കിരൺ സെബാസ്റ്റ്യൻ

Kiran Sebastian

കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവ് സ്വദേശി. സിനിമാ പ്രവർത്തകനായ കെ ജെ സെബാസ്റ്റ്യന്റെയും മോളിയുടെയും മൂന്ന് മക്കളിൽ ഇളയതായി 1981 ഡിസംബർ 19ന് ജനനം. കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നതിനാൽ സ്കൂളിംഗ്, കോളേജ് എന്നതൊക്കെ ചെന്നൈയിൽ നിന്ന് തന്നെ പൂർത്തിയാക്കി. മോണോ ആക്റ്റ്, മിമിക്രി, നാടകം തുടങ്ങിയ കലാ മത്സരങ്ങളിൽ പങ്കെടുത്ത് സ്കൂൾ തലത്തിൽ 1990ലെ സബ് ജില്ലാ കലാപ്രതിഭയായിരുന്നു. കടലോരക്കാറ്റ് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ ബാല്യം അവതരിപ്പിച്ച് കൊണ്ടാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് നക്ഷത്രക്കൂടാരം, ചുക്കാൻ, സ്ഫടികം,മഴയെത്തും മുമ്പേ,അഴകിയ രാവണൻ നിരവധി മലയാള സിനിമകളിൽ ബാലതാരമായി വേഷമിട്ടു.

കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും തുടർന്ന് കമ്പ്യൂട്ടർ പരിജ്ഞാനവും നേടിയ കിരൺ തുടർന്ന് ഖത്തറിൽ നിരവധി വർഷങ്ങൾ ജോലി ചെയ്തു. 2008ലെ ഒരു വെക്കേഷൻ കാലയളവിൽ വിനീത് ശ്രീനിവാസൻ നായകനായ സൈക്കിൾ എന്ന സിനിമയിൽ എ/സി മെക്കാനിക്കിന്റെ വേഷമിട്ടു. സിനിമ കൂടാതെ ബോയ്സ് എന്ന മലയാളം, ഫ്രണ്ട്ഷിപ്പെന്ന തമിഴ് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. എവി‌എമ്മിന്റെ ചിന്ന ചിന്ന ആശൈ എന്ന തമിഴ് സീരിയലും, സ്വന്തം മാളൂട്ടി എന്ന മലയാളം സീരിയലിലും വേഷമിട്ടിരുന്നു. ബ്രീസ്, മലയാള മനോരമ, പ്രീമിയർ ചപ്പത്സ് തുടങ്ങിയ ബ്രാന്റുകളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഭാര്യ പിങ്കിക്കും മൂന്ന് മക്കൾക്കുമൊപ്പം പാലായിൽ താമസിക്കുന്നു.  കിരണിന്റെ പിതാവ്  കെ ജെ സെബാസ്റ്റ്യൻ എന്ന സെബാൻ ദീർഘകാലം മലയാള സിനിമയിൽ അഭിനേതാവായും സഹസംവിധായകനായും പ്രവർത്തിച്ചിരുന്നു.