കൊച്ചുതെമ്മാടി
പഠിക്കാൻ താല്പര്യമില്ലാത്ത ചില കുട്ടികൾ ആ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തലവേദനയായി മാറി. പട്ടാളത്തിൽ നിന്നും പിരിഞ്ഞു വന്ന ഒരു അധ്യാപകൻ ആ സ്കൂളിൽ ചില മാറ്റങ്ങൾ നടപ്പാക്കി കൃത്യനിഷ്ഠ കൊണ്ടു വരാൻ ശ്രമിക്കുമ്പോൾ എന്തു സംഭവിച്ചു എന്നതാണ് കൊച്ചു തെമ്മാടിയുടെ കഥ.
Actors & Characters
കഥ സംഗ്രഹം
എ വിൻസെന്റ് സംവിധാനം ചെയ്ത അവസാന ചിത്രം ആണ് കൊച്ചു തെമ്മാടി.
ഒരു ചെറിയ ഗ്രാമം. അവിടത്തെ ഏക സർക്കാർ വക പള്ളിക്കൂടം. ആ ഗ്രാമപ്രദേശത്തെ ആൺകുട്ടികളും പെൺകുട്ടികളും ഒന്നു മുതൽ പത്താം ക്ലാസ്സു വരെ പഠിക്കുന്ന സ്കൂൾ. യാതൊരു കൃത്യനിഷ്ഠയുമില്ലാത്ത അധ്യാപകർ, അവർക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ.
അവിടത്തെ ഒരു ധനികന്റെ മകൻ ഗോപി ആ സ്കൂളിലെ പ്രശ്നക്കാരൻ ആണ്. ഒൻപതാം ക്ലാസ്സിൽ തോറ്റുതോറ്റു കഴിയുന്ന അവൻ്റെ കൂട്ടുകാരായി ഖാദർ, ഉണ്ണി(വിനീത് രാധാകൃഷ്ണൻ), ഭാസ്കരൻ, വേലായുധൻ എന്നീ വിദ്യാർത്ഥികൾ. ക്ലാസ്സിൽ കയറാതെ സ്കൂളിനരികെയുള്ള ബാലൻ മേസ്തിരിയുടെ (ജഗതി) കടയിൽ പോയി ഇരുന്ന് പെൺകുട്ടികളെയും അധ്യാപികമാരെയും കളിയാക്കുകയാണ് അവരുടെ വിനോദം. ഗോപിക്ക് പുകവലിയും കഞ്ചാവും ശീലമായി. മേസ്തിരി കുട്ടികൾക്ക് ഈ വക കാര്യങ്ങളിൽ പ്രോത്സാഹനം നൽകി ആനന്ദം കൊണ്ടു. കുട്ടികളെ സമരം ചെയ്യാനും പഠിപ്പു മുടക്കാനും മേസ്തിരി ഉപദേശിച്ചു. ഹെഡ്മാസ്റ്റർ (അടൂർ ഭാസി) കുട്ടികൾക്കെതിരെ എന്തെങ്കിലും ശിക്ഷാനടപടികൾ എടുക്കാൻ മടിച്ചു. പല രക്ഷാകർത്താക്കളും തങ്ങളുടെ കുട്ടികളെ ന്യായീകരിക്കാൻ ശ്രമിക്കുന്നു എന്നു മനസ്സിലാക്കിയത് കൊണ്ടായിരുന്നു അത്. സ്കൂളിലെ ഡ്രിൽ മാസ്റ്റർ രാം കുമാർ (ശ്രീനിവാസൻ) മേസ്തിരിയുടെ കടയിലെ സ്ഥിരം സന്ദർശകനായിരുന്നു.
ഉണ്ണി ആ നാട്ടിലെ പ്രശസ്തമായ തറവാട്ടിലെ കുട്ടിയാണ്. അവന്റെ അമ്മ മാധവിക്കുട്ടി (ജലജ) ജീവിച്ചിരിപ്പില്ല. അച്ഛൻ ശങ്കരൻ കുട്ടി ഒരു മുഴുക്കുടിയൻ. എല്ലാ സ്വത്തും വിറ്റ് കുടിച്ച് നടക്കുകയാണ്. ശങ്കരൻകുട്ടിയുടെ അച്ഛൻ കേസ്സും കോടതിയുമായി കറങ്ങുന്നു. അവർക്കാർക്കും ഉണ്ണിയെ നോക്കാൻ സമയമില്ലാത്തതുകൊണ്ട് മാധവിയുടെ അച്ഛൻ അവനെ അവന്റെ ഇളയമ്മ ദേവികയോടൊപ്പം (പ്രതിമ)താമസിപ്പിച്ചു. ഇളയച്ഛൻ ദുബായിലാണ്. അവിടെ നിന്നും പണം വരുന്നത് കൊണ്ട് സുഖമായി കഴിയുന്നു. അവരുടെ മകൻ രവി (ഷെറിൻ) ഉണ്ണിയുടെ ക്ലാസ്സിൽ ആണ് പഠിക്കുന്നത്. തറവാട്ടിൽ കാളവണ്ടി തെളിയിച്ചിരുന്ന കേളപ്പൻ നായർ (ബഹദൂർ) ഇപ്പോൾ അവരുടെ പഴയ കാർ ഓടിക്കുന്നു. രവിയെ സ്കൂളിൽ കൊണ്ടു പോകുന്നതും തിരികെ കൊണ്ടുവരുന്നതും ആണ് കേളപ്പൻ നായരുടെ പ്രധാന ജോലി. നാരായണി അമ്മ (ശാന്തകുമാരി) വർഷങ്ങളായി ആ തറവാട്ടിൽ അടുക്കളയിൽ പണിയെടുക്കുന്നു. വീട്ടുകാർക്കു രവിയോടും ഉണ്ണിയോടുമുള്ള രണ്ട് വ്യത്യസ്ത രീതികൾ കണ്ട് മനം നൊന്ത് കഴിയുന്ന ഹതഭാഗ്യ.
സ്കൂളിൽ ഒരു പുതിയ അധ്യാപിക അമ്മിണി (സുനന്ദ) വന്നു ചേർന്നു. ഗോപിയും കൂട്ടുകാരും പുതിയ അധ്യാപികയെ കളിയാക്കാനും അവരുടെ ക്ലാസ്സ് തടസ്സപ്പെടുത്താനും ശ്രമിച്ചു. ഡ്രിൽ മാസ്റ്റർ അമ്മിണിറ്റീച്ചറുടെ പിറകെ കൂടി. ഒരു ദിവസം സ്കൂളിലേയ്ക്ക് വരികയായിരുന്ന അമ്മിണിറ്റീച്ചറുടെ ചോറ്റുപാത്രം കല്ലെറിഞ്ഞു വീഴ്ത്തി ഗോപിയും കൂട്ടരും. മണ്ണിൽ വീണ ചോറ് കണ്ടുകൊണ്ടാണ് സ്കൂളിൽ ജോയിൻ ചെയ്യാൻ വന്ന പുതിയ അധ്യാപകൻ ശേഖരൻ (മമ്മൂട്ടി ) അവിടെ വന്നത്. ആ തെമ്മാടിക്കൂട്ടത്തിന്റെ പേരുവിവരം ശേഖരൻ മാഷ് മനസ്സിലാക്കി. അമ്മിണിയെ ശേഖരൻ ആശ്വസിപ്പിച്ചു. സ്കൂളിൽ പ്രാർത്ഥനസമയത്ത് ഹെഡ്മാസ്റ്റർക്ക് പകരം ശേഖരൻ ചുമതല ഏറ്റെടുത്തു. വിദ്യാർത്ഥികളെ വരുതിയിൽ നിറുത്തി. തെമ്മാടിക്കുട്ടികളെ കൊണ്ട് അമ്മിണിറ്റീച്ചറോട് മാപ്പ് പറയിച്ചു. അതുകാരണം ആ കുട്ടികൾ ശേഖരനെയും അമ്മിണിയെയും ശത്രുക്കളായി കണ്ടു.
ശേഖരൻ ആ നാട്ടുകാരൻ തന്നെയാണ്. നമ്പൂതിരിക്ക് അടിച്ചുതളിക്കാരിയിൽ ഉണ്ടായ മകൻ. അച്ഛൻ അമ്മയെ തള്ളിപ്പറഞ്ഞു. അതുകൊണ്ട് അമ്മയോടൊപ്പം പട്ടിണിയിലാണ് വളർന്നത്. മാധവിക്കുട്ടിയുമായി പ്രണയത്തിലായിരുന്നു. അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാൻ പേടിയായിരുന്നു. അവൾക്ക് മറ്റൊരു കല്യാണം നിശ്ചയിച്ചു എന്നറിഞ്ഞപ്പോൾ പ്രശ്നമൊന്നും ഉണ്ടാക്കാതെ പട്ടാളത്തിൽ ചേർന്നു നാടു വിട്ടു. അവധിയ്ക്കു വന്നപ്പോൾ മാധവിയുടെ കുട്ടിയെ കണ്ടു. അപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ടപ്പോൾ പട്ടാളത്തിൽ നിന്നും നിർബന്ധ പെൻഷൻ നൽകി പിരിച്ചയച്ചു. നാട്ടിലെത്തിയപ്പോൾ മാധവി മരിച്ച വിവരം അറിഞ്ഞു. കേളപ്പൻ നായർ പറഞ്ഞപ്പോഴാണ് ഉണ്ണി മാധവിയുടെ മകനാണെന്ന വിവരം ശേഖരൻ അറിഞ്ഞത് . അയാൾക്ക് അവനോട് അനുകമ്പയും സ്നേഹവും തോന്നി. ആ തെമ്മാടിക്കൂട്ടത്തിൽ പോകരുതെന്ന് അവനെ ഉപദേശിച്ചു. അവൻ കൂട്ടാക്കിയില്ല. ജ്യോമെട്രി ബോക്സ് ഇല്ലാതെ ക്ലാസ്സിൽ നിന്നും ഇറക്കി വിട്ടപ്പോഴും, കൈയിൽ കാശില്ലാത്തതുകൊണ്ട് പിക്നിക് പോകാൻ കഴിയാതെ വിഷമിച്ചു നിന്നപ്പോഴും ശേഖരൻ ഉണ്ണിയുടെ നേർക്ക് സഹായഹസ്തം നീട്ടി. പക്ഷെ അവൻ സ്വീകരിച്ചില്ല.
അമ്മിണി ഒരു ദിവസം അവിചാരിതമായി ശേഖരന്റെ വീട് സന്ദർശിച്ചു. അപ്പോഴാണ് അവൾക്ക് ആ സത്യം മനസ്സിലായത്, ശേഖരന് ഒരു കൈയ്യില്ല. അത് സ്കൂളിൽ പാട്ടായി. ഗോപിക്കും സുഹൃത്തുക്കൾക്കും ആഘോഷമായി. ഒറ്റക്കയ്യൻ ശേഖരൻ മാഷ്. മേസ്തിരിയുടെ ഉപദേശ പ്രകാരം ഗോപിയും കൂട്ടരും, ശേഖരനും അമ്മിണിയും കമിതാക്കളാണെന്ന് പറഞ്ഞു പരത്തി. ചുമരെഴുത്തും ആരംഭിച്ചു. അമ്മിണി ആദ്യം ഒന്ന് വിഷമിച്ചുവെങ്കിലും പിന്നീട് ശേഖരൻ ഉപദേശിച്ചതുപോലെ അതിനെ ശക്തമായി നേരിടാൻ തീരുമാനിച്ചു. മറ്റു പല അധ്യാപകരും ഒഴിഞ്ഞു മാറിയപ്പോൾ ശേഖരനും അമ്മിണിയും ചുമതല ഏറ്റെടുത്ത് സ്കൂൾ യുവജനോത്സവം നടത്തി. അത് നന്നായി നടക്കവേ തെമ്മാടിക്കൂട്ടം കുട്ടികളുടെ ഇടയിലേക്ക് പടക്കമെറിഞ്ഞു. ചില വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റു. തിരക്ക് മൂലം മറ്റു ചിലർക്ക് പരിക്കും. ഹെഡ്മാസ്റ്റർ ഗോപിയെയും കൂട്ടരെയും സ്കൂളിൽ നിന്നും പുറത്താക്കി. രക്ഷാകർത്താക്കൾ വന്നാൽ മാത്രമേ സ്കൂളിൽ തിരികെ എടുക്കുകയുള്ളു എന്ന് തീർത്തു പറഞ്ഞു. വീട്ടിലെ കുശിനിക്കാരനെ രക്ഷാകർത്താവായി ഗോപി അവതരിപ്പിച്ചുവെങ്കിലും ശേഖരൻ മാഷ് ആ കള്ളം കണ്ടുപിടിച്ചു. ഖാദറിന്റെ വാപ്പ സ്കൂളിൽ വന്നു. ശേഖരൻ മാഷ് പറഞ്ഞപ്പോൾ സത്യം മനസ്സിലായി, ഖാദറിനെ തല്ലുകയും ഗോപിയുടെ കൂട്ടത്തിൽ പോകരുതെന്ന് വിലക്കുകയും ചെയ്തു.
സ്കൂളിൽ കയറാൻ യാതൊരു മാർഗ്ഗവുമില്ലാത്ത ഗോപി ഗുണ്ടയെ വിട്ടു മാഷിനെ തല്ലാൻ ശ്രമിച്ചു പരാജയപ്പെട്ടു. മേസ്തിരിയുടെ ഉപദേശപ്രകാരം ഗോപിയും കൂട്ടരും ചേർന്ന് അമ്മിണിയും ശേഖരനും അവിഹിതം പുലർത്തുന്നു എന്നും അത് പറഞ്ഞതിനാണ് തങ്ങളെ സ്കൂളിൽ നിന്നും പുറത്താക്കിയതെന്നും നാട്ടിൽ വാർത്തയാക്കി. അമ്മിണി ലീവെടുത്ത് വീട്ടിൽ ഇരുന്നു. ശേഖരൻ അവളെ വീട്ടിൽ പോയി കണ്ട് ലീവ് റദ്ദാക്കി ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു. അടുത്ത അധ്യയനവർഷത്തിൽ താൻ മാറ്റം വാങ്ങി പോകാമെന്നും പറഞ്ഞു. താൻ കാരണം ആണ് കല്യാണം മുടങ്ങുന്നതെങ്കിൽ എവിടെയാണെങ്കിലും അവസാന ഊഴമായി താൻ ഉണ്ടാകും എന്നുകൂടി ശേഖരൻ പറഞ്ഞു. അപ്പോൾ അവിടെ എത്തിയ അമ്മിണിയുടെ അച്ഛൻ, ശേഖരനോട് ഇനി ഇവിടെ വരരുത് എന്നാവശ്യപ്പെട്ടു.
ഗോപിയും കൂട്ടരും ശേഖരന്റെ ബൊമ്മയുണ്ടാക്കി അതിന് തീ കൊളുത്തി. അത് മേസ്തിരിയുടെ കടയിൽ വീണ് കട മുഴുവൻ കത്തി നശിച്ചു.
അമ്മിണി ശേഖരനെ വന്നു കണ്ട് വിവാഹത്തിനു സമ്മതം അറിയിച്ചു. പിറ്റേന്ന് ശേഖരന്റെ ആവശ്യപ്രകാരം അവൾ സധൈര്യം ജോലിയിൽ പ്രവേശിച്ചു. അവർ രജിസ്റ്റർ കല്യാണം ചെയ്യാൻ പോകുന്നു എന്ന വാർത്ത സ്കൂളിൽ എല്ലാവരും അറിഞ്ഞു. സ്കൂൾ വിട്ടപ്പോൾ എല്ലാവരെയും കാണിക്കാനായിത്തന്നെ പരസ്പരം ചിരിച്ചു സംസാരിച്ചു ശേഖരൻ മാസ്റ്ററും അമ്മിണിയും പിരിഞ്ഞു. ശേഖരൻ കടവിലേയ്ക്ക് നടന്നു.
Audio & Recording
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
എത്ര പുഷ്പങ്ങൾ മുന്നിൽ |
പി ഭാസ്ക്കരൻ | ജി ദേവരാജൻ | കെ ജെ യേശുദാസ് |
2 |
ദേവത ഞാൻ |
പി ഭാസ്ക്കരൻ | ജി ദേവരാജൻ | പി മാധുരി |
3 |
ഏതോ നദിയുടെ തീരത്തിൽ |
പി ഭാസ്ക്കരൻ | ജി ദേവരാജൻ | പി മാധുരി |
4 |
എന്നാലിനിയൊരു കഥ |
പി ഭാസ്ക്കരൻ | ജി ദേവരാജൻ | കെ പി ബ്രഹ്മാനന്ദൻ, പി മാധുരി, ഷെറിൻ പീറ്റേഴ്സ്, പി ഗോപൻ |
5 |
എനിക്കു വേണ്ട |
പി ഭാസ്ക്കരൻ | ജി ദേവരാജൻ | പി ജയചന്ദ്രൻ |