എം മണി
തിരുവനന്തപുരം വെങ്ങാനുരിനടുത്ത് പുന്നമൂട് കള്ളിയൂരിൽ മാധവൻ പിള്ളയുടേയും തായമ്മാളിന്റേയും മകനായി ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം വീടിനടുത്ത് ഒരു സ്റ്റേഷനറി കടയുമായിട്ടായിട്ടായിരുന്നു മണിയുടെ തുടക്കം. പിന്നീട് അതേ സ്ഥലത്ത് ‘ഹോട്ടൽ ഇംപാല’ ആരംഭിച്ചു. രാഷ്ട്രീയ സാംസ്കാരിക ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ താവളമായിരുന്നു അവിടം. പിന്നീട് അരോമ,സംഗീത എന്നീ ഹോട്ടലുകൾ കൂടി ആരംഭിച്ചു.
നടൻ മധുവുമായുള്ള സൗഹൃദമാണ് എം മണിയെ സിനിമയിൽ എത്തിച്ചത്. 1977 -ൽ മകൾ സുനിതയുടെ പേരിൽ സുനിത പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ചു. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ ധീര സമീരേ യമുനാ തീരേ എന്ന സിനിമ നിർമ്മിച്ചുകൊണ്ട് മണി ചലച്ചിത്ര മേഖലയിൽ തുടക്കം കുറിച്ചു. സുനിത പ്രൊഡക്ഷൻസ്, അരോമ മൂവി ഇന്റർ നാഷണൽ എന്നീ ബാനറുകളിലാണ് അദ്ദേഹം സിനിമകൾ നിർമ്മിച്ചത്. കള്ളിയങ്കാട്ടു നീലി, കള്ളൻ പവിത്രൻ, തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ഇരുപതാം നൂറ്റാണ്ട്. ആഗസ്റ്റ് 1, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, കോട്ടയം കുഞ്ഞച്ചൻ, കമ്മീഷണർ,ബാലേട്ടൻ എന്നിവയുൾപ്പെടെ അൻപതിലധികം സിനിമകളുടെ നിർമ്മാതാവായി.
1982 -ൽ മണി നിർമ്മിച്ച ആ ദിവസം എന്ന സിനിമയിലൂടെ അദ്ദേഹം സംവിധായകനുമായി. സംവിധായകനായി നിശ്ചയിച്ചിരുന്ന പി ജി വിശ്വംഭരന് അസൗകര്യമുണ്ടായപ്പോൾ മണിക്ക് സംവിധാന ചുമതല ഏറ്റെടുക്കേണ്ടി വന്നത്. അതിനുശേഷം മുത്തോടു മുത്ത്, കുയിലിനെ തേടി, എങ്ങനെ നീ മറക്കും എന്നീ സിനിമകളുൾപ്പെടെ ഏഴ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ആ ദിവസം എന്ന സിനിമയുടെ കഥ എം മണി എഴുതിയതായിരുന്നു. സുനിത എന്ന പേരിൽ ഉറക്കം വരാത്ത രാത്രികൾ, റൗഡി രാമു എന്നീ സിനിമകൾക്കും അദ്ദേഹം കഥ എഴുതിയിരുന്നു.
2024 ജുലൈ 14 -ന് എം മണി അന്തരിച്ചു. ഭാര്യ പരേതയായ എൽ. കൃഷ്ണമ്മ. മക്കൾ എം. സുനിൽകുമാർ, എം. സുനിത, എം. അനിൽകുമാർ