കാർത്തിക

Karthika (Actress)

മലയാള ചലച്ചിത്ര താരം. തിരുവനന്തപുരം സ്വദേശിയാണ് കാർത്തിക.1979 ൽ പ്രഭാത സന്ധ്യ എന്ന സിനിമയിൽ ശ്രീവിദ്യയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് കാർത്തിക സിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്. വീണ്ടും 1984-ൽ ബാലചന്ദ്രമേനോന്റെ ഒരു പൈങ്കിളി കഥ എന്ന സിനിമയിലൂടെ തിരിച്ചെത്തി അതിൽ ഒരു ചെറിയവേഷമായിരുന്നു കാർത്തികയ്ക്ക്. തുടർന്ന് ബാലചന്ദ്രമേനോന്റെത്തന്നെ മണിച്ചെപ്പ് തുറന്നപ്പോൾ എന്ന സിനിമയിൽ നായികയായി.

പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു. 1985- 90 കാലത്തെ മലയാളത്തിലെ മുൻ നിരനായികമാരിലൊരാളായി കാർത്തിക മാറി. മോഹൻലാലിനൊപ്പമായിരുന്നു കാർത്തിക കൂടുതൽ അഭിനയിച്ചത്. സിനിമാപ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു മോഹൻലാൽ - കാർത്തിക ജോഡികൾ. ആറുവർഷത്തെ അഭിനയ ജീവിതത്തിനിടയിൽ കാർത്തിക ഇരുപതോളം സിനിമകളിലാണ് അഭിനയിച്ചത്. കമലഹാസനൊപ്പം നായകൻ എന്ന തമിഴ് സിനിമയിലും കാർത്തിക അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം കാർത്തിക അഭിനയ രംഗം വിടുകയായിരുന്നു. ഇപ്പോൾ ലണ്ടനിൽ ഭർത്താവും മക്കളുമായി താമസിയ്ക്കുന്നു.