പ്രമോദ് വെളിയനാട്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വെളിയനാട് സ്വദേശി. 1978ൽ ജനനം. കെ കെ പ്രകാശന്റെയും വിജയമ്മയുടെയും മകനായി ജനിച്ചു. വെളിയനാട് എൽപി സ്കൂൾ, പെരുന്ന NSS സ്കൂൾ, ചങ്ങനാശ്ശേരി NSS കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ കോളേജ് തലം മുതൽ തന്നെ കലാപ്രവർത്തനത്തിൽ സജീവം. 24 വർഷമായി നാടക രംഗത്തുണ്ട്. കൊച്ചിൻ നയനയുടെ ഒരമ്മ പെറ്റ മക്കൾ എന്ന നാടകമാണ് ആദ്യം അഭിനയിച്ചത്. അഭയൻ കലവരൂരാണ് നാടകരംഗത്ത് പ്രമോദിന്റെ ഗുരുനാഥൻ.
കൊച്ചിൻ നയനയിൽ തുടങ്ങി, തിരുവനന്തപുരം അനന്തപുരി, ചിറയിൻകീഴ് അനുഗ്രഹ , രാജൻ പി ദേവിന്റെ ചേർത്തല ജൂബിലി, ചങ്ങനാശേരി അണിയറ, പാലാ കമ്യൂണിക്കേഷൻസ്, തിരുവനന്തപുരം സൗപർണിക, തിലകന്റെ സമിതിയായ അമ്പലപ്പുഴ അക്ഷരജ്വാല, കാഞ്ഞിരപ്പള്ളി അമല എന്നീ നാടക ട്രൂപ്പുകളിലൊക്കെ അഭിനയിച്ചു. അണിയറയുടെ രാഷ്ട്രപിതാവെന്ന നാടകത്തിൽ പ്രമോദിനു 2007ലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭ്യമായി. 2009ൽ പാലാ കമ്യൂണിക്കേഷന്റെ കടലോളം കനിവെന്ന നാടകത്തിൽ പ്രമോദിനു വീണ്ടും സംസ്ഥാന പുരസ്‌കാരം ലഭ്യമായി. നിലവിൽ ഓച്ചിറ സരിഗയിൽ അഭിനേതാവാണ്.
കേരളത്തിൽ ആദ്യമായിറങ്ങിയ വെബ്സീരീസ് നാട്ടുകാർ.കോമിലൂടെയാണ് പ്രമോദും കൂട്ടരും ഇന്റർനെറ്റിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അഭിലാഷ് ശ്രീധരൻ സംവിധാനം ചെയ്ത നാട്ടുകാർ സീരീസിനു വലിയ ശ്രദ്ധ പിടിച്ച് പറ്റാൻ കഴിഞ്ഞു. തുടർന്ന് ഏകദേശം 45-ഓളം ഷോർട് ഫിലിമുകളിലും അഭിനയിച്ചു. നാട്ടുകൂട്ടം എന്ന വെബ്സീരീസിലാണ് നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഷോർട് ഫിലിമുകളിലെയും വെബ്സീരീസുകളിലെയുമൊക്കെ അഭിനയം സിനിമയിലേക്കുള്ള വഴിതുറന്നു. ആർപ്പോ എന്ന ഹ്രസ്വചിത്രത്തിനു ദേശീയ തലത്തിൽ നല്ല നടനുള്ള അവാർഡും ലഭ്യമായിട്ടുണ്ട്.
നാടകത്തിൽ പ്രമോദിന്റെ മറ്റൊരു ഗുരുനാഥനായ ഫ്രാൻസിസ് ടി മാവേലിക്കര എഴുതി താഹ സംവിധാനം ചെയ്ത പാച്ചുവും ഗോപാലനുമെന്ന സിനിമാക്കിയതിലൊരു ചെറു വേഷത്തോടെയാണ് സിനിമയിൽ തുടക്കം. ചെറിയ വേഷങ്ങളുമായി പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ജോസ് തോമസിന്റെ സ്വർണ്ണക്കടുവയിലാണ് ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ലഭ്യമായത്. മുൻപേ പറക്കുന്ന പക്ഷികളെന്ന നാടകത്തിന്റെ ഗ്രീൻ റൂമിലെത്തി ജോസ് തോമസ് തന്റെ സിനിമയായ സ്വർണ്ണക്കടുവയിലേക്ക് ക്ഷണിക്കുകയായിരുന്നു. ജോസ് തോമസിന്റെ ഇഷയിൽ നീളമുള്ള വേഷം ചെയ്തു. ടോവിനോ നായകനായ കളയിലും തമാശയുടെ സംവിധായകനായ അഷ്റഫ് ഹംസയുടെ പുതിയ ചിത്രം ഭീമന്റെ വഴിയിലും ശ്രദ്ധേയമായ വേഷങ്ങളാണ് പ്രമോദിന്റേത്.
അമ്മ,പ്രീപ്രൈമറി സ്കൂൾ അധ്യാപികയായ ഭാര്യ പ്രജിത, ഏക മകൻ പ്രവി കാർത്തിക് എന്നിവരുൾപ്പെട്ടതാണ് പ്രമോദിന്റെ കുടുംബം. വെളിയനാട് പ്രമോദെന്ന സ്ഥലത്തിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന പ്രമോദിന്റെ മുഴുവൻ പേര് പ്രമോദ് കുമാർ കെപി എന്നാണ്, പ്രമോദ് വെളിയനാട് എന്നാണ് നാടക രംഗത്ത് അറിയപ്പെടുന്നത്.
പ്രമോദിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ Pramod Veliyanad