ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്
വ്യത്യസ്തജീവിത ലക്ഷ്യങ്ങളുമായി നഗരത്തിലെത്തിയ മൂന്നു പേർ സൗഹൃദത്തിലാവുന്നു. പണമുണ്ടാക്കാൻ ഒരു തട്ടിപ്പുകാരൻ്റെ കൂടെക്കൂടുന്ന അവർ ഒടുവിൽ അയാളുമായി തെറ്റിപ്പിരിയുന്നു. അയാളിൽ നിന്നു രക്ഷപ്പെടാൻ ഒളിവിൽ കഴിയുന്നതിനിടയിൽ, മൂവരിൽ ഒരാൾ യാദൃച്ഛികമായി അതിസമ്പന്നയും സുന്ദരിയുമായ ഒരു യുവവിധവയെ പരിചയപ്പെടുന്നു.
Actors & Characters
Actors | Character |
---|---|
ജയൻ | |
ഡേവിഡ് | |
ശിവശങ്കരൻ | |
ആനി | |
മിസിസ് ദാസ് | |
ലിസ | |
ലോനപ്പൻ | |
മാൻസിംഗിൻ്റെ ഗുണ്ട | |
ദാസ് | |
ദാസിൻ്റെ സഹൃത്ത് | |
മാൻസിംഗ് | |
ആനിയുടെ കാമുകൻ | |
ഡേവിഡിൻ്റെ അമ്മ | |
കഥ സംഗ്രഹം
ഒരു രാത്രിയിൽ പോലീസിനെ വെട്ടിച്ച് ഒരു യുവാവ് മിസിസ് ദാസിൻ്റെ വീടിൻ്റെ ടെറസിൽ ഓടിക്കയറുന്നു. ജനലിലൂടെ അയാൾ കാണുന്നത് മിസ്സിസ് ദാസ് സ്വയം വെടിവച്ചു മരിക്കാൻ പോവുന്നതാണ്. ചാടി വീണ് അവരുടെ ആത്മഹത്യാശ്രമം തടയുന്ന യുവാവ്, പോലീസ് പിന്നാലെയുണ്ടെന്നും തന്നെ കാട്ടിക്കൊടുക്കരുതെന്നും പറഞ്ഞിട്ട് കർട്ടനു പിന്നിൽ മറയുന്നു.
പോലീസ് അന്വേഷിച്ചു വന്നെങ്കിലും മിസിസ് ദാസ് യുവാവിൻ്റെ കാര്യം മിണ്ടുന്നില്ല. തിരികെ മുകളിലെത്തിയ അവരോട് യാത്ര പറഞ്ഞ് പോയ യുവാവ്, പുറത്ത് പോലീസുള്ളതിനാൽ തിരികെ വരുന്നു.
രാവിലെ, തനിക്ക് ഒരു കാവൽക്കാരനായി വീട്ടിൽ കൂടാമോ എന്ന് അയാളോട് മിസിസ് ദാസ് ചോദിക്കുന്നു. അയാൾ അതു സമ്മതിക്കുന്നു. ആ വീട്ടിൽ മിസിസ് ദാസിനെക്കൂടാതെ ആനി എന്നൊരു യുവതിയും ഒരു കൊച്ചു കുഞ്ഞുമാണ് ഉള്ളതെന്ന് ഡേവിഡ് മനസ്സിലാക്കുന്നു. സമ്പന്നനായ യുവാവിനൊപ്പം ഒളിച്ചോടിയ ആനി, അയാളെ വീട്ടുകാർ ബലമായി പിടിച്ചു കൊണ്ടുപോയതിനെത്തുടർന്ന് മിസിസ് ദാസിൻ്റെ വീട്ടിൽ സഹായിയായി കൂടിയതാണ്. കുഞ്ഞ് ആനിയുടേതാണെന്നും ഡേവിഡ് മനസ്സിലാക്കുന്നു. ഒരിക്കൽ ഡേവിഡ് ആനിയുടെ പടം വരയ്ക്കുന്നു. അതു കണ്ട മിസിസ് ദാസ് അയാളുടെ കഴിവിനെ അഭിനന്ദിക്കുന്നു. ആ കഴിവാണ് തന്നെ കുറ്റവാളിയാക്കിയ കഥ അയാൾ പറയുന്നു.
വിവിധ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലെത്തി കൂട്ടുകാരായവരാണ് ഡേവിഡും, ശിവശങ്കരനും ജയനും. മൂന്നു പേർക്കും ദുഃഖപൂർണ്ണമായ ഭൂതകാലമുണ്ട്; ലക്ഷ്യങ്ങളും. ഡേവിഡിൻ്റെ ലക്ഷ്യം, തന്നെ ഉപേക്ഷിച്ച്ന സമ്പന്നനായ കാമുകനൊപ്പം പോയ അമ്മയെ കണ്ടെത്തുക എന്നതതാണ്. ഡേവിഡും ശിവശങ്കരനും റെയിൽവേ പോർട്ടറൻമാരാകുന്നു; ജയൻ ടാക്സി ഡ്രൈവറും.
ഒരിക്കൽ, ഡേവിഡ് ടൂറിസ്റ്റുകളുടെ പടം വരയ്ക്കുന്നതു കാണാനിടയായ മാൻസിംഗ് എന്നയാൾ അയാളെ വ്യാജഡോളർ നോട്ടുകൾ വരയ്ക്കാൻ ചുമതലപ്പെടുത്തുന്നു. തുടർന്ന്, ഡേവിഡും കൂട്ടകാരും അയാളുടെ സഹായികളാവുന്നു. ട്രെയിനിൽ വരുന്ന, മാൻസിംഗിനു വേണ്ടിയുള്ള രഹസ്യ പാഴ്സലുകൾ ലക്ഷ്യത്തിലെത്തിച്ചു കൊടുക്കുന്നതായിരുന്നു ശിവശങ്കരൻ്റെയും ജയൻ്റെയും ജോലി. എന്നാൽ, ഒരിക്കൽ, കാറിൽ കടത്തിയ പാഴ്സൽ ഒരു ശവശരീരം ആണെന്ന് അറിയുന്നതോടെ, മൂന്നു പേരും മാൻസിംഗുമായുള്ള ബന്ധം വിടുന്നു. പക്ഷേ, തൻ്റെ രഹസ്യങ്ങൾ അറിയാവുന്ന മൂന്നു പേരെയും സിംഗ് പിന്തുടരുന്നു; അയാൾക്ക് അവരെക്കൊണ്ട് പൂർത്തിയാക്കേണ്ട ജോലികളുമുണ്ട്. സിംഗിനെപ്പേടിച്ച് മൂന്നു പേർക്കും ഒളിച്ചു കഴിയേണ്ടി വരുന്നു. അതിനിടയിലാണ് ഒരു അടിപിടിയെത്തുടർന്ന് പോലീസ് പിന്തുടർന്നപ്പോൾ രക്ഷപ്പെട്ട് ഡേവിഡ് ആ വീട്ടിൽ എത്തിയത്.
മിസിസ് ദാസിൻ്റെ ഭർത്താവ് അഞ്ചു വർഷം മുൻപ് മരിച്ചതാണെന്നും അവർക്ക് കുട്ടികളില്ലെന്നും ആനി ഡേവിഡിനോടു പറയുന്നു. മുൻ കാര്യസ്ഥനായ ലോനപ്പൻ കള്ള രേഖ ചമച്ച് മിസിസ് ദാസിൻ്റെ അഞ്ഞൂറ് ഏക്കർ ടീ എസ്റ്റേറ്റ് സ്വന്തമാക്കിയെന്നും അയാളുടെ മകൾ ലിസയുടെ വിവാഹം കളക്ടറുമായി നടക്കാൻ പോകുന്നു എന്നും ഡേവിഡ് മനസ്സിലാക്കുന്നു.
ഡേവിഡും ആനിയും, ലിസയുടെ അടുത്തുകൂടി, അവളുടെ, തെറ്റിദ്ധരിപ്പിക്കാവുന്ന തരത്തിലുള്ള, ചില ഫോട്ടോകളും ശബ്ദങ്ങളും സംഘടിപ്പിക്കുന്നു. ലിസയുടെ കാമുകനായി ചമഞ്ഞ് ഡേവിഡ് ലോനപ്പനെ ഫോട്ടോകൾ കാണിക്കുകയും ശബ്ദരേഖ കേൾപ്പിക്കുകയും ചെയ്യുന്നു. ഫോട്ടോകളും മറ്റും ലിസയുടെ പ്രതിശ്രുതവരന് നല്കി കല്യാണം മുടക്കും എന്ന ഡേവിഡിന്റെ ഭീഷണി ഏൽക്കുന്നു; കൈക്കലാക്കിയ അഞ്ഞൂറ് ഏക്കർ ലോനപ്പൻ മിസിസ് ദാസിന് തിരികെ എഴുതി നല്കുന്നു.
ഡേവിഡിനെത്തിരക്കി മാൻസിംഗും ഗുണ്ടകളും മിസിസ് ദാസിൻ്റെ വീട്ടിലെത്തുന്നു. ഡേവിഡിനെ ഒരു ദിവസത്തിനുള്ളിൽ തൻ്റെ അടുത്ത് എത്തിച്ചില്ലെങ്കിൽ, കേസിൽ കുടുക്കുമെന്ന് മിസിസ് ദാസിനെ അയാൾ ഭീഷണിപ്പെടുത്തുന്നു.
മാൻസിംഗിൽ നിന്നു രക്ഷപ്പെടാൻ മിസിസ് ദാസ് ഡേവിഡിനെയും കൂട്ടി വയനാട്ടിലുള്ള സ്വന്തം എസ്റ്റേറ്റ് ബംഗ്ളാവിലേക്ക് പോകുന്നു. എന്നാൽ ഒരാൾ അവരറിയാതെ അവരെ പിന്തുടരുന്നു. രാത്രി ബംഗ്ലാവിൽ നിന്നു പുറത്തു പോകുന്ന ഡേവിഡിനെ ആക്രമിക്കാൻ അയാൾ കാത്തു നില്ക്കുന്നു. എന്നാൽ, ഒരു നാട്ടുകാരൻ ഡേവിഡിനൊപ്പം കൂടുന്നതിനാൽ അയാൾ ശ്രമം ഉപേക്ഷിക്കുന്നു. ആ രാത്രിയിൽ അതീവ സുന്ദരിയായ മിസിസ് ദാസ് ഡേവിഡിന് ലഹരി വിളമ്പുന്നു. തീക്ഷ്ണയൗവനം കത്തി നില്ക്കുന്ന അതീവ സുന്ദരിയായ മിസിസ് ദാസിനെ ഡേവിഡ് കയറിപ്പിടിക്കുന്നു. കുതറി മാറിയ അവർ ഡേവിഡിനെ കുറ്റപ്പെടുത്തുന്നു. തൻ്റെ തെറ്റിൽ പശ്ചാത്താപം തോന്നുന്ന ഡേവിഡ് സ്ഥലം വിടാനൊരുങ്ങുമ്പോൾ, അയാളെ തടയുന്ന മിസിസ് ദാസ് തൻ്റെ കഥ പറയുന്നു.
വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അവർക്ക് അതിസമ്പന്നനായ ഒരു വൃദ്ധനെ വിവാഹം കഴിക്കേണ്ടി വരുന്നു. എന്നാൽ അയാളുടെ ലക്ഷ്യം തൻ്റെ സുഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്ചവയ്ക്കുകയായിരുന്നു. ആദ്യരാത്രിയിൽ തന്നെ അയാളതു ചെയ്യുന്നു; തുടർന്നുള്ള രാത്രികളിലും. കാലങ്ങൾക്കു ശേഷം ഗർഭിണിയായപ്പോൾ, ഭർത്താവിൻ്റെ നിർബന്ധത്തിനു വഴങ്ങി ആ കുഞ്ഞിനെയും അവർക്ക് നശിപ്പിക്കേണ്ടി വരുന്നു.
മിസിസ് ദാസ് അപേക്ഷിച്ചതിനാൽ പോകാനുള്ള തീരുമാനം ഡേവിഡ് ഉപേക്ഷിക്കുന്നു. പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന, ആനിയുടെ കാമുകനെ യാദൃച്ഛികമായി കാണുന്ന ഡേവിഡ്, അയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ആനിയുടെ അടുത്തേക്കയയ്ക്കുന്നു. ഇതിനിടയിൽ, മാൻസിംഗ് ശിവശങ്കരനെ പിടികൂടി കൊല്ലുകയും ജയന്റെ കൈ തല്ലിയൊടിക്കുകയും ചെയ്യുന്നു.
മിസിസ് ദാസും ഡേവിഡും തിരികെ നാട്ടിലെത്തുമ്പോൾ ശിവശങ്കരനും ഡേവിഡിനും പറ്റിയതറിയുന്നു. അയാൾ മാൻസിംഗിനോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു.
Video & Shooting
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കൊഞ്ചി കൊഞ്ചി മൊഴിഞ്ഞതുംമലയമാരുതം |
ബിച്ചു തിരുമല | രവീന്ദ്രൻ | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
2 |
ഈണവും താളവുംശുദ്ധസാവേരി |
ബിച്ചു തിരുമല | രവീന്ദ്രൻ | കെ എസ് ചിത്ര |
3 |
എല്ലാം ഒരേ മനസ്സായ് |
ബിച്ചു തിരുമല | രവീന്ദ്രൻ | കെ ജെ യേശുദാസ്, കോറസ് |