കെ ജെ സെബാസ്റ്റ്യൻ

K J Sebastian

കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവ് സ്വദേശി. സ്കറിയാ ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകനായി 1953 ജനുവരി 31ന് ജനിച്ചു. ചെറുപ്പം തൊട്ടേ സെബാസ്റ്റ്യൻ കലാപരമായി താല്പര്യമുള്ള ആളായിരുന്നു. എസ് എസ് എൽ സി വിദ്യാഭ്യാസത്തിനു ശേഷം കലയോടും സിനിമയോടുമുള്ള അമിതമായ പ്രേമം കൊണ്ട്  പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു സിനിമാക്കാരുടെ തട്ടകമായ ചെന്നൈക്ക് വണ്ടി കയറി. മലയാള സിനിമ രംഗത്ത് മുൻ നിരയിലുള്ള സംവിധായകരുടെയും, നടന്മാരുടെയും അടുത്ത സുഹൃത്തായിരുന്ന സെബാസ്റ്റ്യൻ ഇവരിൽ പലരുടെയും സിനിമകളിൽ പിന്നണി സാന്നിധ്യമായിരുന്നു. കുഞ്ചാക്കോ, നവോദയ അപ്പച്ചൻ, ജിയോ കുട്ടപ്പൻ, വി പി സാരഥി തുടങ്ങിയവരാണ് സെബാസ്റ്റ്യന്റെ ഗുരുസ്ഥാനീയർ. കുഞ്ചാക്കോയുടെ ഉദയായിലൂടെ 1972 ജൂലൈ 28 ന് ഇറങ്ങിയ ഒരു സുന്ദരിയുടെ കഥ എന്ന പ്രേംനസീർ ചിത്രത്തിലൂടെയാണ് കാരിയിൽ സെബാസ്റ്റ്യൻ മലയാള സിനിമാലോകത്തേക്ക് തുടക്കമിടുന്നത്. കൂടാതെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, രജനിഗന്ധി, ആനപ്പാച്ചൻ, നാണയം, പാലോട്ടു കുഞ്ഞിക്കണ്ണൻ, തേനരുവി, താളം തെറ്റിയ താരാട്ട്, കോളേജ് ഗേൾ, തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ചെറിയ റോളുകളിൽ വേഷമിട്ടു.

പരസ്യരംഗത്തും ശ്രദ്ധേയൻ ആയിരുന്നു അടുപ്പമുള്ളവർക്കിടയിൽ സെബാൻ എന്ന് വിളിപ്പേരുള്ള സെബാസ്റ്റ്യൻ. മലയാള മനോരമയുടെ 1994-95 കാലഘട്ടത്തിലെ പരസ്യ കഥാപാത്രമായി ശ്രദ്ധ പിടിച്ചു പറ്റി.അതിന് ശേഷം തമ്പി കണ്ണന്താനം, കമൽ, ജോമോൻ, ഭദ്രൻ തുടങ്ങിയ സംവിധായകർക്കൊപ്പം നാടോടി, ഈ പുഴയും കടന്ന്, കർമ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ചുക്കാൻ എന്നീ സിനിമകളിൽ സഹസംവിധയകാനായും അല്ലാതെയും പ്രവർത്തിച്ചിരുന്നു. മലയാള മനോരമ, പോപ്പുലർ അപ്പളം, കെ എൽ എഫ് വെളിച്ചെണ്ണ തുടങ്ങിയ ബ്രാന്റുകളിലെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിൽ നാടകനടനായും അഭിനയിച്ചു.

2002 മാർച്ച് മാസത്തിൽ ഉണ്ടായ ഒരു ആക്സിഡന്റിനേത്തുടർന്ന് അദ്ദേഹത്തിന്റെ വലതുകാൽ നഷ്ടപെടുകയും, അതിനെ തുടർന്ന് അഭിനയ-കലാരംഗത്തോട് വിട പറയുകയും ചെയ്തു. മക്കൾ കിഷോർ, കവിത, കിരൺ എന്നിവരാണ്. മോളിയാണ് ഭാര്യ.

മകൻ കിരൺ ബാല-കൌമാര വേഷങ്ങളിൽ മലയാള സിനിമയിൽ സ്ഥിരം സാന്നിധ്യമായിരുന്നു.

കൌതുകങ്ങൾ : മോഹൻലാലിന്റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിംഗിനിടയിൽ ഒരേ ലോഡ്ജിൽ താമസിച്ച് ഒരേ മുറിയിൽ പരസ്പരം കമ്പനി കൂടിയിരുന്ന ആലുമ്മൂടനും സെബാനും മോഹൻലാലുമൊക്കെ അടുത്ത സൌഹൃദം പുലർത്തിയിരുന്നു. ഒരു ദിവസം മുറിയിൽ തലകറങ്ങി വീണ സെബാനെ തോളിൽ ചുമന്ന് താഴെ കാറിലേക്കും ആശുപത്രിയിലേക്കുമൊക്കെ എത്തിച്ച ലാലിന്റെ പ്രവർത്തിയും തുടർന്ന് പോവുന്ന സൌഹൃദവും കൌതുകകരമായ ഓർമ്മയായി സെബാസ്റ്റ്യൻ സൂക്ഷിക്കുന്നു. ജോമോനും കമലും സെബാനുമൊരുമിച്ചാണ് ദീർഘകാലം ചെന്നെയിൽ പല ഇടങ്ങളിലും സിനിമ സ്വപ്നം കണ്ട് താമസിച്ചിരുന്നത്. വിവാഹവും കുടുംബവുമൊക്കെയായി നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനായത് സെബാന്റെ കരിയറിൽ ചില നഷ്ടങ്ങളുണ്ടാക്കി എന്നും കരുതപ്പെടുന്നു.