ജലജ

Jalaja

മലയാളത്തിന്റെ ശാലീന സൗന്ദര്യമായി അറിയപ്പെടുന്ന ജലജ മലേഷ്യയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ശ്രീ വാസുദേവൻ പിള്ളയുടേയും ശ്രീമതി സരസ്വതിയമ്മയുടേയും മകളായി 1962 ൽ ജനിച്ചു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ക്ളാസിക് സംവിധായകൻ അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലെ ഉപനായികാ വേഷമണിഞ്ഞ് 1979ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് എൻ ശങ്കരൻ നായരുടെ ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ മേൽവിലാസം നേടിയെടുത്തു.

ഒരു നാടൻ പെൺകുട്ടിയുടെ ശാലീനത ജലജയ്ക്ക് കൈമുതലായുണ്ടായിരുന്നത് അവരെ ക്ലാസിക് സിനിമാ സംവിധായകരുടെ പ്രിയപ്പെട്ട നടിയാക്കി മാറ്റാനും അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, കെ.ജി.ജോർജ്, ഭരതൻ, പദ്മരാജൻ, ലെനിൻ രാജേന്ദ്രൻ അടക്കമുള്ളവരുടെ സിനിമകളിൽ കൂടുതൽ അവസരം നേടിയെടുക്കാനും സഹായകമായി. 1978 ൽ പുറത്തിറങ്ങിയ കെ.ജി. ജോർജ്ജിന്റെ ഉൾക്കടൽ, 81 ൽ അടൂരിന്റെ എലിപ്പത്തായം, 82 ൽ ഭരതന്റെ മർമ്മരം തുടങ്ങിയ സിനിമകളിലെ പ്രകടനം ജലജയെ ഒരു കണ്ണീർ നായികയുടെ സ്ഥാനത്ത് അവരോധിച്ചു. 82 ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ യവനികയിലെ പ്രകടനം ജലജയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. ഭരത് ഗോപിക്കൊപ്പം മൽസരിച്ച് അഭിനയിച്ച ഈ ചിത്രം ജലജയ്ക്ക് അനേകം പ്രേക്ഷക പ്രശംസ നേടിക്കൊടൂത്തു. 1979 ൽ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്റെ രാധ എന്ന പെൺകുട്ടി എന്ന ചലച്ചിത്രം ജലജയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. തുടർന്ന് 1981 ൽ ലെനിൻ രാജേന്ദ്രന്റെ വേനൽ എന്ന ചിത്രത്തിലെ രമണിയെന്ന കഥാപാത്രം ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ, ഫിലിം ഫെയർ പുരസ്കാരങ്ങൾ നേടിക്കൊടുത്തു.

ജയൻ നായകനായ ചാകരയിലെ നാടൻ പെൺകുട്ടി, പി. പദ്മരാജന്റെ കരിയിലക്കാറ്റുപോലെ, ഐ. വി. ശശിയുടെ അബ്കാരി, ആൾക്കൂട്ടത്തിൽ തനിയെ, ടി. വി. ചന്ദ്രന്റെ ആലീസിന്റെ അന്വേഷണം, ജോഷിയുടെ മഹായാനം എന്നിവയാണ് മറ്റു പ്രമുഖ ചിത്രങ്ങൾ.

1993 ൽ ബഹറിനിൽ ജോലി ചെയ്യുന്ന പ്രകാശിനെ വിവാഹം കഴിച്ച് അവിടേക്ക് ചേക്കേറി. തുടർന്ന് രണ്ടുമൂന്നു സീരിയലുകളിൽ അഭിനയിക്കുകയുണ്ടായി. വീണ്ടും സിനിമയിലേക്ക് വരാൻ താൽപ്പര്യമില്ലെന്നാണ് അഭിപ്രായം. ഒരു മകൾ.