അരുൺ നാരായൺ
വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനിച്ചു. സ്ക്കൂൾ പഠനകാലത്ത് കലോത്സവങ്ങളിൽ പങ്കെടുത്തിരുന്ന അരുൺ ആദ്യമായി സ്റ്റേജിൽ കയറുന്നത് വില്ലടിച്ചാൻ പാട്ടിന് വേണ്ടിയായിരുന്നു. സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം അരുൺ എൽ എൽ ബിയ്ക് ചേർന്നു. തിരുവനന്തപുരം ലോ അക്കാദമിയിലായിരുന്നു പഠനം. ആ സമയത്താണ് സൂര്യ ടിവിയുടെ മ്യൂസിക്ക് ചാനലായ കിരൺ ടിവി സംപ്രേക്ഷണം തുടങ്ങുന്നത്. കിരൺ ടിവിയിൽ അവതാരകനായിട്ടായിരുന്നു അരുണിന്റ്െ കരിയറിന്റെ തുടക്കം.
കിരൺ ടിവിയിൽ അരുൺ അവതരിപ്പിച്ചിരുന്ന ഷോയിൽ ധാരാളം സിനിമാപ്രവർത്തകർ അഥിതികളായി വരാറുണ്ടായിരുന്നു. അവരുമായിട്ടുള്ള സൗഹൃദങ്ങളാണ് അരുണിനെ സിനിമയിലേയ്ക്കെത്തിച്ചത്. അങ്ങിനെയുള്ള സുഹൃത്തുക്കളിൽ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാർദ്ദനനാണ് അരുണിന്റെ സിനിമാപ്രവേശനത്തിന് അവസരങ്ങൾ ഒരുക്കിക്കൊടുത്തത്. 2000 -ത്തിൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലാണ് അരുൺ നാരായണൻ ആദ്യമായി അഭിനയിച്ചത്. തുടർന്ന് ഹാർട്ട് ബീറ്റ്സ്, ഇന്ത്യൻ റുപ്പി, പാവാട എന്നിവയുൾപ്പെടെ പതിനചോളം സിനിമകളിൽ അഭിനയിച്ചു. പുത്തൻപണം എന്ന സിനിമയിലൂടെ സിനിമാനിർമ്മാണത്തിൽ പങ്കാളിയായ അരുൺ നാരായണൻ മൂന്ന് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.