സീമ ജി നായർ
മലയാള ചലച്ചിത്ര, നാടക, സീരിയൽ താരം. 1965 മെയിൽ കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് എം ജി ഗോപിനാഥ പിള്ളയുടെയും ചേർത്തല സുമതിയുടെയും മകളായി ജനിച്ചു. തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ നിന്നും സംഗീതത്തിൽ ബിരുദം നേടി. തന്റെ പതിനേഴാം വയസ്സിൽ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് സീമ ജി നായരുടെ തുടക്കം. 1987-ൽ കൊച്ചിൻ സംഗമിത്രയുടെ കന്യാ കുമാരിയിൽ ഒരു കടംകഥ എന്ന നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ച സീമ ആയിരത്തിലധികം നാടകവേദികളിൽ അഭിനയിച്ചിട്ടുണ്ട്. സീമ ജി നായർക്കും അമ്മ ചേർത്തല സുമതിയ്ക്കും കേരള സംസ്ഥാന അമെച്വർ നാടക അവാർഡ് ലഭിച്ചിട്ടുണ്ട്.
നാടകാഭിനയത്തെ തുടർന്ന് സീമ ജി നായർ സീരിയലിലേയ്ക്ക് പ്രവേശിച്ചു. ചേറപ്പായി കഥകൾ ആയിരുന്നു സീമയുടെ ആദ്യ സീരിയൽ. മുപ്പതിലധികം സീരിയലുകളിൽ അഭിനയിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി. സീരിയലുകളിൽ കൂടുതലും സാധാരണക്കാരിയായ കഥാപാത്രങ്ങളെയാണ് അവർ അവതരിപ്പിച്ചിരുന്നത്. 1984-ൽ അടുത്തടുത്ത് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് സീമ ജി നായർ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ പറന്നു പറന്നു പറന്ന് എന്ന സിനിമയിലും അഭിനയിച്ചു. വലിയൊരിടവേളയ്ക്കുശേഷം 2001-ൽ മൺകോലങ്ങൾ എന്ന സിനിമയിലാണ് പിന്നീട് അഭിനയിയ്ക്കുന്നത്. നൂറോളം സിനിമകളിലായി സീമ ജി നായർ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. സീമ ജി നായരുടെ സഹോദരി രേണുക ഗിരിജൻ പിന്നണിഗായികയും സഹോദരൻ എം ജി അനിൽ മലയാള ചലച്ചിത്ര സംഗീത സംവിധായകനുമാണ്. രേണുക ഗിരിജന്റെ മകൾ സ്മിത പ്രശസ്ത സംഗീത സംവിധായകനായ ദീപക് ദേവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
സൂര്യ ടി.വി.യിൽ രസികരാജാ നമ്പർ 1 എന്ന ജനപ്രിയ റിയാലിറ്റി ഷോ വിധികർത്താവായിരുന്നു സീമ. വാലന്റൈൻസ് കോർണർ, വാൽക്കണ്ണാടി, നമ്മൾ തമ്മിൽ, ശ്രീകണ്ഠൻ നായർ ഷോ എന്നി ജനപ്രിയ ടോക് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. സീമ ജി നായർ ചാരിറ്റി ഓർഗനൈസേഷനായ Make-A-Wish Foundation, കേരള ഘടകത്തിൽ മെമ്പറാണ് ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ സീമ ജി നായർ നടത്തുന്നുണ്ട്. വിവാഹമോചിതയായ സീമ ജി നായർക്ക് ഒരു മകനുണ്ട്. പേര് ആരോമൽ.