും മകനോടുമൊപ്പം ബാഗ്ലൂരിലെ ഇന്ദിരാ നഗറിൽ താമസിക്കുന്നു. കേരളത്തിൽ കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയാണ് സ്വദേശം.