മീൻ
കഠിനാധ്വാനത്തിലൂടെ മത്സ്യവ്യവസായിയായ ഒരു മത്സ്യത്തൊഴിലാളിയും അയാൾക്ക് പഴയൊരു യാദൃച്ഛികബന്ധത്തിലുണ്ടായ മകനും തമ്മിലുള്ള സംഘർഷവും അതിൻ്റെ പരിണതിയുമാണ് ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
രാജൻ | |
കുര്യാക്കോസ് | |
ദേവൂട്ടി | |
സ്വാമി എന്ന വെങ്കിടസുബ്രഹ്മണ്യം | |
വർക്കി | |
ജോസ് | |
റോസ്ലിൻ | |
ഷേർളി | |
തരകൻ | |
ആന്റോ | |
പാപ്പി | |
സണ്ണി | |
മൂപ്പൻ | |
സാറ | |
മേരിയമ്മ | |
നാണു | |
വർക്കിയുടെ മകൻ | |
കുര്യാക്കോസിന്റെ തൊഴിലാളി | |
കൃഷ്ണൻ കുട്ടി |
Main Crew
കഥ സംഗ്രഹം
കൊല്ലം കടപ്പുറത്തെ കഠിനാധ്വാനിയായ മത്സ്യത്തൊഴിലാളിയാണ് കുര്യാക്കോസ്. പണിക്കൊന്നും പോകാത്ത ചേട്ടൻ വർക്കിയുടെ കുടുംബത്തിൻ്റെ കാര്യങ്ങൾ നോക്കി അവരോടൊപ്പമാണ് അയാളുടെ താമസം. സാറ എന്നൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലായ അയാൾ അവളെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു.
ഇൻഡോ-നോർവീജിയൻ പ്രൊജക്ടിൻ്റെ ഭാഗമായി കുര്യാക്കോസിന് ഒരു മത്സ്യബന്ധനബോട്ട് കിട്ടുന്നു. എന്നാൽ, അതിൽ കുര്യാക്കോസ് ബോട്ട് വാങ്ങിയത് തുറയിലെ മൂപ്പന് ഇഷ്ടമാകുന്നില്ല. മൂപ്പൻ്റെ വിലക്ക് കാരണം, കുര്യാക്കോസിനൊപ്പം ബോട്ടിൽ പോകാൻ ആരും തയാറാകുന്നില്ല. എന്നാൽ കുര്യാക്കോസിൻ്റെ സഹചാരിയായ പാപ്പി അയാൾക്കൊപ്പം പോവാൻ തയാറാവുന്നു. പക്ഷേ, അവർ കൊണ്ടുവന്ന മീൻ, മൂപ്പൻ്റെ, വിലക്കുകാരണം ആരും വാങ്ങാൻ തയാറാവുന്നില്ല. ഒരു രാത്രിയിൽ, മൂപ്പൻ്റെ ആൾക്കാർ കെട്ടുകയർ മുറിച്ച് ബോട്ട് കടലിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു. അവിടെയെത്തുന്ന കുര്യാക്കോസ് മൂപ്പൻ്റെ ആൾക്കാരെ അടിച്ചോടിച്ചിട്ട് മൂപ്പനെ താക്കീത് ചെയ്യുന്നു. മൂപ്പനെ പിണക്കിയെന്ന കാരണത്താൽ വർക്കിയും ഭാര്യയും കുര്യാക്കോസിനോട് വീടുവിട്ടുപോകാൻ പറയുന്നു. സാറയുടെ അമ്മയും അയാളെ ആട്ടിയകറ്റുന്നു. സാറയെ വിളിച്ചു കൊണ്ടു വന്നാൽ തൻ്റെ വീട്ടിൽ താമസിപ്പിക്കാം എന്ന് പാപ്പി പറഞ്ഞതനുസരിച്ച് രാത്രി സാറയെ വിളിക്കാൻ പോകുന്ന കുര്യാക്കോസ് വള്ളത്തിനു പിറകിൽ ആരുടെയോ അനക്കം കേൾക്കുന്നു. അടുത്തെത്തുന്ന അയാൾ ഒരാൾ ഓടിപ്പോകുന്നതു കാണുന്നു. പിന്നാലെ വേഴ്ച കഴിഞ്ഞ വേഷത്തിൽ എഴുന്നേറ്റു വരുന്ന സാറയേയും. ഞെട്ടിപ്പോയ അയാൾ സാറ പറയുന്നതു കേൾക്കാൻ നില്ക്കാതെ അവിടെ നിന്നു പോകുന്നു.
ലക്ഷ്യമില്ലാതെ ബോട്ടോടിച്ച് കുര്യാക്കോസും പാപ്പിയും കണ്ണൂരെത്തുന്നു. കുര്യാക്കോസിന് അവിടെ തൻ്റെ അപ്പൻ്റെ കൂട്ടുകാരനായിരുന്ന നാണു എന്നൊരു അരയനെ നേരത്തേ തന്നെ പരിചയമുണ്ട്. കുറെ ദിവസം കണ്ണൂരിൽ തങ്ങുന്ന കുര്യാക്കോസ് പാപ്പിയുടെ നിർബന്ധം കാരണം കൊല്ലത്തേക്ക് മടങ്ങാൻ തീരുമാനിക്കുന്നു. യാത്ര പറയാൻ നാണുവിൻ്റെ വീട്ടിലെത്തുമ്പോൾ അയാൾ മീൻപിടിക്കാൻ പോയിരിക്കുകയാണ്. തീക്ഷ്ണയൗവനത്തിൻ്റെ കാമനകൾ ശക്തമായ ഒരു നിമിഷത്തിൽ കുര്യാക്കോസും നാണുവിൻ്റെ മകൾ ദേവുവും പരസ്പരം പുണരുന്നു. അതൊരു വേഴ്ചയിലാണ് അവസാനിക്കുന്നത്. പിറ്റേന്നു രാവിലെ ദേവു അറിയുന്നത് നാണു കടൽ തീരത്ത് മരിച്ചുകിടക്കുന്ന വിവരമാണ്. കുര്യാക്കോസ് അപ്പോഴേക്കും കൊല്ലത്തേക്ക് പൊയ്ക്കഴിഞ്ഞിരുന്നു.
കുര്യാക്കോസും പാപ്പിയും കൊല്ലത്ത് മടങ്ങിയെത്തിയപ്പോൾ പുറംകടലിൽ മീനില്ലാത്ത വറുതിക്കാലമാണ്. അതോടെ കുര്യാക്കോസിൻ്റെ ബോട്ടിലെ മീനിന് ആവശ്യക്കാരേറുന്നു. ക്രമേണ അയാൾ കൂടുതൽ ബോട്ടുകൾ സ്വന്തമാക്കുന്നു. അതേസമയം, ഗർഭിണിയായ ദേവു കുര്യാക്കോസ് വരുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരിൽ കഴിയുന്നത്. അയാളെ കാണാത്തതിനാൽ അവൾ കൊല്ലത്തെത്തുന്നു. എന്നാൽ അയാളുടെ വിവാഹമാണെന്നറിഞ്ഞതോടെ അവൾ നിരാശയായി കണ്ണൂരിന് മടങ്ങുന്നു. അവൾ ഒരാൺകുട്ടിക്ക് ജന്മം നല്കുന്നു. പിഴച്ചുണ്ടായവൻ എന്ന ചീത്തപ്പേരിൽ മനംനൊന്ത്, അപമാനിതനായി രാജൻ എന്ന ആ ബാലൻ തുറയിൽ വളരുന്നു. കാലം പോകെ, കുര്യാക്കോസ്, കുര്യാക്കോസ് മുതലാളിയാവുന്നു. സഹോദരൻ വർക്കിയും ഭാര്യയും മകനും ചേർന്നാണ് അയാളുടെ ബിസിനസ് കൊണ്ടുപോകുന്നത്. മത്സ്യവ്യവസായം കൂടാതെ ബോട്ടുനിർമ്മാണക്കമ്പനിയുമുണ്ട് അയാൾക്ക്.
കുര്യാക്കോസിൻ്റെ മകളായ റോസ്ലിൻ പാട്ടുകാരനായ ജോസുമായി പ്രണയത്തിലാണ്. ഒരു ദിവസം രണ്ടു പേരെയും ഒരുമിച്ചു കാണുന്ന കുര്യാക്കോസ് അവരെയും കൂട്ടി ജോസിൻ്റെ വീട്ടിലെത്തുന്നു. വിവാഹം ഉറപ്പിക്കുക എന്നതാണ് അയാളുടെ ഉദ്ദേശ്യം. എന്നാൽ ജോസിൻ്റെ അമ്മയെക്കണ്ട കുര്യാക്കോസ് ഞെട്ടുന്നു. സാറയായിരുന്നു അത്. അയാൾ മകളെയും കൂട്ടി അവിടുന്നു പോകുന്നു. ജോസുമായുള്ള വിവാഹം നടക്കില്ലെന്ന് അയാൾ റോസ്ലിനോടു പറയുന്നു. ബോട്ടുപണിക്കുള്ള മരം ലാഭത്തിൽ കിട്ടുവാൻ കൂപ്പ് കോൺട്രാക്ടറായ തരകൻ കുര്യാക്കോസിനെ സഹായിക്കുന്നു. പ്രതിഫലമായി അയാൾ ആവശ്യപ്പെടുന്നത് റോസ്ലിനെ തൻ്റെ മകൻ സണ്ണിയുടെ ഭാര്യയാക്കണമെന്നതാണ്. അല്പം ഇഷ്ടക്കേേടോടെയാണെങ്കിലും കുര്യാക്കോസ് അതിനു സമ്മതിക്കുന്നു.
ഇതിനിടയിൽ, മുതിർന്ന യുവാവായ രാജൻ ഒരു തൊഴിലിനായി അലയുകയാണ്. പക്ഷേ പിഴച്ചുണ്ടായവനെ ആരും കടലിൽ പോകാൻ കൂട്ടുന്നില്ല. ഒരു ദിവസം അമ്മയിൽ നിന്ന് കുര്യാക്കോസാണ് തൻ്റെ അച്ഛനെന്ന് അറിയുന്ന അയാൾ കൊല്ലത്തേക്ക് പോകുന്നു. തൻ്റെ അമ്മയെ ചതിച്ചു കടന്നയാളെ നേരിടുക എന്നതാണ് അയാളുടെ ലക്ഷ്യം. കൊല്ലത്തെത്തിയ രാജന് ഒരു വള്ളത്തിൽ ജോലി കിട്ടുന്നു.
കടലിൽ ചാകര വരുന്നു. പതിവു തെറ്റിച്ച്, കുര്യാക്കോസറിയാതെ, വർക്കിയുടെ മകൻ പുറംകടലിൽ ബോട്ടിറക്കുന്നു. മത്സ്യത്തൊഴിലാളികളുടെ വലയ്ക്ക് കേടുപാടുകളുണ്ടായതിനെത്തുടർന്ന് രാജൻ്റെ നേതൃത്വത്തിൽ തൊഴിലാളികൾ ബോട്ടുകളെ ആക്രമിച്ചു കേടുവരുത്തുന്നു. അതിനു ബദലായി വർക്കിയുടെ മകൻ്റെ ഗുണ്ടകൾ മത്സ്യത്തൊഴിലാളികളെ ആക്രമിക്കുന്നു. വിവരം അറിഞ്ഞ കുര്യാക്കോസ് വർക്കിയോടും മകനോടും ദേഷ്യപ്പെടുന്നു. പിന്നീട്, തൊഴിലാളികൾക്ക് നഷ്ടപരിഹാരം നല്കി പ്രശ്നം പരിഹരിക്കുന്നു.
സണ്ണിയെ വിവാഹം കഴിക്കാൻ താനൊരുക്കമല്ലെന്ന് റോസ്ലിൻ കുര്യാക്കോസിനോട് പറയുന്നു. അയാൾക്കും ആ ബന്ധത്തിൽ നേരത്തേ തന്നെ താത്പര്യമില്ല. പിറ്റേന്ന് ഓഫീസിലേക്ക് വരുന്ന കുര്യാക്കോസ്, തൻ്റെ ഓഫീസിനു പുറത്തുള്ള റോഡിൽ രാജൻ കുടിൽ കെട്ടുന്നതു കാണുന്നു. അതു പൊളിച്ചു കളയാൻ തൻ്റെ തൊഴിലാളികളോട് പറഞ്ഞിട്ട് ഓഫീസിലെത്തുന്ന കുര്യാക്കോസ് വിവാഹത്തിൻ്റെ തീയതി നിശ്ചയിക്കാൻ വന്ന തരകനെക്കാണുന്നു. വിവാഹത്തിൽ നിന്നു പിൻമാറുകയാണെന്ന് കുര്യാക്കോസ് പറയുന്നതോടെ തരകൻ കോപാകുലനാകുന്നു. ഈ സമയത്ത്, കുടിൽ പൊളിക്കാൻ വന്നവരിൽ ഒരുത്തനെ രാജൻ മർദ്ദിച്ചവശനാക്കി ഓഫീസ് മുറിയിൽ കൊണ്ടു തള്ളുന്നു. താൻ അവിടെത്തന്നെ കുടിൽ കെട്ടുമെന്ന് പറഞ്ഞ് അയാൾ ഇറങ്ങിപ്പോകുന്നു. കുര്യാക്കോസിനെ ഭീഷണിപ്പെടുത്തി ഇറങ്ങിപ്പോകുന്ന രാജനെ കുര്യാക്കോസിനെ വെട്ടാനുള്ള കരുവാക്കാൻ തരകൻ തീരുമാനിക്കുന്നു.
തരകൻ്റെ നിർദ്ദേശപ്രകാരം രാജൻ കുര്യാക്കോസിൻ്റെ ബോട്ടിൽ വെള്ളിക്കട്ടികൾ രഹസ്യമായി ഒളിപ്പിച്ചിട്ട് പോലീസിനെ അറിയിക്കുന്നു. പാപ്പി ഓടിച്ചു പോകുന്ന ബോട്ട് തടഞ്ഞ് പൊലീസ് വെള്ളിക്കട്ടികൾ കണ്ടെടുക്കുന്നു; പാപ്പി അറസ്റ്റിലാകുന്നു. പാപ്പിയാണ് അതു ചെയ്തതെന്നു കരുതി കുര്യാക്കോസ് അവനെ പുറത്താക്കുന്നു. എന്നാലും മത്സ്യത്തൊഴിലാളികളുടെ മുന്നിൽ കുര്യാക്കോസ് അപമാനിതനാകുന്നു.
കോളജിൽ നിന്ന് വെക്കേഷന് നാട്ടിലെത്തുന്ന, തരകൻ്റെ മകൾ ഷെർളിയുമായി രാജൻ അടുക്കുന്നു. കൂപ്പ് ലേലത്തിന് കുര്യാക്കോസ് വിളിക്കുന്നതിൽ കൂടുതൽ തുക ഉയർത്തി വിളിച്ച് രാജൻ അയാളെ പ്രകോപിക്കുന്നു. വാശി കയറിയ കുര്യാക്കോസ് നഷ്ടം നോക്കാതെ വളരെ ഉയർന്ന വിലയ്ക്ക്, ലേലം പിടിക്കുന്നു. നഷ്ടം വരുത്തിയ ലേലം ഒഴിയാൻ വർക്കി പറഞ്ഞെങ്കിലും കുര്യാക്കോസ് വഴങ്ങുന്നില്ല. അതിനെത്തുടർന്ന് വർക്കിയും കുടുംബവും അയാളോട് തെറ്റി വീട്ടിൽ നിന്നിറങ്ങിപ്പോകുന്നു.
തൻ്റെ കുടുംബം തകരുന്നതു കണ്ട് നിസ്സഹായനായ കുര്യക്കോസിനെത്തേടി അതിലും വലിയ ദുരന്തങ്ങൾ വരാനുണ്ടായിരുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
സംഗീതമേ നിൻ പൂഞ്ചിറകിൽകീരവാണി |
യൂസഫലി കേച്ചേരി | ജി ദേവരാജൻ | കെ ജെ യേശുദാസ് |
2 |
ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേദർബാരികാനഡ |
യൂസഫലി കേച്ചേരി | ജി ദേവരാജൻ | കെ ജെ യേശുദാസ് |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery) | |
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ,പോസ്റ്റർ ഇമേജുകൾ (Gallery) |