പാർവതി തിരുവോത്ത്

Parvathi Thiruvoth
Date of Birth: 
Thursday, 7 April, 1988
പാർവ്വതി
പാർവ്വതി ടി കെ
പാർവതി തിരുവോത്ത് കോട്ടുവട്ട

1988 ഏപ്രിലിൽ 7  നു അഭിഭാഷകരായ പി വിനോദ്കുമാറിൻ്റെ യും  ടി കെ ഉഷാകുമാരിയുടെയും മകളായി കോഴിക്കോട് ജനിച്ചു.  പാർവതിയുടെ സ്കൂൾ കാലത്ത് കുടുംബം തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റിയതിനാൽ പഠനം തിരുവനന്തപുരം പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. All Saints College-ൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ പാർവതി വിദൂരവിദ്യാഭ്യാസം വഴി എം എ കഴിഞ്ഞു. നല്ലൊരു ഭരതനാട്യം നർത്തകികൂടിയായ പാർവതി ടെലിവിഷൻ അവതാരികയായിട്ടായിരുന്നു തന്റെ കരിയറിനു തുടക്കമിടുന്നത്. കിരൺ ടിവി അവതാരികയായിരിയ്ക്കുമ്പോളാണ്  ഔട്ട് ഓഫ് സിലബസ് എന്ന 2006-ൽ പുറത്തിറങ്ങിയ സിനിമയിലേക്ക്  അവസരം ലഭിക്കുന്നത്.  ആ വർഷം തന്നെ റോഷൻ ആൻഡ്രൂസിന്റെ നോട്ട്ബുക്ക്  എന്ന സിനിമയിലെ മൂന്നു നായികമാരിൽ ഒരാളായി ശ്രേദ്ധേയമായ വേഷം ചെയ്തു. 

 പാർവതി ആദ്യമായി പ്രധാന നായികവേഷം ചെയ്യുന്നത് 2007- ൽ ഇറങ്ങിയ കന്നഡ ചിത്രമായ "Milana" യിലാണ്. പുനീത് രാജ്കുമാർ നായകനായ ചിത്രം വലിയ സാമ്പത്തികവിജയം നേടിയിരുന്നു. ആ സിനിമയിലെ പാർവതിയുടെ അഭിനയം കന്നഡ പ്രേക്ഷകരുടെ പ്രശംസനേടി. തുടർന്ന് ആ വർഷം തന്നെ സിബിമലയിൽ - മോഹൻലാൽ ചിത്രമായ ഫ്ലാഷ്- ൽ നായികയായി. 2008- ൽ പൂ എന്ന തമിഴ് സിനിമയിലെ പാർവതിയുടെ അഭിനയം നിരൂപക പ്രശംസ നേടുകയും  ആ വർഷത്തെ മികച്ച തമിഴ് നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. മികച്ച പുതുമുഖ നടിയ്ക്കുള്ള വിജയ് ടിവി അവാർഡും ഈ സിനിമയിലൂടെ പാർവതി നേടിയെടുത്തു.  2011-ൽ പുറത്തിറങ്ങിയ ലിജൊ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ്  എന്ന സിനിമയിലെ തമിഴ് അഭയാർത്ഥിയായ കഥാപാത്രത്തിലൂടെയാണ് പാർവതി പിന്നീട് മലയാള സിനിമയിൽ ശ്രേദ്ധേയയാകുന്നത്.  അഞ്ജലിമേനോൻ സംവിധാനം ചെയ്ത് 2014- ൽ റിലീസായ ബാംഗ്ളൂർ ഡെയ്സ്  എന്ന സിനിമയിലെ സാറ എന്ന കഥാപാത്രം ആ വർഷത്തെ മികച്ച സപ്പോർട്ടിംഗ് ആക്ട്രസിനുള്ള ഫിലിം ഫെയർ അവാർഡ് പാർവതിയ്ക്ക് നേടിക്കൊടുത്തു.

 മൊയ്തീനിന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ പറഞ്ഞ  2015-ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ, അതെ വർഷം തന്നെ പുറത്തിറങ്ങിയ ചാർളി എന്നിവയിലെ അഭിനയത്തിന് 2015-ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം പാർവതി കരസ്ഥമാക്കി.   2017--ൽ ഇറങ്ങിയ ടേക്ക് ഓഫ്  എന്ന സിനിമയിലെ അഭിനയം പാർവതിയ്ക്ക് IFFI Best Actor Award (Female) നേടിക്കൊടുത്തു. വലിയ വിജയമായിത്തീർന്ന "ടേക്ക് ഓഫ്"  ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ചിരുന്നു. ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുരസ്ക്കാരത്തിന് പാർവതിയുടെ പേര് നിർദ്ദേശിയ്ക്കപ്പെട്ടിരുന്നു. 2017-ൽ "Qarib Qarib Singlle"എന്ന ഹിന്ദി ചിത്രത്തിൽ ഇർഫാൻ ഖാന്റെ നായികയായി അഭിനയിച്ചു. സിനിമയ്ക്കുപുറത്തുള്ള ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയയാണ് പാർവതി. സിനിമയിലെ വനിത കൂട്ടായ്മ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്.